കാലവര്‍ഷം മൂന്നാഴ്ച പിന്നിട്ടു; ജലനിരപ്പ് ഉയരാതെ അണക്കെട്ടുകള്‍
തൊടുപുഴ: കാലവര്‍ഷം മൂന്നാഴ്ച പിന്നിടുമ്പോള്‍ ജലനിരപ്പ് ഒരടിപോലും ഉയരാതെ സംസ്ഥാനത്തെ അണക്കെട്ടുകള്‍. ജൂണ്‍ ഒന്നിന് അണക്കെട്ടുകളില്‍ ഉണ്ടായിരുന്ന ജലശേഖരത്തിലും കുറവാണ് ഇപ്പോള്‍ ഉള്ളത്. 499.69 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ജൂണ്‍ ഒന്നിന് അണക്കെട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇന്നലത്തെ കണക്കനുസരിച്ചു ശേഷിക്കുന്നത് 491.84 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമാണ്. കഴിഞ്ഞവര്‍ഷം ഇതേ ദിവസത്തേക്കാള്‍ 422.49 ദശലക്ഷം യൂനിറ്റിന്റെ കുറവ്. മേയ് അവസാന വാരത്തോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷം എത്തിയത്.
രണ്ടു ദിവസമായി പ്രധാന അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ ഒരു തുള്ളി മഴ പെയ്തിട്ടില്ല. മഴ മാറി നില്‍ക്കുന്നതിനാല്‍ വൈദ്യുതി ഉപഭോഗവും ഉയരുകയാണ്. ഇടമലയാര്‍(2.4 മി.മീ), കുറ്റ്യാടി(12 മി.മീ), പൊരിങ്ങല്‍(2.5 മി.മീ) എന്നിവിടങ്ങളില്‍ മാത്രമാണ് ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ ചെറിയ മഴ പെയ്തത്.
ഏറ്റവും വലിയ പദ്ധതിയായ ഇടുക്കി അണക്കെട്ടിന്റെ സ്ഥിതി ഏറെ ദയനീയമാണ്. ജൂണ്‍ ഒന്നിന് 2300.87 അടിയായിരുന്നു ജലനിരപ്പെങ്കില്‍ ഇന്നലത്തെ ജലനിരപ്പ് 2300.48 അടിയാണ്. ഇത് സംഭരണശേഷിയുടെ 10.56 ശതമാനമാണ്. 2280 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ ഡെഡ് സ്റ്റോറേജ് ലെവല്‍. ഷോളയാര്‍, പൊന്മുടി, ആനയിറങ്കല്‍, കക്കി അണക്കെട്ടുകള്‍ ഏതാണ്ട് വറ്റി. പമ്പ 12 ശതമാനം, ഇടമലയാര്‍ 16, കുണ്ടള 13, മാട്ടുപ്പെട്ടി 20, കുറ്റ്യാടി 45, തര്യോട് 14, നേര്യമംഗലം 42, പൊരിങ്ങല്‍ 34, ലോവര്‍ പെരിയാര്‍ 64 ശതമാനം എന്നിങ്ങനെയാണ് മറ്റ് അണക്കെട്ടുകളിലെ ജലനിരപ്പ്. ഈ സ്ഥിതി തുടര്‍ന്നാല്‍ ദിവസങ്ങള്‍ക്കകം പല ജലവൈദ്യുതി പദ്ധതികളും നിര്‍ത്തിവയ്‌ക്കേണ്ടി വരും. 67.74 ദശലക്ഷം യൂനിറ്റായിരുന്നു സംസ്ഥാനത്തെ ഇന്നലത്തെ വൈദ്യുതി ഉപഭോഗം. ഇതില്‍ 52.34 ദശലക്ഷം യൂനിറ്റ് പുറത്തുനിന്ന് എത്തിച്ചു. 15.39 ദശലക്ഷം യൂനിറ്റായിരുന്നു ആഭ്യന്തര ഉല്‍പാദനം.
ജൂണ്‍ ഒന്നിന് തന്നെ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്നായിരുന്നു കെ.എസ്.ഇ.ബി യുടെ കണക്കുകൂട്ടല്‍. ഇക്കുറി അധിക മഴ ലഭിക്കുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.
അഞ്ചു ദിവസത്തിനു ശേഷം മഴ ശക്തിപ്പെടും
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അധികൃതര്‍. ന്യൂനമര്‍ദത്തിന്റെ ദിശ മാറിയതാണു കാരണം. 20 മുതല്‍ 25 മില്ലിമീറ്റര്‍ മഴ കിട്ടേണ്ട സ്ഥാനത്ത് അഞ്ചുമുതല്‍ 10 വരെയായി താഴ്ന്നിട്ടുണ്ട്. അഞ്ചു ദിവസത്തിനു ശേഷം കാലവര്‍ഷം വീണ്ടും ശക്തി പ്രാപിക്കുമെന്നാണു പ്രതീക്ഷയെന്നും അധികൃതര്‍ പറയുന്നു. ഇന്നു മുതല്‍ 22 വരെ കേരളത്തിലും ലക്ഷദ്വീപിലും ചിലയിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ട്. അതേസമയം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ മഴ ഇത്തവണ ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."