ശിഥിലമാകുന്ന ദാമ്പത്യങ്ങള്‍
പെണ്‍കുട്ടികളുടെ വിവാഹപ്രായം കര്‍ശനമായി നടപ്പാക്കാന്‍ തുടങ്ങിയതോടെ അവര്‍ക്കും തുടര്‍വിദ്യാഭ്യാസത്തിന് കൂടുതല്‍ അവസരം കൈവന്നിരിക്കുന്നു. മിക്കവരും ഈ ചാന്‍സ് ഉപയോഗപ്പെടുത്തി വല്ലതും പഠിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. മാത്രമല്ല അവരുടെ ദാമ്പത്യത്തിന് ഒരളവോളം വിഘാതമായി വരുന്ന സ്ത്രീധനവും ഫലത്തില്‍ ഇല്ലാതായിരിക്കുന്നു. ഇതെല്ലാം നല്ല ലക്ഷണം തന്നെ. പക്ഷേ, തകരുന്ന ദാമ്പത്യങ്ങളുടെ എണ്ണം കണക്കിലേറെ ഉയര്‍ന്നുവരുന്ന ദുഃഖ സത്യവും പറയാതെ വയ്യ. ഇക്കാര്യത്തില്‍ വന്‍ സ്വാധീനം ചെലുത്തുന്നത് നമ്മുടെ വാര്‍ത്ത ഉപകരണങ്ങള്‍ തന്നെയാണ്. ഇതാ ചില ഉദാഹരണങ്ങള്‍.
നിക്കാഹ് കഴിഞ്ഞു വരന്‍ ഗള്‍ഫിലേക്ക് തിരിച്ചു. ഒരു സന്തോഷത്തിനുവേണ്ടി നവവധുവിന് മൊബൈല്‍ നല്‍കി. ഇനിയാണ് സംഗതികളുടെ താളം തെറ്റല്‍. എടീ ഞാന്‍ വിളിക്കുമ്പോള്‍ എല്ലാം നീ ബിസി ആണല്ലോ. ആര്‍ക്ക് ആണീ വിളി. നിങ്ങളും അങ്ങനെ തന്നെയാണ്. നിങ്ങള്‍ ആര്‍ക്കാണ് ഇങ്ങനെ വിളിക്കുന്നത്. അതോടെ തുടങ്ങി ആരോപണ പ്രത്യാരോപണങ്ങള്‍. ചുരുക്കിപ്പറയാമല്ലോ ഒരു ദിവസം കൊണ്ട് ദാമ്പത്യം അവസാനിച്ചു. ഇതൊരു അനുഭവം ആണെങ്കില്‍ ഇത്തരം സംഭവങ്ങള്‍ തുടരെ കേള്‍ക്കുന്നുണ്ട്. മാത്രമല്ല താന്‍ നല്‍കിയ മൊബൈലിലെ എല്ലാ ചലനങ്ങളും ഭര്‍ത്താവിന് അറിയാനുള്ള സംവിധാനങ്ങള്‍ ഒന്നും അറിയാന്‍ പറ്റാത്ത വിധം നിലവിലുണ്ട്.
ഇതൊരു വന്‍ ഭീഷണിയായി തുടരുകയാണ്. മൊബൈല്‍ വിലക്കിയതിന്റെ പേരില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം വരെ നടന്നിട്ടുണ്ട്. ഇതെല്ലാം കൗമാരത്തിലെ ചാപല്യങ്ങള്‍ ആണെന്ന് ധരിച്ചവര്‍ക്ക് തെറ്റി. ഒന്നും രണ്ടും കുട്ടികളുടെ മാതാക്കള്‍ വരെ ഇത്തരം കെണിയില്‍ പെട്ട അനുഭവങ്ങള്‍ നിരവധിപേര്‍ പറയുന്നുണ്ട്. ഇവിടെ നാം ഒരു വസ്തുത അംഗീകരിക്കേണ്ടതുണ്ട്. വിലക്കപ്പെട്ടതിനോടെല്ലാം ഒരു തരം പൈശാചിക അഭിനിവേശം മനുഷ്യരില്‍ സഹജമാണ്. മനുഷ്യ വര്‍ഗത്തിന്റെ ഉല്‍പത്തി ഘട്ടത്തില്‍ തന്നെ ഇതാണ് നാം കാണുന്നത്. സ്വര്‍ഗത്തില്‍ യഥേഷ്ടം അന്നപാനീയങ്ങള്‍ ലഭിച്ചിട്ടും വിലക്കപ്പെട്ട കനിയാണ് നമ്മുടെ മാതാപിതാക്കള്‍ തിന്നത്. അതിന് മുന്‍കൈയെടുത്തത് പെണ്ണായിരുന്നു എന്ന് മുസ്‌ലിം ഉദ്ധരിച്ച ഹദീസില്‍ കാണാം.
ഹവ്വാ ഇല്ലായിരുന്നെങ്കില്‍ ഒരു പെണ്ണും അവളുടെ ഭര്‍ത്താവിനെ വഞ്ചിക്കില്ലായിരുന്നു എന്നാണ് ഹദീസിന്റെ സാരം. നിങ്ങള്‍ക്ക് ഒരു പെണ്ണില്‍ മോഹം ഉദിച്ചാല്‍ സ്വന്തം ഭാര്യയെ പ്രാപിച്ചു കൊള്ളട്ടെ. അവര്‍ക്ക് ഉള്ളതെല്ലാം ഇവര്‍ക്കുമുണ്ട് എന്നാണ് നബിതിരുമേനിയുടെ ഉപദേശം. അണുകുടുംബത്തിലെ മുഷിപ്പിക്കുന്ന ഏകാന്തതയും താന്‍ പരിഗണിക്കപ്പെടുന്നില്ല എന്ന വേവലാതിയും ഇവിടെ വില്ലനായി വരുന്നുണ്ട്. ഇവിടെ ആധുനികയുഗത്തില്‍ മറ്റൊരു സങ്കീര്‍ണത കൂടിയുണ്ട്. മാനസികമായി അകന്നാല്‍ പോലും പിടിച്ചു വെക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത്. കാരണം വര്‍ഷങ്ങളോളം കോടതികളില്‍ അലയേണ്ടി വരും. അതിനാല്‍ തന്നെ ഇഷ്ടമില്ലാത്തവര്‍ ഒരുമിച്ച് കഴിയേണ്ടി വരുന്നു.
മുമ്പൊരിക്കല്‍ ശംസുല്‍ ഉലമ പണ്ട് നടത്തിയ ഒരു പ്രസ്താവന ഓര്‍മവരുന്നു. മാനസികമായി അകന്ന ദമ്പതിമാര്‍ കോടതിയെ പേടിച്ചു ഒരുമിച്ചു കഴിയും. ആ വീടുകളാണ് ദുന്‍യാവിലെ നരകം എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇവ്വിഷയവുമായി ഭര്‍ത്താക്കന്മാര്‍ കുറേക്കൂടി ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇസ്‌ലാമിന്റെ പ്രാരംഭ കാലങ്ങളില്‍ ഒരു ദുരാചാരം നിലവിലുണ്ടായിരുന്നു. അവര്‍ ഭാര്യയുമായി ലൈംഗിക ബന്ധം പുലര്‍ത്തില്ലെന്ന് ഭര്‍ത്താവ് ശപഥം ചെയ്യുന്നു. അതില്‍ പിടിച്ചുതൂങ്ങി അവളെ കഷ്ടപ്പെടുത്തുന്നു. ഇതിനെ വിശുദ്ധഖുര്‍ആന്‍ നിയന്ത്രിച്ചു. അങ്ങനെ ശപഥം ചെയ്യുന്നവര്‍ക്ക് നാലുമാസം വരെ താമസം നല്‍കണമെന്നും അതിനുശേഷം ആ ശപഥം ലംഘിച്ച് ബന്ധം പുനഃസ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം ത്വലാഖ് ചൊല്ലണം എന്നും ഖുര്‍ആന്‍ കല്‍പിച്ചു. ഇന്നും ശരീഅത്ത് കോടതികളില്‍ ഈ നിയമം ആണ് നിലവിലുള്ളത്. ഇത് പറയുമ്പോള്‍ ഒരു കാര്യം സൂചിപ്പിക്കട്ടെ. നാല് മാസം എന്നത് പലതിലും പരിഗണിക്കുന്നതായി കാണുന്നു.
ഉദാഹരണം ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ നിശ്ചിത കാലം ഇദ്ദ ഇരിക്കേണ്ടത് നാലുമാസവും പത്ത് ദിവസവും ആണ്. സ്ത്രീയുടെ ഉദരത്തിലുള്ള ഭ്രൂണം പൂര്‍ണവളര്‍ച്ച പ്രാപിക്കുന്ന സമയം നാലു മാസം കൊണ്ടാണ്. ഉമര്‍ ഫാറൂഖ് തന്റെ സൈനികരോട് നാലുമാസം കഴിഞ്ഞാല്‍ തിരിച്ച് വരണം എന്ന് കല്‍പ്പിച്ചിരുന്നു. ഇവിടെയെല്ലാം ഉള്ള യുക്തി ലൈംഗിക ശാസ്ത്ര വിശാരദര്‍ക്ക് വിടുകയാണ്. അവര്‍ പഠിക്കട്ടെ. വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവരും തുടങ്ങിയവരും എല്ലാം ഒരു മുന്നൊരുക്കം ആര്‍ജിക്കേണ്ടത് അനിവാര്യമാണ്. വിലക്കപ്പെട്ടതിനോടുള്ള ആസക്തി ഈ രംഗത്ത് മാത്രം പരിമിതമല്ല. ചായ, ഹോര്‍ലിക്‌സ് അടക്കമുള്ള നിരവധി പാനീയങ്ങള്‍ നമുക്ക് കുടിക്കാവുന്നതാണ്. പക്ഷേ വിലക്കപ്പെട്ട മദ്യത്തോട് ആണ് മനുഷ്യനെ താല്‍പര്യം.
സുന്ദരിയായ തന്റെ ഇണയെ അവഗണിച്ച് അന്യന്റെ ഭാര്യയെ ആസ്വദിക്കുന്നവര്‍ ഓര്‍ക്കുക. വിലക്ക് ഇല്ലെങ്കില്‍ അവളും നിനക്ക് വേണ്ടാത്തവര്‍ ആയി മാറും. ഒരിക്കല്‍ ഒരു സുഹൃത്ത് പറഞ്ഞ തമാശ ഓര്‍മവരുന്നു. ഞാന്‍ ഇവളുമായി ബസില്‍ കയറുമ്പോള്‍ എല്ലാവരും നോക്കുന്നത് കാണാം. എനിക്കങ്ങനെ തോന്നുകയുമില്ല. ഇദ്ദേഹം വിട്ടു പോയ ഒരു കാര്യമുണ്ട്. താന്‍ മറ്റുള്ളവരുടെ ഭാര്യയെ നോക്കുന്നുണ്ട് എന്ന കാര്യം.
സത്യവിശ്വാസികളോട് വിശുദ്ധ ഖുര്‍ആന്‍ നിര്‍ദേശിച്ച ഒരു പ്രാര്‍ഥന ഈ സന്ദര്‍ഭത്തില്‍ സ്മരിക്കാവുന്നതാണ്. നാഥാ ഞങ്ങളുടെ ഇണകളില്‍ നിന്നും സന്താനങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് കണ്‍കുളിര്‍മ നല്‍കേണമേ എന്നാണ് പ്രാര്‍ഥന. ശിഥിലമായ കുടുംബസാഹചര്യത്തില്‍ ഏറെ അവസരോചിതമായ പ്രാര്‍ഥന എന്നാരും സമ്മതിക്കാതിരിക്കില്ല. മങ്കമാരെ രംഗത്തിറക്കാന്‍ മുറവിളി കൂട്ടിയ ഉല്‍പതിഷ്ണുക്കള്‍ ഇന്നും ഖേദിക്കുന്നു എന്നതാണ് വസ്തുത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."