ഡ്രൈവര്‍മാരുടെ കൂട്ട പിരിച്ചുവിടല്‍: സര്‍വിസുകള്‍ താളംതെറ്റി
തിരുവനന്തപുരം: താല്‍ക്കാലിക ഡ്രൈവര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിട്ട സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ താളം തെറ്റുന്നു. ഡ്രൈവര്‍മാരില്ലാത്തതിനാല്‍ ഇന്നലെ മാത്രം 1140 സര്‍വിസുകളാണ് സംസ്ഥാനത്ത് റദ്ദാക്കിയത്.
ഡ്രൈവര്‍മാരെ പിരിച്ചുവിടല്‍ നടപടികള്‍ ആരംഭിച്ച ബുധനാഴ്ച മാത്രം 1176 ഷെഡ്യൂളുകളാണ് റദ്ദാക്കിയത്. നിലവില്‍ സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ്, ഡീലക്‌സ് സര്‍വിസുകള്‍ മാത്രമാണ് കൃത്യമായും സര്‍വിസ് നടത്തുന്നത്.
ഓര്‍ഡിനറി സര്‍വിസുകളില്‍ ഏറെയും നിര്‍ത്തലാക്കി. ഇന്നും കൂടുതല്‍ സര്‍വിസുകള്‍ റദ്ദാക്കേണ്ടി വരുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട സോണുകളില്‍ 1610 ഷെഡ്യൂളുകളും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ 1527 ഷെഡ്യൂളുകളും മലബാര്‍ മേഖലകളില്‍ 1035 ഷെഡ്യൂളുകളുമാണ് ഇന്നലെ ഓപ്പറേറ്റ് ചെയ്തത്. ബംഗളുരുവില്‍നിന്ന് പുറപ്പടേണ്ട ബസുകളും മുന്നറിയിപ്പില്ലാതെ മുടങ്ങിയതോടെ ഓണ്‍ലൈന്‍ മുഖേന ടിക്കറ്റെടുത്തവരും വഴിയിലായി.
ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ 2320 താല്‍കാലിക ഡ്രൈവര്‍മാരെയാണ് കഴിഞ്ഞദിവസങ്ങളിലായി പിരിച്ചുവിട്ടത്. ഇന്നലെ ഇവരുടെ പിരിച്ചുവിടല്‍ പൂര്‍ത്തിയായതോടെ സര്‍വിസുകള്‍ കൂട്ടത്തോടെ റദ്ദാക്കുകയല്ലാതെ കോര്‍പ്പറേഷന് മറ്റുവഴികളില്ലാതെയായി.
ഡ്രൈവര്‍മാരുടെ കൂട്ടപിരിച്ചുവിടല്‍ സര്‍വിസുകളെ ബാധിച്ചെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പ്രതിസന്ധി ഹൈക്കോടതിയെ അറിയിക്കുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."