സാംസ്‌കാരിക നായകര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം: പ്രതിഷേധം വ്യാപകം
തിരുവനന്തപുരം: ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ള പ്രമുഖര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേന്ദ്ര നടപടിക്കെതിരേ പ്രതിഷേധം വ്യാപകം.
രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി എത്രയും വേഗം പിന്‍വലിക്കണമെന്ന് മന്ത്രി എ.കെ ബാലന്‍ ആവശ്യപ്പെട്ടു. ഭരണഘടനാ മൂല്യങ്ങളും ജനങ്ങളുടെ സൈ്വര്യജീവിതവും സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടതിനാണ് രാജ്യം ആദരിക്കുന്ന പ്രതിഭാശാലികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുന്നതിനുപകരം അത് ചൂണ്ടിക്കാട്ടുന്നവരെക്കൂടി ക്രൂശിക്കാനുള്ള നീക്കം അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
സാംസ്‌കാരിക നായകര്‍ക്കെതിരേ കേസെടുത്ത നടപടി രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍ വ്യക്തമാക്കി. ഒരു ഏകാധിപതിയും കുറേ പിന്താങ്ങികളും എന്ന ദുരവസ്ഥയിലേക്ക് രാജ്യത്തിന്റെ ഭരണസംവിധാനം അധഃപതിച്ചിരിക്കുന്നു.
രാജ്യത്ത് നടക്കുന്ന തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചത് ഗുരുതരമായ കുറ്റമായി കാണുന്ന അധികാരികളുടെ തലതിരിഞ്ഞ നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യകാരന്‍മാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും വായ മുടിക്കെട്ടാനുള്ള ശ്രമം രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ബി.ജെ.പി രാജ്യത്ത് കള്‍ചറല്‍ ഫാസിസമാണ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരേ നിലപാടെടുത്തവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്ത് ആര്‍ക്കും ഒന്നും പറയാനാകാത്ത സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."