അജ്ഞാത സ്ത്രീ ഒടുവില്‍ പിടിയില്‍
കാട്ടാക്കട: അജ്ഞാത സ്ത്രീ ഒടുവില്‍ പൊലിസിന്റെ പിടിയിലായി. സ്‌കൂളില്‍ കയറി വിദ്യാര്‍ഥിനിയുടെ സ്വര്‍ണക്കമ്മല്‍ ഊരിയെടുത്ത് കടന്ന സ്ത്രീ അജ്ഞാതയായി തുടരുന്നതിനിടെയാണ് അറസ്റ്റിലായത്. പെരുമ്പഴുതൂര്‍ വടകോട് കളത്തുവിള കുശവന്‍ വിള വീട്ടില്‍ സജിത കുമാരി(38) യെയാണ് ഇന്നലെ പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 30 നാണ് കേസിനാസ്പദമായ സംഭവം. പൂവച്ചല്‍ ഗവ.യുപി സ്‌കൂളില്‍ അധ്യയന സമയത്തെ ഇടവേളയില്‍ മൂന്നാം ക്ലാസുകാരിയുടെ കമ്മല്‍ ഊരി വാങ്ങി കടന്ന സ്ത്രീയാണ് ഇവര്‍. രാവിലെ 11 മണിക്കുള്ള ഇടവേള സമയത്ത് ഒരു സ്ത്രീ പെണ്‍കുട്ടി പഠിക്കുന്ന ക്ലാസിലെത്തി. അമ്മ ബാങ്കില്‍ നില്‍ക്കുകയാണെന്നും പണയം വയ്ക്കാന്‍ കമ്മല്‍ ഊരി നല്‍കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് കുട്ടി കമ്മല്‍ ഊരി നല്‍കി.
സംഭവം അദ്ധ്യാപകരുടെ ശ്രദ്ധയിലും പതിഞ്ഞില്ല വൈകിട്ട് വീട്ടിലെത്തി കുട്ടി രക്ഷകര്‍ത്താക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പരാതിയനുസരിച്ച് കേസന്വേഷിച്ച പൊലിസിന് സ്‌കൂളിലെ സിസി ടിവിയില്‍ നിന്നും കമ്മല്‍ ഊരിവാങ്ങിയ സ്ത്രീയുടെ ദൃശ്യം ലഭിച്ചിരുന്നു. സ്‌കൂളിലെ സിസിടിവിയില്‍ 10.36നു സ്‌കൂളിലേക്കു ചുവന്ന സാരി ധരിച്ച സ്ത്രീ പ്രവേശിക്കുന്നതും 11.15നു സ്‌കൂളില്‍നിന്നു പുറത്തേക്കു പോകുന്നന്നതിന്റെയും ദൃശ്യം പൊലിസിനു ലഭിച്ചു. ഇതാണ് പ്രതിയെ പിടികൂടാന്‍ സഹായമായത്. അന്നുതന്നെ സമീപത്തെ വീരണകാവ് സ്‌കൂളിലുമെത്തി ഒരു കുട്ടിയില്‍ നിന്നും കമ്മല്‍ ഊരിവാങ്ങാനുള്ള ശ്രമം നടന്നതായി പരാതി ഉണ്ടായിരുന്നു.
പ്രതി തന്നെയാണ് അവിടെയെത്തിയതെന്നും സമ്മതിച്ചതായി പൊലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അടുത്ത ദിവസം കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് അറിയിച്ചു. ഇവര്‍ മറ്റ് സ്ഥലങ്ങളില്‍ ഇത്തരം തട്ടിപ്പ് നടത്തിയുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."