മോദിയും ബി.ജെ.പിയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ത്തു: രാഹുല്‍ ഗാന്ധി
കല്‍പ്പറ്റ: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ത്തതിന് നരേന്ദ്രമോദിയും ബി.ജെ.പിയും രാജ്യത്തെ ജനങ്ങളോട് മറുപടി പറയണമെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ഗാന്ധി. വയനാട് കലക്ടറേറ്റില്‍ നടന്ന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ 15 പേര്‍ക്കായി 1,25,000 കോടി രൂപയുടെ നികുതിയിളവുകളാണ് മോദി നല്‍കിയത്. രാജ്യത്ത് ഈ 15 പേര്‍ മാത്രമാണോയുള്ളതെന്നും രാഹുല്‍ ചോദിച്ചു.
രാജ്യത്തെ യുവാക്കളുടെ തൊഴിലില്ലായ്മക്കും ജോലി നഷ്ടപ്പെടുന്നതിനും മോദി മറുപടി പറയണമെന്നും രാഹുല്‍ തുറന്നടിച്ചു. രാജ്യത്തിന്റെ നട്ടെല്ലായ സമ്പദ്‌വ്യവസ്ഥ തകര്‍ന്നിരിക്കുന്നു.
രാജ്യത്ത് പ്രധാനമന്ത്രിക്കും സര്‍ക്കാരിനുമെതിരേ പ്രതികരിക്കുന്നവരെ ജയിലിലടക്കുന്നതാണ് കാണുന്നത്. രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ഒരു നേതാവും ഒരു സിദ്ധാന്തവും മാത്രം മതിയെന്ന നിലപാടാണ് മോദിയും ബി.ജെ.പിയും സ്വീകരിക്കുന്നത്. ഇത് അനുവദിച്ച് കൊടുക്കാനാവില്ല. എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തിയുള്ള ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്.
എന്നാല്‍ വൈവിധ്യമാണ് കോണ്‍ഗ്രസ് എല്ലാകാലവും ഉയര്‍ത്തിക്കൊണ്ടുവന്നത്. ഇതാണ് നരേന്ദ്ര മോദിയും ബി.ജെ.പിയും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. രാജ്യത്തെ യുവാക്കള്‍ തൊഴിലില്ലായ്മ മൂലം കഷ്ടപ്പെടുകയാണ്. രാജ്യത്ത് ഇത്രയധികം തൊഴിലില്ലായ്മ സൃഷ്ടിച്ചതിനും കാരണക്കാരന്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു.
തൊഴിലില്ലായ്മയും സാമ്പത്തിക തകര്‍ച്ചയും അരങ്ങുവാഴുന്ന ഈ കാലഘട്ടത്തില്‍ ഇവിടുത്തെ തൊഴിലാളികളും സാധാരണക്കാരും വിദ്യാര്‍ഥികളും എന്താണ് ചെയ്യേണ്ടത്. അവര്‍ക്കെല്ലാം പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്.
മാത്രമല്ല കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിനായി കേന്ദ്രത്തിന് മുന്നില്‍ യാചിക്കേണ്ട ഗതികേടിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അടക്കമുള്ള നിരവധി നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."