സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകിയതിന് പിന്നില്‍ ബാങ്കുകളിലെ തകരാറ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ബാങ്കുകളിലെ സാങ്കേതിക തകരാറാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകാന്‍ കാരണമെന്ന് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ.
സെക്രട്ടേറിയറ്റിലെ ബയോമെട്രിക് പഞ്ചിങ് സംവിധാനം ശമ്പള വിതരണത്തിന് പ്രതിസന്ധിയുണ്ടാക്കിയിട്ടില്ല. സെപ്റ്റംബറിലെ ശമ്പളം കണക്കാക്കാന്‍ ഓഗസ്റ്റ് 16 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള ഹാജര്‍നിലയാണ് കണക്കിലെടുക്കുന്നത്.
ബയോമെട്രിക് പഞ്ചിങ് സംവിധാനത്തിലൂടെ ഹാജര്‍ രേഖപ്പെടുത്താതിരിക്കുകയും അവധിയോ മറ്റ് ഔദ്യോഗിക ഡ്യൂട്ടിയോ രേഖപ്പെടുത്താതിരിക്കുകയോ ചെയ്തവര്‍ക്ക് ഈ ദിനങ്ങള്‍ ക്രമപ്പെടുത്താന്‍ അവസരം നല്‍കിയിരുന്നു. ഭൂരിപക്ഷം ജീവനക്കാരും ഡ്യൂട്ടി ക്രമപ്പെടുത്തിയിരുന്നു. കുറച്ചുപേര്‍ ഇതിനായി കൂടുതല്‍ സമയം ആവശ്യപ്പെടുകയും ക്രമപ്പെടുത്തിയ ശേഷം മാത്രം ശമ്പളം പ്രോസസ് ചെയ്താല്‍ മതിയെന്ന് പൊതുഭരണ വകുപ്പിനെ അറിയിക്കുകയും ചെയ്തിരുന്നു.
സെക്രട്ടേറിയറ്റില്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 4,822 ജീവനക്കാരാണ് പഞ്ചിങ് സംവിധാനത്തിന് കീഴിലുള്ളത്. ഇതില്‍ 38 ജീവനക്കാര്‍ മാത്രമാണ് ശമ്പളം പിന്നീട് പ്രോസസ് ചെയ്താല്‍ മതിയെന്ന് അറിയിച്ചത്.
ബയോമെട്രിക് പഞ്ചിങ് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് മാസത്തില്‍ 300 മിനിറ്റ് ഗ്രേസ് ടൈമും അധികം ജോലിചെയ്യുന്ന ഓരോ പത്തു മണിക്കൂറിനും മാസത്തില്‍ ഒരു അവധിയും (വര്‍ഷത്തില്‍ 10 എണ്ണം) അധികമായി അനുവദിച്ചിട്ടുണ്ട്. 300 മിനിറ്റ് ഗ്രേസ് സമയം പൂര്‍ണമായി ഉപയോഗിച്ചവര്‍ക്കാണ് താമസിച്ചെത്തിയാല്‍ അവധി നഷ്ടമാവുന്നത്.
സര്‍ക്കാര്‍ ഓഫിസുകളില്‍ ജീവനക്കാരുടെ ഹാജര്‍നിലയില്‍ ക്ലിപ്തത ഉറപ്പാക്കാന്‍ ഏര്‍പ്പെടുത്തിയ ബയോമെട്രിക് പഞ്ചിങ് സംവിധാനം സെക്രട്ടേറിയറ്റില്‍ വിജയകരമായാണ് നടപ്പാക്കിയതെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു. മന്ത്രിമാരെയും ചീഫ് സെക്രട്ടറിയെയും മാത്രമാണ് ബയോമെട്രിക് പഞ്ചിങ് സംവിധാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."