സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ: നഗരത്തില്‍ വാതില്‍ തുറന്ന് 'എന്റെ കൂട് '
തിരുവനന്തപുരം: നഗരങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത താവളങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് തിരുവനന്തപുരത്ത് ഒരുക്കുന്ന 'എന്റെ കൂട്' പദ്ധതിയുടെ ഉദ്ഘാടനം നവംബര്‍ 8ന് രാവിലെ 11.30 ന് തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ എട്ടാം നിലയില്‍ വച്ച് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുന്നു.
നഗരത്തില്‍ നിരാലംബരായി എത്തിച്ചേരുന്ന നിര്‍ധനരായ വനിതകള്‍ക്കും കൂടെയുള്ള 12 വയസുവരെയുള്ള കുട്ടികള്‍ക്കും വൈകിട്ട് 5 മണി മുതല്‍ രാവിലെ 7 മണിവരെ സുരക്ഷിതമായ വിശ്രമം തികച്ചും സൗജന്യമായി നല്‍കുന്നതാണ് എന്റെ കൂട് പദ്ധതി. 50 പേര്‍ക്കാണ് ഒരേ സമയം ഇവിടെ താമസിക്കാന്‍ സാധിക്കുക. സമ്പൂര്‍ണമായും ശീതികരിച്ച മുറികളാണ് താമസത്തിനു നല്‍കുക. സൗജന്യ ഭക്ഷണവും ടിവിയും മുഴുവന്‍ സമയ സെക്യൂരിറ്റിയും ഉള്‍പ്പെടെ താമസം പൂര്‍ണമായും സൗജന്യമാണ്. ഇതോടൊപ്പം അടുക്കളയും ശുചിമുറികളും ഉണ്ട്. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും സുരക്ഷിതമായ വാസസ്ഥലം ഒരുക്കുക എന്ന ആശയത്തിന്റെ സാക്ഷാത്ക്കാരമായാണ് എന്റെ കൂട് പ്രവര്‍ത്തനമാരംഭിക്കുന്നത്.
തിരുവനന്തപുരത്ത് തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ എട്ടാം നിലയിലാണ് ഈ രാത്രികാല അഭയകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇന്ത്യക്കകത്തും പുറത്തുനിന്നും തൊഴിലന്വേഷിച്ചും മറ്റുമായി എത്തിച്ചേരുന്ന സ്ത്രീകളും കുട്ടികളും നഗരത്തിന്റെ സുരക്ഷിതമല്ലാത്ത ഇടങ്ങളിലാണ് താമസിക്കുന്നത്. റെയില്‍വേ സ്‌റ്റേഷനിലും കടത്തിണ്ണയിലും ബസ്സ്റ്റാന്റിലും അന്തിയുറങ്ങാന്‍ വിധിക്കപെടുന്ന ഇവര്‍ പലതരത്തിലുള്ള ആക്രമങ്ങള്‍ക്കും ഇരയാകുന്നു. ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടം, പൊലിസ് വകുപ്പ്, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടു കൂടി ജില്ലാ സാമൂഹ്യനീതി ഓഫിസറുടെ മേല്‍നോട്ടത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. സ്വന്തമായി സുരക്ഷിത താവളങ്ങള്‍ ഇല്ലാത്ത സ്ത്രീകള്‍, കുട്ടികള്‍ (ആണ്‍ കുട്ടികള്‍ 12 വയസിനു താഴെ), രാത്രികാലങ്ങളില്‍ നഗരത്തില്‍ ഒറ്റപ്പെടുന്ന സ്ത്രീകള്‍ ഇവര്‍ക്കാണ് ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കുക. രണ്ടു വാച്ച്മാന്‍, മാനേജര്‍, രണ്ടു മിസ്ട്രസ്മാര്‍, ഒരു സ്‌കാവഞ്ചര്‍ എന്നിങ്ങനെ ആറുപേരാണ് മേല്‍നോട്ടവും സുരക്ഷയും ഉറപ്പു വരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."