കല്ലറ പറയുന്നത് പിണറായി മോഡല്‍ കൊല തന്നെ: ജോളി സയനൈഡ് സംഘടിപ്പിച്ചത് ബന്ധുവായ ജ്വല്ലറി ജീവനക്കാരനില്‍ നിന്ന്, ഇയാളും കസ്റ്റഡിയില്‍
താമരശ്ശേരി: കൂടത്തായിയിലെ ആറുപേരുടെ ആസൂത്രിത കൊലപാതകങ്ങള്‍ക്കു പിന്നില്‍ ആരോപണ വിധേയയായ ജോളി സയനൈഡ് സംഘടിപ്പിച്ചത് ബന്ധുവായ ജ്വല്ലറി ജീവനക്കാരന്‍ വഴിയെന്ന് പൊലിസ്. ഇയാളും പൊലിസ് കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് പൊലിസ് നല്‍കുന്ന സൂചന. ഇത്രയും ക്രൂരമായ കുറ്റം ചെയ്തിട്ടും യാതൊരു കുറ്റബോധവുമില്ലാതെയായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. ഓരോഘട്ടത്തിലും സംശയം കൊടുക്കാതെ കഴിഞ്ഞുകൂടി. സ്വത്തു തട്ടിയെടുക്കാനുള്ള ശ്രമമെത്തിയപ്പോള്‍ മാത്രമാണ് സംശയങ്ങള്‍ തോന്നി തുടങ്ങിയത്. പല മരണങ്ങളും നടക്കുമ്പോള്‍ ജോളി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നതെന്നും സംശയത്തിനിടയാക്കി.
കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത ചിലര്‍ നിരീക്ഷണത്തിലാണ്. ഒരു പ്രാദേശിക നേതാവും ഇതില്‍ ഉള്‍പ്പെടും.അതിനിടെയാണ് മരിച്ച റോയിയുടെ ഭാര്യ ജോളിയെ പൊലിസ് കസ്റ്റഡിയിലെടുത്തത്.
ആറുപേരുടെയും മരണവും പിണറായി കൊലപാതകത്തിന് സമാനമെന്നാണ് പുറത്തുവരുന്നത്. ഒന്നിലധികമാളുകള്‍ കുറ്റകൃത്യത്തിലുണ്ടെന്നും വ്യക്തമാകുകയാണ്. വ്യാജ വില്‍പത്രമുണ്ടാക്കിയ ആളുകളെയും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഇവരും കുറ്റസമ്മതം നടത്തിയെന്നാണ് സൂചന.
ടോം തോമസിന്റെയും കുടുംബാഗങ്ങളുടെയും സ്വത്ത് തട്ടിയെടുക്കലായിരുന്നു പ്രധാന ലക്ഷ്യം. ഇത് ഉറപ്പിക്കുന്ന തെളിവുകളും പൊലിസിന് ലഭിച്ചു.
പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞു വീണായിരുന്നു മിക്കവരുടെയും മരണം.
ആറു പേരും മരിക്കുന്നതിനു തൊട്ടുമുന്‍പ് ആഹാരം കഴിച്ചിരുന്നതായി റൂറല്‍ എസ്.പി കെ.ജി സൈമണ്‍ പറഞ്ഞു. തുടര്‍ന്നാണ് കുഴഞ്ഞുവീണത്. ഭക്ഷണത്തിലൂടെ വിഷം അകത്തുചെന്നതാണോ മരണകാരണമെന്ന് പരിശോധിക്കാനാണ് കല്ലറകള്‍ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ ശേഖരിച്ചത്. ഇതിന്റെ ഫൊറന്‍സിക് പരിശോധനാഫലം വരുന്നതോടെ കേസില്‍ കൂടുതല്‍ വ്യക്തത വരുമെന്നും പൊലിസ് പറഞ്ഞു. മരണം നടന്ന ആറിടത്തും ഇവരുടെ ബന്ധുവായ ഒരേ വ്യക്തിയുടെ സാന്നിധ്യമുണ്ടായിരുന്നതായി സൂചനയുണ്ട്.
പതിനാറ് വര്‍ഷത്തിനിടയില്‍ ആറ് മരണങ്ങളാണ് സമാന സാഹചര്യത്തില്‍ ഈ കുടുംബത്തില്‍ നടന്നത്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നമറ്റം ടോം തോമസ്(66), ഭാര്യ റിട്ട അധ്യാപിക അന്നമ്മ തോമസ്(57), മകന്‍ റോയ് തോമസ്(40), ടോം തോമസിന്റെ സഹോദരന്‍ എം എം മാത്യു(68), ടോം തോമസിന്റെ സഹോദരന്റെ മകന്റെ മകളായ ആല്‍ഫൈന്‍(2), ഷാജു സ്‌കറിയയുടെ ഭാര്യ സിലി(44) എന്നിവരാണ് മരിച്ചത്.
ടോം തോമസിന്റെ സ്വത്തുക്കള്‍ മകന്‍ റോയ് തോമസ് മരിച്ചതിന് പിന്നാലെ റോയിയുടെ ഭാര്യ ജോളിയുടെ പേരിലേക്ക് മാറ്റുകയായിരുന്നു. ടോം തോമസ് മരണത്തിന് മുന്‍പേ എഴുതിവെച്ച ഒസ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ജോളിയുടെ പേരിലേക്ക് സ്വത്തുക്കള്‍ മാറ്റിയത് എന്നായിരുന്നു വാദം. സ്വത്തുക്കള്‍ ജോളിയുടെ പേരിലേക്ക് മാറ്റിയതിന് എതിരെ ടോം തോമസിന്റെ മറ്റ് രണ്ട് മക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഒസ്യത്ത് സംശയകരമാണെന്ന പരാതി ഉയര്‍ന്നതോടെ ഇതു റദ്ദാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."