കെ-ടെറ്റ് മാര്‍ക്കിളവിനു മുന്‍കാല പ്രാബല്യം
കല്‍പ്പറ്റ: അധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റില്‍ പിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള മാര്‍ക്കിളവിനു മുന്‍കാല പ്രാബല്യം. ചുരുങ്ങിയ മാര്‍ക്കിന്റെ വ്യത്യാസത്തില്‍ കെ-ടെറ്റ് യോഗ്യത നേടാനാകാതെ പോയ മൂവായിരത്തോളം അധ്യാപകര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ആശ്വാസമാകും. 2014 ഒക്ടോബര്‍ 15 മുതല്‍ മാര്‍ക്കിളവിന്റെ ആനുകൂല്യം ലഭിക്കുമെന്നും ജൂണ്‍ 13ന് ഇറക്കിയ ഉത്തവില്‍ പറയുന്നു.
ന്യുനപക്ഷങ്ങള്‍, അംഗപരിമിതര്‍, എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് നേരത്തെ ഇറക്കിയ ഉത്തരവില്‍ മാര്‍ക്കിളവ് അനുവദിച്ചെങ്കിലും മുന്‍കാല പ്രാബല്യം നല്‍കിയിരുന്നില്ല. മാര്‍ക്കിളവിന് മുന്‍കാല പ്രാബല്യം നല്‍കി ഉത്തരവായതോടെ പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍, ഒ.ബി.സി, അംഗപരിമിതര്‍ എന്നിവര്‍ക്ക് പി.എസ്.സി മുഖേന അധ്യാപക തസ്തികയിലേക്ക് അപേക്ഷ നല്‍കാനാവും. എയ്ഡഡ് സ്‌കുളുകളില്‍ ജോലി ചെയ്യുന്നവരുടെ നിയമനം അംഗീകരിക്കപ്പെടും.
മാര്‍ക്കിളവിലെ അവ്യക്തത സംബന്ധിച്ച് സുപ്രഭാതം നേരത്തെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. മുന്‍കാല പ്രാബല്യം ആവശ്യപ്പെട്ട് നിരവധിപേര്‍ സര്‍ക്കാരിന് പരാതിയും നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.
2014 ലാണ് പരീക്ഷ ആരംഭിച്ചത്. 150 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ 60 ശതമാനം മാര്‍ക്ക് നേടിയവരെയാണ് വിജയികളായി പ്രഖ്യാപിക്കുന്നത്. ഇതില്‍ പട്ടികജാതിവര്‍ഗ വിഭാഗങ്ങള്‍, ഒ.ബി.സി, അംഗപരിമിതര്‍ എന്നിവര്‍ക്ക് അഞ്ചു ശതമാനമാണ് മാര്‍ക്കിളവ് അനുവദിച്ചിരുന്നത്. ഇതനുസരിച്ച് ഈ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് 150 മാര്‍ക്കിന്റെ 55 ശതമാനമായ 82.5 മാര്‍ക്ക് നേടിയാല്‍ പരീക്ഷ വിജയിക്കാനാവും. എന്നാല്‍ മാര്‍ക്കിളവെന്നത് 60 ശതമാനത്തിന്റെ അഞ്ചു ശതമാനം എന്നു തെറ്റായി വ്യാഖ്യാനിച്ചതുമൂലം കഴിഞ്ഞ പരീക്ഷകളില്‍ വിജയികളാകേണ്ട പലരും പരാജയപ്പെട്ടു.
മാര്‍ക്കിളവ് വ്യവസ്ഥകള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും പരീക്ഷയില്‍ 82.5 മാര്‍ക്ക് നേടിയവരെ വിജയിച്ചതായി കണക്കാക്കണമെന്നും ആവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികളും അധ്യാപക സംഘടനകളും സര്‍ക്കാരിനും പിന്നോക്ക വിഭാഗ കമ്മിഷനും പരാതി നല്‍കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് 2017 മാര്‍ച്ച് 15ന് പുറത്തിറക്കിയ സ്പഷ്ടീകരണ ഉത്തരവ് പ്രകാരം ജനറല്‍ വിഭാഗത്തിലുള്ളവര്‍ 150 മാര്‍ക്കിന്റെ 60 ശതമാനമായ 90ഉം സംവരണവിഭാഗങ്ങങ്ങളില്‍പ്പെട്ടവര്‍ 55 ശതമാനമായ 82ഉം മാര്‍ക്കും നേടിയാല്‍ കെ-ടെറ്റ് പരീക്ഷ വിജയിക്കുമെന്നായി. എങ്കിലും മുന്‍കാല പ്രാബല്യത്തോടെ സര്‍ട്ടിഫിക്കറ്റ് എന്ന ഉദ്യോഗാര്‍ഥികളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പിന്‍ബലത്തിലാണ് അധ്യാപകര്‍ക്ക് യോഗ്യതാ നിര്‍ണയ പരീക്ഷകള്‍ നടത്തുന്നത്. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍ ഇതിനായി കൃത്യമായ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സി-ടെറ്റ് പരീക്ഷയും സംസ്ഥാന സര്‍ക്കാര്‍ കെ-ടെറ്റ് പരീക്ഷയുമാണ് നടത്തുന്നത്. സി-ടെറ്റ് പരീക്ഷയില്‍ 150 മാര്‍ക്കിന്റെ 60 ശതമാനമായ 90 മാര്‍ക്ക് നേടിയാല്‍ വിജയിക്കും. ആനുകുല്യമുള്ള സംവരണ വിഭാഗങ്ങള്‍ക്ക് മാര്‍ക്കിളവിന്റെ അടിസ്ഥാനത്തില്‍ 150 മാര്‍ക്കിന്റെ 55 ശതമാനമായ 82 മാര്‍ക്ക് ലഭിച്ചാല്‍ വിജയിക്കാനാവും.
എന്നാല്‍ സംസ്ഥാനത്ത് ഇതനുവദിച്ചിരുന്നില്ല. ഇതുസംബന്ധിച്ച് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്‍ വിദ്യാഭ്യാസ വകുപ്പിന് 2016 ഡിസംബര്‍ 21ന് നല്‍കിയ കത്ത് ഏറെ നിര്‍ണായകമായിരുന്നു. അതേസമയം, സര്‍ട്ടിഫിക്കറ്റിന് ഏഴുവര്‍ഷം കാലാവധി എന്ന വിഷയത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."