കലക്ടര്‍ക്കെതിരേ ഉടന്‍ നടപടിയില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ വീഴ്ചവന്നിട്ടുണ്ടെങ്കില്‍ തിരുത്താമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണക്ക് ജില്ലാ കലക്ടര്‍ ഗോപാലകൃഷ്ണന്റെ ഉറപ്പ്. ഒരുക്കങ്ങളില്‍ വീഴ്ചവരുത്തിയതിന് കലക്ടര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. നോട്ടിസിന് മറുപടി നല്കിയതിനുശേഷം മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെ നേരില്‍ക്കണ്ട് കലക്ടര്‍ വിശദീകരണം നല്‍കുകയായിരുന്നു. ഒരുക്കങ്ങളില്‍ ഇനി വീഴ്ച ഉണ്ടാകില്ലെന്നും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ സാവകാശം വേണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടതായി പറയുന്നു. കലക്ടറുടെ പ്രവര്‍ത്തനം വിലയിരുത്തുമെന്നും ഉടന്‍ നടപടിയുണ്ടാകില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലെ വീഴ്ച സംബന്ധിച്ച് നല്കിയ നോട്ടിസിന് കലക്ടര്‍ കഴിഞ്ഞ ദിവസമാണ് വിശദീകരണം നല്‍കിയത്. വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ വീഴ്ചവരുത്തിയതിനാണ് വരണാധികാരിയായ കലക്ടര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസ് നല്‍കിയത്. വോട്ടര്‍പട്ടിക തയാറാക്കിയത് മുതല്‍ എല്ലാ കാര്യങ്ങളിലും കലക്ടര്‍ തുടര്‍ച്ചയായി വീഴ്ചവരുത്തിയതായി കമ്മിഷന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കലക്ടറോട് തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം ചോദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."