ചാലിശ്ശേരിയിലേക്ക് ചികിത്സതേടി എത്തുന്നവര്‍ക്ക് നല്ല ക്ഷമ വേണം
ആനക്കര: ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ചികിത്സ തേടി എത്തുന്നവര്‍ നല്ലക്ഷമയുള്ളവരാണെങ്കില്‍ മാത്രമെ ഇവിടെ കാത്തിരിക്കേണ്ടതുളളു. ചികിത്സതേടി എത്തുന്ന ആള്‍ക്ക് അന്നത്തെ ദിവസം വേറെ കാര്യമൊന്നും നടക്കില്ല. പത്ത് മണിയോടെ എത്തിയാല്‍ തന്നെ പലപ്പോഴും ഉച്ചക്കഴിഞ്ഞേ മടങ്ങാന്‍ കഴിയു. ഡോക്ടറെ കാത്തിരിക്കുന്നത് പോട്ടെ അതിന് ശേഷം മരുന്നിനുവേണ്ടിയുളള കാത്തിരിപ്പാണ് സഹിക്കാന്‍ കഴിയാത്തതെന്ന് നാട്ടുകാര്‍ പറയുന്നു.
ഡോക്ടറെ കാണുന്നതിന് വരിനിന്നാല്‍ മാത്രം പോര. മരുന്നിന്റെ ക്യൂവാണ് മീറ്ററുകള്‍ നീളുന്നത്. ഇതിനിടയില്‍ മഴ കൂടി എത്തിയാല്‍ കഴിഞ്ഞു പണി. പടിഞ്ഞാറന്‍ മേഖല മഴക്കാലരോഗങ്ങളും പകര്‍ച്ചപ്പനിയും ബാധിച്ചവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. പ്രതിദിനം 300 മുതല്‍ 500 വരെ രോഗികളാണ് പ്രതിദിനം എത്തുന്നത്. എന്നാല്‍, മഴക്കാലമെത്തിയതോടെ രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. പ്രതിദിനം 500 മുതല്‍ 600 വരെ രോഗികളാണ് ഇവിടേക്കെത്തുന്നത്. ഇവര്‍ക്കെല്ലാം മരുന്ന് നല്‍കാന്‍ ഒരു ഫാര്‍മസിസ്റ്റിന്റെ സേവനം മാത്രമാണ് ലഭിക്കുക. എന്നാല്‍ ഇദ്ദേഹം മരുന്ന് കൊടുക്കല്‍ മാത്രമല്ല സ്‌റ്റോര്‍ കീപ്പറിന്റെ ജോലിയും എടുക്കേണ്ടിവരുന്നുണ്ട്.
പേരില്‍ സാമൂഹിരോഗ്യകേന്ദ്രമാണെങ്കിലും ജീവനക്കാരുടെ തസ്തികള്‍ പ്രാഥമിക ആരോഗ്യകേന്ദ്രമായപ്പോഴുണ്ടായിരുന്നതിന് ഏതാണ്ട് സമാനമാണ്. സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ആറ് വിദഗ്ധരുള്‍പ്പെടെ 12 ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകേണ്ടതുണ്ട്. എന്നാല്‍, ആറ് ഡോക്ടര്‍മാരുടെ സേവനം മാത്രമാണ് ഇവിടെ ലഭ്യമായിട്ടുള്ളത്. ഒരു ഡോക്ടറെ മറ്റൊരിടത്തേക്ക് വിന്യസിച്ചിരിക്കുകയുമാണ്. 12 പേരെ കിടത്തിച്ചികിത്സിക്കാന്‍ സൗകര്യമുള്ള ഈ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ക്കു പുറമേ ജീവനക്കാരുടെ കുറവും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. നഴ്‌സിങ് അസിസ്റ്റുമാരുടെയും ക്ലീനിങ് സ്റ്റാഫിന്റെയും അഭാവവുമുണ്ട്.
മാസങ്ങള്‍ക്കു മുമ്പ് കെട്ടിട നിര്‍മാണവും യന്തസാമഗ്രികള്‍ സ്ഥാപിക്കലും നടന്നെങ്കിലും എക്‌സറെ യൂണിറ്റിന്റെ പ്രവര്‍ത്തനം ഇതുവര തുടങ്ങിയിട്ടില്ല. എക്‌സറേ സാങ്കേതിക വിദഗ്ധനെ ലഭിക്കാത്തതാണ് എക്‌സറെ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് തടസം നില്‍ക്കുന്നത്. ഇതിനുവേണ്ടി പരസ്യം നല്‍കിയെങ്കിലും ഉദ്യോഗാര്‍ഥികള്‍ വന്നില്ലെന്ന് സൂപ്രണ്ട് ഡോ.ഇ.സുഷമ പറഞ്ഞു. ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനവും ആവശ്യത്തിന് സാങ്കേതിക വിദഗ്ധരില്ലാതെയാണ് നടന്നുരപോവുന്നത്. നെഫ്രോളജിസ്റ്റില്ലാത്തതിനാല്‍ ഫിസിഷ്യന്റെ സഹായത്തോടെയാണ് ഡയാലിസിസ് രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നത്. സാങ്കേതിക വിദഗ്ധര്‍ ആവശ്യത്തിന് ഇല്ലാത്തതിനാല്‍ പലപ്പോഴും നഴ്‌സുമാരാണ് ഈ ജോലികള്‍ ഉല്‍പ്പെടെ ചെയ്യേണ്ടിവരുന്നത്. മഴക്കാല രോഗം കൊണ്ട് പൊറുതി മുട്ടിയ പടിഞ്ഞാറന്‍ മേഖലയില്‍ ഇത്തരം പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ അടിയന്തിരമായ സ്റ്റാഫുകളെ നിയമിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറാവണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."