കണ്ണൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പരിഗണനയിലെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: കണ്ണൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് സ്ഥാപിക്കല്‍ പരിഗണനയിലെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. നിര്‍ദേശം ഹജ്ജ് കമ്മിറ്റിയും എയര്‍ ഇന്ത്യയും പരിശോധിക്കും. അതേസമയം അടുത്ത ഹജ്ജ് സീസണിന് മുന്‍പ് കണ്ണൂരില്‍ തീരുമാനം ഉണ്ടാകാനുള്ള സാധ്യത കുറവെന്ന് ന്യൂനപക്ഷ കാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. അടുത്ത വര്‍ഷത്തെ തീര്‍ഥാടനത്തിനുള്ള അപേക്ഷകള്‍ ഈ മാസം 10 മുതല്‍ സ്വീകരിച്ച് തുടങ്ങും.
കൊച്ചിക്കും കോഴിക്കോടിനും പുറമേ കണ്ണൂര്‍ വിമാനത്താവളത്തിലും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് സ്ഥാപിക്കണമെന്ന ആവശ്യം ഇന്നലെ ചേര്‍ന്ന ഹജ്ജ് അവലോകന യോഗം ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ ഹജ്ജ് കമ്മിറ്റിയുടെയും എയര്‍ ഇന്ത്യയുടെയും അഭിപ്രായം ആരായാന്‍ മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കേരളത്തില്‍ ഇനിയൊരു പുറപ്പെടല്‍ കേന്ദ്രം വേണമോയെന്ന് പരിശോധിക്കണം. അതിന് ശേഷം മാത്രമേ തീരുമാനം എടുക്കുവെന്ന് നഖ്‌വി പറഞ്ഞു. തീരുമാനത്തിനുള്ള സമയ പരിധി വ്യക്തമാക്കാന്‍ മന്ത്രി തയാറായില്ല.
കണ്ണൂരിന് സമീപം കോഴിക്കോടും മംഗളൂരുവിലും നിലവിലെ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളാണ്. അതിനാല്‍ കണ്ണൂരിന്റെ കാര്യത്തില്‍ കൂടുതല്‍ പരിശോധന വേണമെന്ന് മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആന്ധ്രാ പ്രദേശില്‍ വിജയവാഡയില്‍ പുതിയ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് അനുവദിക്കാന്‍ അവലോകന യോഗം തീരുമാനിച്ചു. അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള അപേക്ഷ ഈ മാസം 10 മുതല്‍ നവംബര്‍ 10 വരെ സ്വീകരിക്കും. ഹജ്ജ് തീര്‍ഥാടനം പൂര്‍ണമായും ഡിജിറ്റലാകുമെന്നും മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് രണ്ട് ലക്ഷം പേര്‍ ഹജ്ജിന് പോയി. ഇതില്‍ 48 ശതമാനം സ്ത്രീകളായിരുന്നു. അടുത്ത വര്‍ഷത്തെ ഹജ്ജ് കോട്ട സംബന്ധിച്ച് സഊദിയുമായി കരാറിലെത്തുമ്പോഴെ അറിയാന്‍ കഴിയുവെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."