ബുദ്ഗാമില്‍ ഹെലികോപ്റ്റര്‍ വെടിവച്ചിട്ടത് അബദ്ധത്തിലെന്ന് വ്യോമസേന
മുംബൈ: പാകിസ്താനിലെ ബാലാകോട്ടില്‍ ഭീകര താവളങ്ങള്‍ക്കുനേരെ ആക്രമണം നടത്തിയതിന് പിന്നാലെ ബുദ്ഗാമില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ വെടിവച്ചിട്ടത് അബദ്ധത്തിലെന്ന് എയര്‍ ചീഫ് രാകേഷ് കുമാര്‍ ബദൗരിയ.
കഴിഞ്ഞ ഫെബ്രുവരി 27നാണ് എം.ഐ-17 വ്യോമസേനാ ഹെലികോപ്റ്റര്‍ അബദ്ധത്തില്‍ വെടിവച്ചിട്ടത്.
വ്യോമ സേനയുടെ ഭാഗത്തുനിന്നുണ്ടായത് വലിയ തെറ്റാണെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ഹെലികോപ്റ്റര്‍ അപകടത്തില്‍ ആറ് വ്യോമ സേനാ ഉദ്യോഗസ്ഥര്‍ മരിച്ചിരുന്നു.
ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് എയര്‍ ചീഫ് വ്യോമസേനയുടെ ഭാഗത്തുനിന്നുണ്ടായത് വലിയ തെറ്റാണെന്ന് വ്യക്തമാക്കിയത്. സംഭവത്തെ കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. വ്യോമസേനയ്ക്ക് സംഭവിച്ച എറ്റവും വലിയ തെറ്റാണിത്. സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തതായും അദ്ദേഹം അറിയിച്ചു.
വ്യോമസേനയുടെ ഭാഗത്തുണ്ടായത് വലിയ തെറ്റാണെന്ന് അംഗീകരിക്കുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും രാകേഷ് കുമാര്‍ അറിയിച്ചു.
ഇന്ത്യ-പാക് സൈന്യങ്ങള്‍ തമ്മില്‍ ചെറിയ രീതിയില്‍ വ്യോമയുദ്ധം നടത്തുന്നതിനിടയിലാണ് അബദ്ധത്തില്‍ സ്വന്തം ഹെലികോപ്റ്റര്‍ വ്യോമ സേന വെടിവച്ചിട്ടത്. ബാലാകോട്ടിലെ ജെയ്‌ഷെ താവളത്തിനു നേരെ മിന്നലാക്രമണം നടത്തി ഒരു ദിവസത്തിനു ശേഷമാണ് പാക് സൈന്യം ഇന്ത്യയിലേക്ക് യുദ്ധ വിമാനം അയച്ച് ആക്രമണത്തിന് തയാറായത്. എന്നാല്‍ ഇതിനെ ശക്തമായി പ്രതികരിക്കുന്നതിനിടയിലാണ് സ്വന്തം ഹെലികോപ്റ്ററിനെ മിസൈല്‍ ഉപയോഗിച്ച് വ്യോമസേന വീഴ്ത്തിയത്.
വാര്‍ത്താസമ്മേളനത്തില്‍ ബാലാകോട്ട് ആക്രമണത്തിന്റെ പ്രമോ വിഡിയോയും വ്യോമസേന പുറത്തുവിട്ടു.
യുദ്ധവിമാനങ്ങള്‍ വ്യോമസേനാ താവളത്തില്‍ നിന്ന് പറന്നുയരുന്നതും ഭീകര താവളങ്ങള്‍ക്കുനേരെ മിസൈല്‍ പ്രയോഗിക്കുന്നതും വിഡിയോയില്‍ ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."