തിരുച്ചിറപ്പള്ളിയിലെ ജ്വല്ലറി കവര്‍ച്ച: സൂത്രധാരന്‍ സിനിമാ നിര്‍മാതാവെന്ന് പൊലിസ്
ചെന്നൈ: തിരുച്ചിറപ്പള്ളിയിലെ ലളിത ജ്വല്ലറിയില്‍ നിന്ന് പന്ത്രണ്ട് കോടിയുടെ സ്വര്‍ണാഭരണം മോഷ്ടിച്ച സംഭവത്തിന്റെ സൂത്രധാരന്‍ സിനിമാ നിര്‍മാതാവെന്ന് പൊലിസ്. മുരുകനെന്ന തെലുങ്കു സിനിമാ നിര്‍മാതാവായ ഇയാള്‍ കള്ളക്കടത്തുകാരനുമാണെന്നാണ് പൊലിസ് പറയുന്നത്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
തിരുവാരൂരില്‍ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റിലായ മണികണ്ഠനെ ചോദ്യം ചെയ്തപ്പോഴാണ് പ്രതിയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇയാളില്‍ നിന്നു ജ്വല്ലറിയില്‍ നിന്നു മോഷ്ടിച്ച അഞ്ച് കിലോ സ്വര്‍ണവും കണ്ടെടുത്തിരുന്നു. വാഹന പരിശോധനയ്ക്കിടെ പൊലിസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ബൈക്കിനെ പിന്തുടര്ന്നാണ് മണികണ്ഠനെ പിടികൂടിയത്.
മണികണ്ഠന്റെ കൂടെ ബൈക്കിലുണ്ടായിരുന്ന സുരേഷ് കടന്നുകളഞ്ഞു. രക്ഷപ്പെട്ടയാള്‍ മുരുകന്റെ സഹായിയാണെന്നു വ്യക്തമായിട്ടുണ്ട്. മുരുകന് നിര്‍മിച്ച തെലുങ്ക് സിനിമയില്‍ ഇയാള്‍ അഭിനിയിച്ചിരുന്നു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് പുതുക്കോട്ടയില്‍ നിന്നു കഴിഞ്ഞ ദിവസം പിടികൂടിയ അഞ്ച് ജാര്‍ഖണ്ഡ് സ്വദേശികളെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."