കോണ്‍ഗ്രസുമായി സഖ്യം; സി.പി.ഐ കൗണ്‍സിലില്‍ ഭിന്നത
ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരേ ദേശീയതലത്തില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മതേതരസഖ്യം രൂപീകരിക്കുന്നതില്‍ സി.പി.ഐയില്‍ ഭിന്നത. മതേതര മുന്നണിയില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തണമെന്നായിരുന്നു ഭൂരിഭാഗവും നിലപാട് എടുത്തതെങ്കിലും ഡല്‍ഹിയില്‍ ഇന്നലെ സമാപിച്ച ദേശീയ കൗണ്‍സിലില്‍ കേരളാഘടകം ഇതിനെ എതിര്‍ത്തു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കേണ്ടെന്നും ബി.ജെ.പിയ്ക്കെതിരായി വിശാലവേദി രൂപീകരിച്ചാല്‍ മതിയെന്നും കൗണ്‍സിലില്‍ ധാരണയായി.
കോണ്‍ഗ്രസ് അടക്കമുള്ള ബൂര്‍ഷാ പാര്‍ട്ടികളുമായി സഖ്യം പാടില്ലെന്ന പോണ്ടിച്ചേരി പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനത്തില്‍ വെള്ളംചേര്‍ക്കരുതെന്ന് കേരളാ നേതാക്കള്‍ ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി സ്വാധീനമുള്ള കോണ്‍ഗ്രസിനെ ഒഴിച്ചുനിര്‍ത്തി രൂപീകരിക്കുന്ന മതേതരമുന്നണി പൂര്‍ണമാകില്ലെന്ന നിലപാടായിരുന്നു സി.പി.ഐ കേന്ദ്ര നേതൃത്വത്തിനുണ്ടായിരുന്നത്. ബി.ജെ.പിയെ തെരഞ്ഞെടുപ്പ് രംഗത്ത് പ്രതിരോധിക്കണമെങ്കില്‍ കോണ്‍ഗ്രസിന്റെ പിന്തുണയും സ്വാധീനവും ആവശ്യമാണ്. ഈ സാഹചര്യത്തില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സി.പി.ഐ ദേശീയ നിര്‍വാഹകസമിതി യോഗം തീരുമാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."