മത്സ്യബന്ധന വള്ളങ്ങള്‍ കൂട്ടിയിടിച്ചു: മൂന്നുപേര്‍ക്ക് പരുക്ക്
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെ വെമ്പല്ലൂരില്‍ മത്സ്യ ബന്ധന വള്ളങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ മൂന്നു തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഒരു വള്ളം തകര്‍ന്നു.
പടിഞ്ഞാറെ വെമ്പല്ലൂരിന് ഒന്നര നോട്ടിക്കല്‍ മൈല്‍ അകലെ തീരക്കടലില്‍ ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. ശ്രീകൃഷ്ണ എന്ന നാടന്‍ വള്ളവും, ജലനിധി എന്ന ഫൈബര്‍ വള്ളവുമാണ് കൂട്ടിയിടിച്ചത്. ശ്രീകൃഷ്ണ വള്ളത്തിലെ തൊഴിലാളികളായ പടിഞ്ഞാറെ വെമ്പല്ലൂര്‍ കിഴക്കെ വളപ്പില്‍ ബാലന് (60) ബംഗാള്‍ സ്വദേശികളായ മോണ്ടു (35), അജിത്ദാസ് (40) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കൊടുങ്ങല്ലൂര്‍ ടി.കെ.എസ് പുരം മെഡികെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഴീക്കോട് നിന്നും 19 മത്സ്യ തൊഴിലാളികളുമായി മത്സ്യ ബന്ധനത്തിനു പോയ ശ്രീകൃഷ്ണ വള്ളവും, ഞാറക്കല്‍ നിന്ന് അന്‍പത് തൊഴിലാളികളുമായി പോയ ഇന്‍ ബേര്‍ഡ് എന്ജിന് വള്ളമായി ജലനിധിയും ശക്തമായ തിരയില്‍ പെട്ടാണ് അപകടമുണ്ടായത്.
അപകടത്തില്‍ ശ്രീകൃഷ്ണ വള്ളം ഏറെ കുറെ പൂര്‍ണ്ണമായും തകര്‍ന്നു. ശ്രീകൃഷ്ണ വള്ളത്തിലെ തൊഴിലാളികളെ ജലനിധി വള്ളത്തില്‍ തീരദേശ പൊലിസിന്റെ സഹായത്തോടെ കരയിലെത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."