വരിക്കപ്ലാവല്ല; ചന്ദ്രുവിന് കൂട്ടായി സുഗിതയെത്തി
വിനയന്‍ പിലിക്കോട്
ചെറുവത്തൂര്‍: 'ഞാന്‍ വരിക്കപ്ലാവിനെ വരിക്കുന്നുവെന്ന' ആ ക്ഷണക്കത്ത് ഇപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പെണ്‍കുട്ടികളുടെ നിബന്ധനകള്‍ക്കുചേര്‍ന്ന വരനാകാന്‍ സാധിക്കാത്തതിനാല്‍ വരിക്കപ്ലാവിനെ വധുവായി കണ്ട് ആക്ഷേപഹാസ്യം നിറഞ്ഞ ക്ഷണക്കത്ത് തയാറാക്കി ശ്രദ്ധേയനായത് ചന്ദ്രു വെള്ളരിക്കുണ്ട് എന്ന ചെറുപ്പക്കാരനായിരുന്നു. എന്നാല്‍ കത്ത് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്ത് ഒരു വര്‍ഷം തികയുന്ന അതേ ദിനത്തില്‍ ചന്ദ്രു വിവാഹിതനായി.
കത്തില്‍ പറയും പോലെ വധു വരിക്കപ്ലാവല്ല. പാലക്കാട് പുതുശ്ശേരിയിലെ സുഗിതയാണ്. ഡിമാന്റുകള്‍ ഇല്ലാതെ മുന്നോട്ടുവന്ന സുഗിതയെ കഴിഞ്ഞ നാലാം തിയതി ചന്ദ്രു ജീവിതസഖിയാക്കി. സര്‍ക്കാര്‍ ഉദ്യോഗം മുതല്‍ ബാങ്ക് ബാലന്‍സ് വരെയുള്ള നിബന്ധനകള്‍ കാരണം 'പുരനിറഞ്ഞു നില്‍ക്കുന്ന പുരുഷന്മാരുടെ പ്രതിനിധിയായാണ് ഇങ്ങനെ ഒരു കത്ത് ചന്ദ്രു തയാറാക്കിയത്.
ആയിരക്കണക്കിന് ലൈക്കുകളും ഷെയറുകളുമായി ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലായതോടെ ഈ ചെറുപ്പക്കാരന്‍ വലിയ മാധ്യമ ശ്രദ്ധനേടി. ഇതോടെ വിവാഹം പ്രതിസന്ധിയിലായ യുവാക്കളുടെ ഒത്തുചേരലും ചിലയിടങ്ങളില്‍ നടന്നു. വധൂഗൃഹത്തില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങിലായിരുന്നു കാസര്‍കോട് വിഷന്‍ കാമറമാനായ ചന്ദ്രുവിന്റെ വിവാഹം. തന്റെ വിവാഹ വാര്‍ത്ത ചന്ദ്രു പോസ്റ്റ് ചെയ്തതോടെ അതും വൈറലായി.
'സര്‍ക്കാര്‍ ഉദ്യോഗമോ അഞ്ചക്ക ശമ്പളമോ
ബാങ്ക് ബാലന്‍സോ എന്റെ
നിറമോ ജാതിയോ ജാതകമോ ചോദിച്ചില്ല.
പ്രായമോ പത്തിലെട്ടു പൊരുത്തമോ ചോദിച്ചില്ല,
ചേര്‍ന്ന കോഴ്‌സുകളോ കിട്ടിയ ഡിഗ്രികളെക്കുറിച്ചോ ചോദിച്ചില്ല,
പട്ടുസാരിയോ സ്വര്‍ണ്ണത്തൂക്കമോ ചോദിച്ചില്ല...
ഒരേയൊരു ഡിമാന്‍ഡ് മാത്രം
ഒരു മഴു പോലും വീഴാതെ അവസാനം വരെ തുണയാകണം..'
എന്നിങ്ങനെയായിരുന്നു ചന്ദ്രു തന്റെ നേരത്തെ വരിക്കപ്ലാവിനെ കുറിച്ച് ഇറക്കിയ കത്ത്.
ഇത് സോഷ്യല്‍മീഡിയയില്‍ പിന്നീട് വൈറലായി മാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."