'ആദരം ആദരാഞ്ജലിയാക്കി'; നടന്‍ മധു മരിച്ചെന്ന് വ്യാജപ്രചാരണം
.
തിരുവനന്തപുരം: വ്യാജ മരണവാര്‍ത്തകളിറക്കി ആളെക്കൊല്ലുന്ന സോഷ്യല്‍മീഡിയയുടെ ഇത്തവണത്തെ ഇരയായത് മലയാളത്തിന്റെ മുതിര്‍ന്ന സിനിമാതാരം മധു. മധുവിനെ ആദരിച്ചുകൊണ്ട് ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത പ്രത്യേക പരിപാടിയുടെ ചിത്രം എഡിറ്റ് ചെയ്താണ് വ്യാജ മരണവാര്‍ത്ത പ്രചരിച്ചത്. മധുവിന്റെ ചിത്രംവച്ച് അടിയില്‍ 'ആദരം' എന്നെഴുതിയിരുന്നത് 'ആദരാഞ്ജലികള്‍' എന്ന് എഡിറ്റ് ചെയ്തായിരുന്നു വ്യാജപ്രചാരണം.
കഴിഞ്ഞ ദിവസം മുതല്‍ ഫേസ്ബുക്കിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഈ ചിത്രവും ഒപ്പമുള്ള വ്യാജ മരണവാര്‍ത്തയും പറന്നുനടന്നു. വ്യാജവാര്‍ത്ത വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ മധുവിന്റെ വീട്ടിലെ ഫോണിലേക്കും അദ്ദേഹത്തിന്റെ മൊബൈലിലേക്കും മാധ്യമസ്ഥാപനങ്ങളുടെ ഓഫിസുകളിലേക്കുമൊക്കെ വിളികളെത്തി. വ്യാജവാര്‍ത്തയോട് ചെറുചിരിയോടെയായിരുന്നു മധു പ്രതികരിച്ചതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. സാരമില്ല എന്നായിരുന്നുവേ്രത അദ്ദേഹത്തിന്റെ പ്രതികരണം. ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു മധുവിന്റെ 86ാംജന്മദിനം ആഘോഷിച്ചത്. പ്രസ്‌ക്ലബ് ഉള്‍പ്പെടെ വിവിധ കൂട്ടായ്മകളും സംഘടനകളും ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു.
നേരത്തേ നടന്‍ ജഗതി ശ്രീകുമാര്‍, തെന്നിന്ത്യന്‍ താരം രേഖ, ഗായിക എസ്. ജാനകി തുടങ്ങിയവരെക്കുറിച്ചും വ്യാജമരണ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത്തരം വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളില്‍തന്നെ ശക്തമാണ്.
അതേസമയം വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. വ്യാജവാര്‍ത്ത സംബന്ധിച്ച് മധുവിന്റെ മകള്‍ ഉമ നായര്‍ പരാതി നല്‍കിയിരുന്നു. പരാതി അടിയന്തര പ്രാധാന്യത്തോടെ അന്വേഷിക്കാന്‍ പൊലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."