എടപ്പാള്‍ മേല്‍പ്പാലം ടെന്‍ഡറിന് മന്ത്രിസഭയുടെ അംഗീകാരം
എടപ്പാള്‍: എടപ്പാള്‍ മേല്‍പ്പാലത്തിന്റെ ടെന്‍ഡറിന് മന്ത്രിസഭയുടെ അംഗീകാരം. ഇന്ന് നടന്ന മന്ത്രിസഭാ യോഗമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
13.68 കോടി രൂപക്ക് ഏറനാട് എഞ്ചിനീയറിങ് എന്റര്‍ പ്രൈസസ് കമ്പനിക്കാണ് അംഗീകാരം നല്‍കിയത്. എസ്റ്റിമേറ്റ് തുകയേക്കാള്‍ 39 ശതമാനം ഉയര്‍ന്ന തുകയ്ക്കുള്ള ടെന്‍ഡറാണ് കിഫ്ബി അംഗീകരിച്ചതെന്നതിനാലാണ് മന്ത്രിസഭയുടെ അനുമതിക്ക് വിട്ടത്. 10.27 കോടിയുടെ എസ്റ്റിമേറ്റാണ് പദ്ധതിക്കായി റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്പ്പറേഷന് ഓഫ് കേരള (ആര്.ബി.ഡി.സി.കെ.) തയാറാക്കിയിരുന്നത്. ഇതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ് (കിഫ്ബി) അംഗീകാരവും നല്കി.
രണ്ടുതവണ ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ഉയര്‍ന്ന തുകയാണ് കമ്പനികള്‍ രേഖപ്പെടുത്തിയതെന്നതിനാല്‍ അവ തള്ളുകയായിരുന്നു. കഴിഞ്ഞ മാസം നടന്ന റീടെന്‍ഡറില്‍ പങ്കെടുത്ത മൂന്ന് കമ്പനികളില്‍നിന്ന് ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ ഏറനാട് കണ്‍സ്ട്രക്ഷന്‍സിന്റെ ടെന്‍ഡറിന് കിഫ്ബി അംഗീകാരം നല്കി. എടപ്പാളിലെ ഗതാഗത കുരുക്കിന് പരിഹാരമായി കോഴിക്കോട്-തൃശ്ശൂര്‍ റോഡില്‍ 220 മീറ്റര്‍ നീളത്തിലും 7.5 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിക്കുന്നത്.
കോലളമ്പ് ഒളമ്പക്കടവ് പാലത്തിന്റെയും ടെന്‍ഡര്‍ ഏറനാട് എഞ്ചിനീയറിങ് കമ്പനിക്കാണ് ലഭിച്ചിട്ടുള്ളത്. പദ്ധതികള്‍ക്ക് സര്‍ക്കാരിന്റെ അംഗീകാരം കിട്ടിയതിനാല്‍ ഉടന്‍ നിര്‍മാണോദ്ഘാടനം നടത്തുമെന്ന് മന്ത്രി കെ.ടി ജലീല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."