മഹാരാഷ്ട്ര: മുതിര്‍ന്ന നേതാക്കള്‍ക്ക് സീറ്റില്ല; ബി.ജെ.പിയില്‍ ഭിന്നത
മുംബൈ: ഈ മാസം 21ന് നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കള്‍ സ്ഥാനാര്‍ഥിപട്ടികയില്‍ നിന്ന് പുറത്ത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിമാരായ എക്നാഥ് ഖാദ്സ, പ്രകാശ് മെഹ്ത, മന്ത്രി വിനോദ് ത്വവ്ദ എന്നിവര്‍ക്കാണ് പട്ടികയില്‍ ഇടം കിട്ടാതായത്. കൂടാതെ സീറ്റ് മാറ്റി മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരേ എതിര്‍പ്പുമായി സംസ്ഥാന മന്ത്രി ചന്ദ്രകാന്ത് ബാവങ്കുല രംഗത്തെത്തി. പാര്‍ട്ടി തീരുമാനം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മുംബൈ ബി.ജെ.പി മുന്‍ പ്രസിഡന്റ് രാജ് പുരോഹിതും പാര്‍ട്ടിയെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തി. രാജ് പുരോഹിതിന് സീറ്റ് നല്‍കാതെ എന്‍.സി.പിയില്‍ നിന്ന് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന രാഹുല്‍ നര്വേകറിനെ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനാണ് അദ്ദേഹം എതിര്‍പ്പ് ഉന്നയിച്ചത്.
അതിനിടെ മുതിര്‍ന്ന നേതാവ് എക്നാഥിന് സീറ്റ് നിഷേധിച്ചതില്‍ ബി.ജെ.പി പ്രവര്‍ത്തകരെ ഞെട്ടിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കഴിഞ്ഞാല്‍ അടുത്ത മുതിര്‍ന്ന നേതാവാണ് എക്നാഥ്. മുക്ത്യാര്‍ മണ്ഡലത്തില്‍ എക്നാഥിന് പകരമായി അദ്ദേഹത്തിന്റെ മകളെയാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-ശിവസേന സഖ്യത്തിന്റെ സീറ്റ് പങ്കിടലില്‍ അന്തിമ തീരുമാനമായി. ആകെയുള്ള 288 സീറ്റില്‍ ചെറുകക്ഷികളോടൊപ്പം ബി.ജെ.പി 164 സീറ്റില്‍ മത്സരിക്കും. ഉദ്ധവ് താക്കറെ നേതൃത്വം നല്കുന്ന ശിവസേനക്ക് 124 സീറ്റുകളാണ് അനുവദിച്ചത്. ശിവസേന, ബി.ജെ.പി സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."