ജീവിതം ജോളിയാക്കി ജോളി, ക്രൂരതയിലേക്ക് നയിച്ചത് അവിഹിത ബന്ധങ്ങളും സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമവും
തിരുവമ്പാടി: അവിഹിതവും സ്വത്ത് തട്ടിയെടുക്കാനുമുള്ള ബന്ധുവിന്റെ അതിബുദ്ധിയാണ് കൊലപാതകങ്ങളുടെ പിന്നിലെന്നാണ് പൊലിസ് നിഗമനം. റോയിയുടെ ബന്ധുവിനു റോയിയുടെ ഭാര്യയുമായുള്ള അവിഹിതമാണ് കൊലപാതകങ്ങളിലേക്ക് നയിച്ചത്. ബന്ധുവിന്റെ ഭാര്യയും കുഞ്ഞും കൊലപാതകത്തിന്റെ ഇരകളുമായി. മരിച്ച റോയിയുടെ ഭാര്യയെ ഇയാള്‍ വിവാഹം കഴിക്കുകയും ചെയ്തു.
മരിച്ചവരുടെ ഉറ്റബന്ധുവായ ജോളിയാണ് ഇപ്പോള്‍ സംശയത്തിന്റെ നിഴലില്‍. ഇവര്‍ ബന്ധുക്കളുടെ മരണശേഷം വ്യാജരേഖകള്‍ ചമച്ച് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നു.
അന്വേഷണം ഇവരിലേക്ക് നീണ്ടതോടെ നുണപരിശോധനയ്ക്കു വിധേയമാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും യുവതി സമ്മതമല്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകള്‍ തേടി സെമിത്തേരിയില്‍ എത്തുന്നത്. അതേസമയം പരാതി നല്‍കിയ റോജോയില്‍ സമ്മര്‍ദം ചെലുത്തി പിന്‍വലിപ്പിക്കാന്‍ ആവശ്യപ്പെടുന്നതായും ആരോപണമുണ്ട്.
സംശയത്തിലുള്ള യുവതിയുടെ ബാങ്ക് അക്കൗണ്ടുകളും ഫോണ്‍കോളുകളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. സംശയാസ്പദമായ പല തെളിവുകളും ഇതില്‍ നിന്ന് ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.
വിവിധ മേഖലകളിലുള്ളവര്‍ ഇവരുമായി ബന്ധപ്പെട്ടിരുന്നതായും ഇടപാടുകള്‍ക്ക് പ്രദേശത്തു തന്നെയുള്ള ചിലരുടെ സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടാകാമെന്നും സൂചനയുണ്ട്. മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിനു സമീപം ഇവര്‍ക്ക് സ്വകാര്യ സ്ഥാപനമുള്ളതായും ഇടപാടുകള്‍ ഇവിടെ കേന്ദ്രീകരിച്ച് നടന്നതായും പറയപ്പെടുന്നു.
ബന്ധുക്കള്‍ ആരോപിക്കുന്നതു പോലെയും നാട്ടുകാര്‍ സംശയിക്കുന്നത് പോലെയും മരണങ്ങള്‍ക്ക് പിന്നില്‍ ആരുടെയെങ്കിലും തിരക്കഥയുണ്ടെങ്കില്‍ കേരളം സാക്ഷ്യം വഹിക്കുക സമാനതകളില്ലാത്ത ഒരു കുറ്റകൃത്യത്തിനാകും.
കൂടത്തായിയില്‍ അന്വേഷണ സംഘം ആദ്യം തുറന്നത് കോടഞ്ചേരി സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിലെ കല്ലറ. ദുരൂഹമരണ പരമ്പരയില്‍ അവസാനമായി മരണപ്പെട്ട് ഒരേ കല്ലറയില്‍ അടക്കം ചെയ്ത അമ്മയുടെയും കുഞ്ഞിന്റെയും ഭൗതിക ശരീരങ്ങളാണു പുറത്തെടുത്തത്. ഷാജുവിന്റെ ഭാര്യ സിലിയുടെയും മകള്‍ ഒന്നേമുക്കാല്‍ വയസുകാരിയുടെയും മൃതദേഹങ്ങളാണ് കല്ലറ തുറന്ന് രാവിലെ പതിനൊന്നോടെ പുറത്തെടുത്തത്.
പള്ളി സെമിത്തേരിയിലെ കെട്ടിടത്തില്‍ തന്നെ ഇരുവരുടെയും പോസ്റ്റ്‌മോര്‍ട്ടം നടക്കുകയും ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തു. കല്ലറ തുറക്കുന്ന സ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകരെ മാത്രമെ പൊലിസ് കടത്തിവിട്ടിരുന്നുള്ളൂ.
നേരത്തെ കൂടത്തായി പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്ത മൂന്നു കല്ലറകളിലെ നാലുപേരുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കുമെന്നായിരുന്നു പൊലിസ് അറിയിച്ചത്. ഇതിനാല്‍ കൂടത്തായിയില്‍ രാവിലെ തന്നെ വന്‍ ജനാവലി എത്തിച്ചേര്‍ന്നിരുന്നു. ഇവരെ നിയന്ത്രിക്കാന്‍ വന്‍ പൊലിസ് സംഘവും എത്തിയിരുന്നു.
രാവിലെ 9.30ഓടെ അതീവരഹസ്യമായാണ് അന്വേഷണ സംഘം കോടഞ്ചേരിയിലേക്ക് തിരിച്ചത്. മാധ്യമങ്ങള്‍ക്കും പൊലിസിനും മാത്രമായിരുന്നു ഈ വിവരം ലഭിച്ചത്. കല്ലറ തുറക്കുന്നതിനു സമീപത്തേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനം ലഭിച്ചിരുന്നില്ല. ഒരേ സമയം ആറോളം പേരുടെ ഭൗതിക ശരീരങ്ങള്‍ കല്ലറകളില്‍ നിന്ന് പുറത്തെടുത്തു പരിശോധിക്കുന്നത് കേരളത്തില്‍ ആദ്യ സംഭവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."