കേരളം കൂടെയുണ്ട്; അഗ്നിവേശിന് പിന്തുണയുമായി നേതാക്കള്‍
തിരുവനന്തപുരം: പൂജപ്പുര നവരാത്രിയാഘോഷത്തോടനുബന്ധിച്ച് പൊതുപരിപാടിക്കെത്തിയ സ്വാമി അഗ്നിവേശിനെ കൈയേറ്റം നടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സാംസ്കാരിക കേരളം. സംഭവത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ സ്വാമിയെ പിന്തുണച്ച് രംഗത്തെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ തൈക്കാട് ഗസ്റ്റ് ഹൗസിലെത്തി സ്വാമി അഗ്നിവേശിന്റെ 'വസുധൈവ കുടുംബകം' പരിപാടിക്ക് തന്റെ പൂര്‍ണ പിന്തുണ അറിയിച്ചു.
കൈയേറ്റ ശ്രമത്തെ ചെന്നിത്തല അപലപിച്ചു. രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കാന്‍ പ്രയത്നിക്കുന്ന വ്യക്തിത്വമായ സ്വാമി അഗ്നിവേശിനെതിരായ അക്രമം ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ പോയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി തുടങ്ങിയവര്‍ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചതായി സ്വാമി അഗ്നിവേശ് പറഞ്ഞു. ഡി.വൈ.എഫ്.ഐ നേതാക്കളും സ്വാമി അഗ്നിവേശിനെ സന്ദര്‍ശിച്ചു. താന്‍ ഹിന്ദുവല്ലെന്ന് ആരോപിച്ചാണ് തനിക്കെതിരെ ആര്.എസ്.എസ് ആക്രമണം അഴിച്ചുവിടുന്നതെന്ന് സ്വാമി അഗ്നിവേശ് പറഞ്ഞു. ആക്രമണങ്ങളില്‍ ബി.ജെ.പി ഒഴികെ മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രതികരിച്ചതായും തൈക്കാട് ഗസ്റ്റ് ഹൗസില്‍വച്ച് പ്രതിപക്ഷനേതാവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം പറഞ്ഞു.
അതേസമയം സ്വാമി അഗ്നിവേശിനെതിരേ കൈയേറ്റം നടത്തിയത് ആരാണെന്ന് അറിയില്ലെന്ന് ബി.ജെ.പി വക്താവ് എം.എസ് കുമാര്‍ ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി. വിഴിഞ്ഞം ചപ്പാത്ത് ശാന്തിഗ്രാമില്‍ ഇന്നലെ നടന്ന ചടങ്ങില്‍ ജേക്കബ് വടക്കാഞ്ചേരിയുടെ പ്രഭാഷണ പരമ്പര സ്വാമി അഗ്നിവേശ് ഉദ്ഘാടനം ചെയ്തു. വലിയ പൊലിസ് സംരക്ഷണം ഒരുക്കിയിരുന്നെങ്കിലും ശാന്തിഗ്രാമില്‍ പ്രതിഷേധക്കാര്‍ എത്തിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."