വായനയുടെ വിസ്മയം തീര്‍ത്ത് സ്‌കൂള്‍ വിദ്യഭ്യാസമില്ലാത്ത സുനില്‍
മുണ്ടൂര്‍ : വിദ്യാരംഭനാളില്‍ ഹരിശ്രീ കുറിക്കാതെയും വിദ്യാലയത്തിന്റെ പഠനമുറികള്‍ കാണാതെയും അക്ഷരങ്ങളുടെ ലോകത്ത് വായനയുടെ വിസ്മയച്ചെപ്പു തുറക്കുകയാണ് സുനില്‍. പെരുവെമ്പ് പാലത്തുള്ളിത്തറവാട്ടിലെ കുട്ടന്‍-ദേവകി ദമ്പതികളുടെ ഇളയമകനായ ഈ 35 കാരന്റെ വായനക്കപ്പുറം ജീവിത വൈതരണികളിലെ തകര്‍ച്ചകളോടുള്ള വെല്ലുവിളികള്‍ കൂടിയാണ്. ജന്മനാല്‍ ശാരീരികമായി വെല്ലുവിളികള്‍ നേരിടുമ്പോഴും കുഞ്ഞു മനസ്സോടെ ജീവിതം തള്ളി നീക്കുന്ന സുനിലിന്റെ വായനയിലും കൗതുകമേറെയാണ്. സ്‌കൂളില്‍ ചേര്‍ക്കേണ്ട കാലം തൊട്ടേ സുനിലിന്റെ അക്ഷരജ്ഞാനം ആരംഭിച്ചെന്നാണ് സഹോദരിമാര്‍ പറയുന്നത്. തങ്ങളുടെ സഹോദരങ്ങള്‍ പഠിക്കുന്നത് കേട്ട് ഒപ്പം വാക്കുകള്‍ ഉരുവിടുകയും പാഠപുസ്തകങ്ങള്‍ നോക്കി അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വാക്കുകളാക്കി മാറ്റുന്നതും സഹോദരങ്ങളില്‍ വിസ്മയം തീര്‍ത്തിരുന്നു. ഈ വായനയുടെ ലോകത്തെ സുനിലിന്റെ ആവേശം മൂന്നു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും തിളക്കമേറെയാണ്.
വീട്ടിലെ ഒഴിവുസമയങ്ങളില്‍ സുനിലിന്റെ വായനലോകത്ത് പത്രങ്ങളും മാസികകളുമെന്നു വേണ്ട എല്ലാം തന്റെ സഹപാഠികളാണ്. എന്നാല്‍ തന്റെ വൈകല്യങ്ങള്‍ മറന്നും വായനയുടെ ലോകത്തെത്തുമ്പോള്‍ സുനില്‍ അക്ഷരങ്ങള്‍ കൊണ്ട് ആഹ്ലാദഭരിതനാവും. സാധാരണക്കാരുടെ വായനയില്‍ നിന്നും വേറിട്ടൊരു ഭാഷാശൈലിയാണ് സുനിലിന്റെ വായനയില്‍ വിരിയുന്നത്. പത്രങ്ങളുടെ പേരും, തിയ്യതിയും മുതല്‍ വായിച്ചു തുടങ്ങുന്ന സരളമായ വായനാവഴിയില്‍ ഒരക്ഷരം പോലും വിട്ടുപോവാതിരിക്കാന്‍ സുനില്‍ ഏറെ ശ്രദ്ധാലുവാണെന്നതാണ് മറ്റൊരു സവിശേഷത.
വായനക്കപ്പുറം സുനിലിന്റെ ലോകത്ത് സംഗീതവും ഏകാന്തതയുടെ കൂട്ടുകാരാണ്. ടി.വി.യിലോ, റേഡിയോയിലോ ഏതു പാട്ടുകള്‍ കേട്ടാലും അത് ഏത് സിനിമയാണെന്നും, അതിന്റെ സംവിധായകനും സംഗീതസംവിധായകനുമെന്നു വേണ്ട എല്ലാ വിവരവും സുനിലിന് ഹൃദിസ്ഥമാണ്.
പാലക്കാട് നഗരത്തില്‍ സ്വകാര്യ സ്ഥാപനം നടത്തുന്ന സഹോദരി വീട്ടിലെത്തുമ്പോള്‍ കൈയില്‍ കരുതിയിട്ടുള്ള പത്രങ്ങള്‍ക്കായി സുനില്‍ കാത്തിരിക്കുന്നുണ്ടാവും. പത്രങ്ങള്‍ കൈയില്‍ കിട്ടുന്നതോടെ സുനിലിന്റെ വായന ആരംഭിക്കുകയായി. അധികം പുറം ലോകം കാണാതെ വീടിനുളളില്‍ ഒരു കൊച്ചു ലോകം തീര്‍ക്കുന്ന സുനില്‍ സഹോദരങ്ങള്‍ക്കിടയിലും വീട്ടിലെത്തുന്നവര്‍ക്കിടയിലും സൗമ്യ സ്വഭാവക്കാരനാണ്.
പെരുവെമ്പിലെ തറവാട്ടു വീട്ടിലായിരുന്ന സുനില്‍ മുണ്ടൂരിലെ മന്ദത്തുപറമ്പിലെ സഹോദരി ശോഭയുടെ വീട്ടിലെത്തിയിട്ട് അഞ്ചുവര്‍ഷമേ ആയിട്ടുള്ളൂ. വലിയലോകത്തെ ചെറിയ മനുഷ്യരെപ്പോലെ വലിയശരീരത്തിനുള്ളില്‍ കുഞ്ഞുമനസ്സുമായി കഴിയുന്ന സുനിലിന്റെ വായനയോടുള്ള പ്രണയം നാള്‍ക്കുനാള്‍ വിസ്മയാഭരിതമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."