കൊല്ലത്തെ കോണ്‍ഗ്രസില്‍ അടിയോടടി: തേവലക്കര പഞ്ചായത്ത് ഭരണം സി.പി.ഐക്ക്
കൊല്ലം: ആര്‍.എസ്.പിയുടെ ശക്തികേന്ദ്രമായ ചവറ നിയോജകമണ്ഡലത്തില്‍ യു.ഡി.എഫ് ഭരണത്തിലുണ്ടായിരുന്ന ഏക ഗ്രാമ പഞ്ചായത്ത് ഭരണം ഇടതു മുന്നണിയുടെ കയ്യിലെത്തിയത് ജില്ലാ കോണ്‍ഗ്രസിന്റെ പിടിപ്പുകേടാണെന്ന ആരോപണത്തിന് കാരണമായി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തതോടെ സംഭവത്തില്‍ ആര്‍.എസ്.പിയിലും കോണ്‍ഗ്രസിനെതിരെ പ്രതിഷേധം ഉയരുകയാണ്. തേവലക്കര പഞ്ചായത്തില്‍ യു.ഡി.എഫിന് 12ഉം എല്‍.ഡി.എഫിന് 11ഉം ആയിരുന്ന അംഗബലം. കോണ്‍ഗ്രസ് വിമതന്റെ പിന്തുണയിലായിരുന്നു പഞ്ചായത്ത് യു.ഡി.എഫ് നിലനിര്‍ത്തിയിരുന്നത്. എ ഗ്രൂപ്പുകാരനായ ജോസ് ആന്റണിയായിരുന്നു തുടക്കത്തില്‍ പ്രസിഡന്റ്. ആദ്യ രണ്ടര വര്‍ഷം ജോസ് ആന്റണിയും തുടര്‍ന്ന് കോണ്‍ഗ്രസ് വിമതന്‍ രാജേഷും പ്രസിഡന്റാകാനായിരുന്നു തുടക്കത്തിലുണ്ടാക്കിയ ധാരണ. എന്നാല്‍ രണ്ടര വര്‍ഷ കാലാവധി കഴിഞ്ഞതോടെ ജോസ് ആന്റണി പ്രസിഡന്റ് പദവി ഒഴിയാന്‍ തയ്യാറാകാതെ വന്നതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്യുകയും തുടര്‍ന്ന് ഇടതുമുന്നണി കൊണ്ടുവന്ന് അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്റ് പദവിയില്‍ നിന്നും പുറത്താകുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രണ്ടായി മല്‍സരിച്ചപ്പോള്‍ സി.പി.ഐയിലെ ഷിഹാബ് തെരഞ്ഞെടുക്കപ്പെട്ടു. ഡി.സി.സിയിലെ എ-ഐ ഗ്രൂപ്പുപോരാണ് പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന് നഷ്ടപ്പെടാന്‍ കാരണമായത്. എ ഗ്രൂപ്പുകാരനായിരുന്ന കോണ്‍ഗ്രസ് തേവലക്കര മണ്ഡലം പ്രസിഡന്റ് ഫിലിപ്പിനെ ഐ ഗ്രൂപ്പിലെ പ്രമുഖ നേതാവ്
സ്വന്തം ഗ്രൂപ്പിലെത്തിച്ചതിന്റെ പ്രതികാരമായിരുന്നു ജോസ് ആന്റണി പദവി ഒഴിയാന്‍ വിസമ്മതിച്ചിരുന്നതിന് പിന്നിലെന്നാണ് അറിയുന്നത്. പ്രദേശവാസിയായ ഡി.സി.സി ഭാരവാഹിയാണ് ജോസ് ആന്റണിക്ക് പിന്നില്‍ ചരടുവലിച്ചതെന്നാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്. ഫിലിപ്പിന്റെ ഗ്രൂപ്പുമാറ്റം ഈ നേതാവിന് ഇരുട്ടടിയായെന്ന് മാത്രമല്ല,എ ഗ്രൂപ്പ് സംസ്ഥാന നേതാക്കള്‍ക്കിടയിലും ഗ്രൂപ്പുമാറ്റം അന്ന് ചര്‍ച്ചയായിരുന്നു. പഞ്ചായത്ത് ഭരണം സംബന്ധിച്ച് പാര്‍ട്ടി നിയോഗിച്ചത് ഡി.സി.സി മുന്‍ പ്രസിഡന്റ് ജി പ്രതാപവര്‍മ തമ്പാനെയായിരുന്നു. ഇതുസംബന്ധിച്ച് ചൊവ്വാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് ജില്ലാ യോഗത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തു. തുടര്‍ന്ന് ആദ്യ ഒരുവര്‍ഷം വേണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടത് ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയും പ്രതാപവര്‍മ താമ്പാനും തമ്മിലുള്ള വാഗ്വാദത്തിന് കാരണമായിരുന്നു. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് തീരുമാനമെടുക്കണമെന്ന് മറ്റ് നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും യോഗം തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു. ഭരണം നഷ്ടപ്പെട്ടതോടെ ചവറയില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ നേരിടാന്‍ കഴിയാത്ത അവസ്ഥയിലാണ് ജില്ലാ നേതൃത്വം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നേ തന്നെ ചവറയില്‍ ഇടതുമുന്നണിക്ക് മേല്‍ക്കൈ നേടാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ പടലപ്പിണക്കം കാരണമായെന്ന ആക്ഷേപം ഘടക കക്ഷി നേതാക്കളിലും പ്രകടമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."