പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി
കുറ്റ്യാടി: കുറ്റ്യാടി മലയോരത്ത് പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിപ്പനിയും വ്യാപകമായ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമായി.
പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നരിപ്പറ്റ പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഹരിതകേരളം പദ്ധതിയുടെ ശുചിത്വ പദ്ധതിയുടെ ഭാഗമായി വാര്‍ഡ്തല ശുചീകരണവും നടത്തി. 17 വാര്‍ഡുകളിലും വാര്‍ഡ് ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ പ്രത്യേക അയല്‍ക്കൂട്ടങ്ങള്‍ ചേര്‍ന്നു.
വീടുകളും പരിസരങ്ങളും ശുചീകരിച്ചു. പഞ്ചായത്ത്തല ശുചീകരണം എ.കെ നാരായണി ഉദ്ഘാടനം ചെയ്തു. വി.പി കുമാരന് അധ്യക്ഷനായി. ഡെങ്കിപ്പനിയുള്‍പ്പെടെയുള്ള മഴക്കാല രോഗങ്ങള്‍ പ്രതിരോധിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായി മരുതോങ്കര പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണവും ബോധവല്‍ക്കരണവും നടത്തി. അതേസമയം കുറ്റ്യാടി, കായക്കൊടി, വേളം പഞ്ചായത്തുകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നതായി ആക്ഷേപം വ്യാപകമാണ്.
പലസ്ഥലങ്ങളിലും മലിനജലം കെട്ടിക്കിടന്ന് കൊതുകുകള്‍ പെരുകുന്ന സാഹചര്യമുണ്ട്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പലസ്ഥലങ്ങളിലും കെട്ടിക്കിടന്ന് ചീഞ്ഞളിയുന്നത് പകര്‍ച്ച വ്യാധികള്‍ പടരുന്നതിന് ഇടയാക്കുമെന്ന ആശങ്കയുയര്‍ത്തുന്നുണ്ട്.
കുറ്റ്യാടി ടൗണില്‍ സാംസ്കാരിക നിലയത്തിന് പിന്നിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് മലിനജലം കെട്ടിക്കിടന്ന് കൊതുക് വളരുന്ന സാഹചര്യമുണ്ട്. ഓടകളില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങളും മലിനജലവും നീക്കാനുള്ള പ്രവര്‍ത്തനങ്ങളൊന്നും ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."