കന്നുകാലി വില്‍പന നിയന്ത്രണം: എതിര്‍പ്പറിയിച്ച് ബി.ജെ.പി ഭരണത്തിലുള്ള ഗോവയും
ന്യൂഡല്‍ഹി: കേന്ദ്ര വനംപരിസ്ഥിതിമന്ത്രാലയത്തിന്റെ വിവാദമായ കന്നുകാലി വില്‍പന നിയന്ത്രണ വിജ്ഞാപനത്തില്‍ എതിര്‍പ്പ് അറിയിച്ച് ഗോവയിലെ ബി.ജെ.പി സര്‍ക്കാരും. രാജ്യത്തെ ടൂറിസം വ്യവസായത്തെയും അനുബന്ധമേഖലയെയും ഗുരുതരമായി ബാധിക്കുമെന്ന് ഗോവ ആസൂത്രണ മന്ത്രി വിജയ് സര്‍ദേശായി പറഞ്ഞു. ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരിലെ സഖ്യകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാവാണ് സര്‍ദേശായി. കന്നുകാലികളെ അറവുശാലകള്‍ക്ക് വില്‍ക്കുന്നതിന് നിരോധനമേര്‍പ്പെടുത്തുന്നതടക്കമുള്ള നിര്‍ദേശങ്ങളടങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തിലുള്ള ആശങ്ക സംബന്ധിച്ചു മുഖ്യമന്ത്രി മനോഹര്‍ പരീക്കറുമായി ചര്‍ച്ചനടത്തിയിരുന്നുവെന്നും വിജ്ഞാപനത്തില്‍ ഇളവ് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയക്കുമെന്നും സര്‍ദേശായി അറിയിച്ചു.
വിജ്ഞാപനം ഏറ്റവുമധികം ബാധിക്കുക പാവപ്പെട്ട കര്‍ഷകരെയാണ്. സംസ്ഥാനത്തെ മാട്ടിറച്ചി വ്യവസായത്തെ ഇതിനകം ബാധിച്ചുകഴിഞ്ഞു. പരമ്പരാഗത മാട്ടിറച്ചി വ്യവസായികളായ ഖുറേശി, ബേപാരി വിഭാഗങ്ങള്‍ ഒരുതരത്തിലുള്ള അനീതിക്കും ഇരയാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു.
ഗോവയിലെ ഭൂരിഭാഗം ആളുകളും മാംസാഹാരം കഴിക്കുന്നവരാണ്. ഓരോരുത്തരുടെയും ഭക്ഷണസ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പുവരുത്തുന്നുണ്ട്. അതുകൊണ്ട് എന്ത് കഴിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മറ്റൊരാള്‍ക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേന്ദ്രത്തിന്റെ വിജ്ഞാപനം ഗോവയെ ബാധിക്കില്ലെന്നും സംസ്ഥാനത്ത് അറവു ശാലകള്‍ ഇല്ലെന്നുമാണ് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."