മരിയ വെറുമൊരു മരിയയുടെ പ്രശ്‌നമല്ല
ഉടനീളം ഹാസ്യത്തിന്റെ മേമ്പൊടിയോടെ, ഗൗരവമായ പല വിഷയങ്ങളെ സമന്വയിപ്പിച്ച് കൊണ്ട്, സാധാരണ കണ്ട് വരുന്ന നോവല്‍ ആഖ്യാനരീതികളെ തരിപോലും പിന്തുടരാതെ എഴുതിയിരിക്കുന്ന ഒരു കൃതിയാണ് 'മരിയ വെറും മരിയ'.
ഒരു ആശുപത്രിയുടെ പരിസരങ്ങളില്‍ നിന്നാണ് മരിയ തന്റെ കഥ പറഞ്ഞ് തുടങ്ങുന്നത്. ഭ്രാന്തൊഴിഞ്ഞ മനസില്‍, തന്റെ പഴയ മനസ് ഒരു നൊസ്റ്റാള്‍ജിയ ആയി മാറുന്നുവെന്ന് അവള്‍ മനസിലാക്കുന്നു. 'പ്രാക്ടിക്കല്‍ നോര്‍മല്‍ ലൈഫ്' എന്നെല്ലാവരും കരുതുന്ന പുതിയ അവസ്ഥയിലിരുന്നുകൊണ്ട്, വായനക്കാരെ, മരിയയുടെ കുട്ടിക്കാലത്തിലേക്കു കൊണ്ടുപോകുന്നു. യാതൊരു കാരണങ്ങളുമില്ലാതെയാണ് തനിക്ക് ഭ്രാന്തു വന്നതെന്നാണ് മരിയ പറയുന്നത്.
മരിയയുടെ നാട് തന്നെ കുഴപ്പം പിടിച്ചതായിരുന്നു. നാട് കേരളം എന്നറിയപ്പെട്ടു. കൊട്ടാരം വീട്ടിലായിരുന്നു, അവളുടെ അമ്മ വീട്ടിലായിരുന്നു, അവളുടെ വല്യപ്പച്ചനോടും വല്യമ്മച്ചിയോടും കൂടെയായിരുന്നു കുട്ടിക്കാലം. അവിടെ നടക്കുന്ന ഓരോ കാര്യങ്ങളെയും കൊച്ചു മരിയ തന്റെ നിഷ്‌കളങ്കമായ ചിന്തകളോടുകൂടി വിവരിക്കുന്നതാണ് നോവലിന്റെ ഭൂരിഭാഗവും.
മിക്ക സമയവും കള്ളുഷാപ്പും ഊരുതെണ്ടലുമായിരുന്നു ഗീവര്‍ഗ്ഗീസിന്. കൊച്ചുമകളായ മരിയയെയും ഇതിനൊക്കെ കൊണ്ടുപോകും. മരിയക്ക് മാത്രമാണ് ഈ വല്യപ്പച്ചന്‍ ഭീകരനല്ലാത്തത്. പുള്ളിയുടെ ശരിക്കും പറഞ്ഞാ ഒരു 'തഗ്ഗ് ലൈഫ്' എന്ന് പറയുന്ന പോലത്തെ ചിന്തകളും പ്രവൃത്തികളും, പലപ്പോഴും ചിന്തയും ചിരിയും ഉണര്‍ത്തുന്നുണ്ട്.
പുരാതന സിറിയന്‍ ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ വിവരിക്കുന്ന നോവലിന്റെ പല ഭാഗങ്ങളിലും ഗീവര്‍ഗ്ഗീസും മരിയയും സര്‍ക്കാസത്തിലൂടെ പലതിനെയും വിമര്‍ശിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഗീവര്‍ഗ്ഗീസിന്റെ അപ്പന്‍ കുഞ്ചെറിയ ശക്തമായ ഒരു കഥാപാത്രമായി നിറഞ്ഞുനില്‍ക്കുന്നു. ഗീവര്‍ഗ്ഗീസിന്റെ ഭാര്യ മറിയാമ്മ, അവരുടെ മക്കളായ നീനയും ഷീനയും ഷാജനും പിന്നെ മരിയയുടെ മമ്മയും പപ്പയും രണ്ട് സഹോദരങ്ങളും കൂടാതെ, കുടുംബത്തില്‍ തലമുറകള്‍ക്ക് മുന്‍പേ മരിച്ചുപോയ ചിറമ്മേല്‍ കത്തനാര്‍, മാത്തിരി വല്യമ്മച്ചി അങ്ങനെ രസകരങ്ങളായ ഒത്തിരി കഥാപാത്രങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് മരിയയുടെ കുട്ടിക്കാലം.
മരിയയുടെ കാഴ്ചപ്പാടില്‍ വലിയ തത്വചിന്തകനാണ് എപ്പോഴും കൂടെ നടക്കുന്ന ചാണ്ടിപ്പട്ടി. ഇവരുടെ സംസാരങ്ങള്‍ കുറച്ചൊന്നുമല്ല ചിരിപ്പിക്കുന്നത്. കൂടാതെ സാക്ഷാല്‍ യേശുവും കഥാപാത്രമായി വരുന്നുണ്ട്. അതും നല്ല ഫ്രീക്ക് സ്‌റ്റൈലില്‍. ഗീവര്‍ഗ്ഗീസ് പുണ്യാളന്‍, കോഴികളെയും മൃഗങ്ങളെയും പരിപാലിക്കുന്ന, സോ കോള്‍ഡ് പരമ്പരാഗത ഡ്യൂട്ടിയില്‍ ബോറടിച്ച് ലോക പര്യടനത്തിന് പോയി തിരിച്ചുവരുന്ന ഭാഗങ്ങളെല്ലാം ഹാസ്യത്തിന്റെ അപാര സാധ്യതകളെ ഉപയോഗപ്പെടുത്തിയാണ് വിവരിച്ചിരിക്കുന്നത്.
ഒരു ഘട്ടത്തില്‍, തറവാട്ടില്‍ നിന്ന് മരിയ, സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകുന്നു. സഹോദരങ്ങളുമായി അപ്പാഴേക്കും, മാനസികമായി വലിയൊരു അകല്‍ച്ചയില്‍ പെട്ടുപോകുന്ന അവള്‍ തീര്‍ത്തും ഒറ്റയ്ക്കാകുന്നു, ദേഷ്യക്കാരിയാകുന്നു, ആക്രമണ സ്വഭാവം കാണിക്കുന്നു, പതിയെ പതിയെ 'അബ്‌നോര്‍മല്‍' എന്ന് എല്ലാവരും വിധിയെഴുതുന്നു. പിന്നീട് മരിയ വളരാന്‍ തീരുമാനിക്കുന്നു. മരിയ തനിക്ക് തോന്നുന്ന പോലെ വളരുന്നു. മറ്റുള്ളവരുടെ കണ്ണില്‍, അതൊട്ടും പ്രീതികരമായിരുന്നില്ല, മരിയയ്ക്കതൊട്ടും പ്രശ്‌നവുമായിരുന്നില്ല.
മരിയ ഒരു കല്യാണം കഴിക്കുന്നു.. വേര്‍ പിരിയുന്നു. അതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ 'സത്യായിട്ടും എനിക്കോര്‍മ്മയില്ലമ്മച്ചീ' എന്ന് പറയുന്നവളെ നോര്‍മല്‍ ആണെന്ന് ആര് പറയാനാണ്? പക്ഷേ, മരിയയ്ക്ക് അതൊന്നും അസാധാരണമേയല്ല.
പിന്നീട് അരവിന്ദ്, ഹരി, വിനായകന്‍, മരിയ താമസിക്കുന്നയിടത്തിലെ സുഹൃത്തുക്കള്‍ എല്ലാം കടന്നുവരുന്നു. അരവിന്ദുമായി മരിയ, കൂടുതല്‍ സൗഹൃദത്തിലാകുന്നു. കുട്ടിക്കാലത്തെക്കുറിച്ചുള്ള വിവരണങ്ങളുടെ സൗകുമാര്യതയില്‍ നിന്നും ഒരു നാഗരിക ജീവിതത്തിന്റെ, ഫ്രീ ലിവിങ് സ്‌റ്റൈല്‍ പരിസരങ്ങളിലേക്ക് ആഖ്യാനം മാറുന്നുണ്ട്. ഗീവര്‍ഗ്ഗീസ് അപ്പച്ചന്റെ മരണത്തോടെ, മരിയയുടെ മനസ് കൈവിട്ടുപോകുന്നു.
ആശുപത്രിയില്‍ പതിയെ നോര്‍മല്‍ എന്ന്, മറ്റുള്ളവര്‍ വിളിക്കുന്ന അവസ്ഥയിലേക്ക് തിരിച്ചുവരുന്ന മരിയയെയാണ് നോവലിന്റെ തുടക്കത്തില്‍, വായനക്കാര്‍ കാണുന്നത്.
മരിയ വലിയൊരു ദൃഷ്ടാന്തമാണ്. എന്തിന്റെയൊക്കെയോ പിന്നാലെ പായുന്ന ലോകത്തില്‍, വളരെ കൂളായി ജീവിക്കാന്‍ മാത്രം അറിയാവുന്ന ഒരാള്‍. മത്സരിച്ച് ജീവിതത്തില്‍ നേടാന്‍ ഒന്നുമില്ലെന്ന് കരുതുന്നവള്‍. മറ്റുള്ളവര്‍ തന്നെ 'അബ്‌നോര്‍മല്‍' എന്ന് വിളിക്കുന്നതല്ലേ യഥാര്‍ഥത്തില്‍ 'അബ്‌നോര്‍മല്‍' എന്നു ചിന്തിക്കുന്നവള്‍.
എവിടെയൊക്കെയോ ഒരു കൊച്ചു മരിയ നമ്മളിലും ഒളിഞ്ഞിരിപ്പുണ്ടെന്ന്, അല്ലെങ്കില്‍ മരിയയെപ്പോലെ ചിലപ്പോഴെങ്കിലും ആകണമെന്ന് തോന്നിപ്പിക്കുന്ന വിധം വായിച്ചവസാനിപ്പിച്ച നോവല്‍.
കേരള യൂനിവേഴ്‌സിറ്റിയില്‍ നിന്നു ജേണലിസം ആന്റ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയ സന്ധ്യാമേരി എറണാകുളം സ്വദേശിനിയാണ്. ഇപ്പോള്‍ മാതൃഭൂമി ക്ലബ് എഫ്എമ്മില്‍ പ്രൊഡ്യൂസര്‍. സാമൂഹ്യ മാധ്യമങ്ങളില്‍ സന്ധ്യയുടെ സാന്നിധ്യം ഇല്ലെന്നു തന്നെ പറയാം. നല്ലൊരു വായനക്കാരി കൂടിയാണെന്ന് സാക്ഷ്യപ്പെടുത്തുകയും, അതിലേറെ വളരെ ലളിതവും സരസവുമായ സംഭാഷണങ്ങള്‍ കൊണ്ട് അത്ഭുതപ്പെടുത്തുകയും ചെയ്ത ഒരു വ്യക്തിയാണ് സന്ധ്യ.
റിയാലിറ്റി എന്നത് വളരെ പരിമിതമാണ്
#സന്ധ്യാമേരി/ ദിവ്യ ജോണ്‍ ജോസ്
ഒരു കഥയുടെ പ്രമേയം ആവശ്യപ്പെടുന്ന സംഭവങ്ങളുടെ സന്നിവേശമാണ് പ്രസ്തുത കൃതിയെ കൂടുതല്‍ അഴകുള്ളതാക്കുന്നത്. മരിയ എന്ന പെണ്‍കുട്ടി യുവതിയെക്കുറിച്ച് പറയാന്‍ അസംഖ്യം കഥാപാത്രസമേതം, നിരവധി സംഭവങ്ങളെ നോവലില്‍ സമന്വയിപ്പിച്ചിരിക്കുന്നു. അതും ആദ്യന്തം നര്‍മ്മമെന്ന സ്ഥായീഭാവത്തോടെ. മരിയയുടെ കഥയുണ്ടായ സാഹചര്യവും ചുറ്റുപാടുകളെക്കുറിച്ചും ഒന്ന് പറയാമോ?
എഴുത്ത് എന്ന പരിപാടിയോട് ഒട്ടും താല്‍പര്യമില്ലാത്ത ഒരാളാണ് ഞാന്‍. നമ്മുടെ തലയില്‍ ഉള്ള ഐഡിയ മുഴുവന്‍ അടുക്കും ചിട്ടയോടും കൂടിപകര്‍ത്തുക എന്നത് എന്നെ സംബന്ധിച്ച് വളരെ മടുപ്പ് ഉള്ള ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ മരിയ ഒരു ഒരു സാഹിത്യരൂപം ആയിട്ടല്ല ഞാന്‍ എഴുതിത്തുടങ്ങിയത്. ഇതെവിടം വരെ പോകും എന്നറിയാനായി തലയ്ക്കകത്ത് നടക്കുന്ന പല തരംതിരിവുകള്‍ ഞാന്‍ തമാശയ്ക്ക് പറയും പോലെ തലയ്ക്കകത്ത് നടക്കുന്ന രാസപ്രവര്‍ത്തനം ചുമ്മാ അങ്ങ് എഴുതുകയായിരുന്നു അതും ഇംഗ്ലീഷില്‍. ഒത്തിരി വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുഞ്ഞു നോട്ട് ബുക്കില്‍ എഴുതിത്തുടങ്ങിയത്, കുറെ വര്‍ഷങ്ങള്‍ അതിനെക്കുറിച്ച് മറന്ന് പോയിരുന്നു. നോട്ടുബുക്കുകള്‍ നഷ്ടപ്പെട്ടുപോയിരുന്നു.
എഴുത്തുകാരി ആവാനുള്ള യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ല. എന്നുവച്ചാല്‍ എന്റെ താല്‍പര്യമില്ലായ്മ മാത്രമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. മുപ്പത് വയസിനോടടുക്കുമ്പോഴാണ് എന്റെ ആദ്യ കഥ മാതൃഭൂമി പ്രസിദ്ധീകരിക്കുന്നത്. തമാശ എന്താണെന്നുവച്ചാല്‍ അതുവരെ ഞാന്‍ ഒന്നും എഴുതിയിരുന്നില്ല. ഒരിക്കലും എഴുത്ത് എന്റെ ആലോചനകളിലൊന്നുമുണ്ടായിരുന്നില്ല. മരിയയുടെ കാര്യം പറഞ്ഞാല്‍, നമുക്ക് ഒരു പരിചയമില്ലാത്ത ലോകം, നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഈ ലോകത്ത് ജീവിച്ചിരിക്കാന്‍ തന്നെ ഒരു സാധ്യതയും ഇല്ലാത്ത ആളുകള്‍, മൃഗങ്ങള്‍ ഇതൊക്കെ ഉണ്ടാക്കിയ അഥവാ ഉണ്ടായി വന്നത് രസകരമായിരുന്നു. നല്ല തമാശയായിരുന്നു. വേദനയൊന്നും അനുഭവിക്കാന്‍ ഒരു താല്‍പര്യവും ഇല്ലാത്ത ആളാണ് ഞാന്‍.
ഒരിക്കലും സംഭവിക്കാനിടയില്ലാത്ത കാര്യങ്ങളെ സംഭവിച്ചു എന്ന മട്ടില്‍ എഴുതി വായനക്കാരനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതിനെ അധമസാഹിത്യം എന്ന് എം. കൃഷ്ണന്‍ നായര്‍ ഒരിക്കല്‍ പരാമര്‍ശിക്കുകയുണ്ടായി. എന്നാല്‍ വായനക്കാരുടെ അഭിരുചി അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഒരു വായനാ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അവനെ വിസ്മയിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതും അമാനുഷികമെന്നും തോന്നിപ്പിക്കുന്ന കഥകള്‍ അന്വേഷിക്കുന്ന ഒരു വിഭാഗം വായനക്കാരും ഇന്നുണ്ട്. സയന്‍സ്-ഫിക്ഷന്‍ മറ്റ് ഫാന്റസി ജനറുകള്‍ തുടങ്ങിയവ വളരെ പെട്ടെന്ന് പോപ്പുലര്‍ ആകുകയും ചെയ്യുന്നു. സാഹിത്യം എന്നത് നിര്‍വ്വചിക്കാന്‍, മാറിക്കൊണ്ടിരിക്കുന്ന അഭിരുചികള്‍ കൂടി കണക്കിലെടുക്കണം എന്ന് പറഞ്ഞാല്‍ യോജിക്കാനാകുമോ?
അങ്ങനെയാണെങ്കില്‍ മാജിക്കല്‍ റിയലിസം ഒന്നും ഉണ്ടാകുമായിരുന്നില്ല. വ്യക്തിപരമായി പറയുകയാണെങ്കില്‍ അത്ഭുതപ്പെടുത്തുന്ന ലോകങ്ങള്‍ കാണിച്ചുതരുന്ന പുസ്തകങ്ങള്‍ വായിക്കാന്‍ ആണ് എനിക്കിഷ്ടം. അമാദോയുടെയും മാര്‍ക്വേസിന്റെയും അലന്‍ഡെയുടെയും പുസ്തകങ്ങള്‍ എത്ര പ്രാവശ്യം വായിക്കാനും എനിക്കാകും. നോര്‍മല്‍ ആയ കാര്യങ്ങള്‍ പറയുന്ന സാഹിത്യം എന്നെ വല്ലാതെ ബോറടിപ്പിക്കും. കൃഷ്ണന്‍നായര്‍ ഇത് പറയുന്ന കാലത്തും മാജിക്കല്‍ റിയലിസം കേരളത്തില്‍ വളരെയധികം പോപ്പുലര്‍ ആയിരുന്നല്ലോ? അപ്പോള്‍ അത് കാലത്തിന്റെയല്ല, കാഴ്ചപ്പാടിന്റെ പ്രശ്‌നമാണ്. പിന്നെ ഓരോ പുസ്തകവും ഡിമാന്‍ഡ് ചെയ്യുന്ന ഒരു എഴുത്തുരീതി ഉണ്ട്.
അത് സ്വാഭാവികമായി എഴുത്തിലേക്ക് വരുന്നു എന്നാണ് എനിക്കു തോന്നുന്നത്. ഇനി ഒരു പുസ്തകം എഴുതുകയാണെങ്കില്‍ അത് തീര്‍ത്തും വ്യത്യസ്തമായിട്ടായിരിക്കും എഴുതുക എന്നാണ് തോന്നുന്നത്. എം. കൃഷ്ണന്‍ നായര്‍ എന്റെ ആദ്യ കഥയെപ്പറ്റി, വാരഫലത്തില്‍ രസകരമായ ഒരു കമന്റ് എഴുതിയിട്ടുണ്ട്. സന്ധ്യ എന്ന പേരില്‍ ഏതോ ഒരാള്‍ എന്തൊക്കെയോ തോന്നിവാസം എഴുതിയിട്ടുണ്ടെന്നായിരുന്നു അത്. ഞാനൊരാണാണെന്നുള്ളതായിരുന്നു പ്രധാന പ്രശ്‌നം. കള്ളുകുടിച്ച് ബോധമില്ലാതെ ഉറക്കത്തില്‍ ഡൈനിങ് ടേബിളിനടിയില്‍ മൂത്രം ഒഴിക്കുന്ന ഒരാളായിരുന്നു നായകന്‍. എനിക്ക് അങ്ങനെയുള്ള ആണുങ്ങളെ അറിയാം. കള്ളുകുടി സെറ്റപ്പുകള്‍ പരിചയമുള്ള എല്ലാവര്‍ക്കുമറിയാം. പക്ഷേ കൃഷ്ണന്‍ നായര്‍ക്കറിയില്ല. അദ്ദേഹത്തിന്റെ റിയാലിറ്റിയില്‍ അതില്ല. അതാണ് റിയാലിറ്റിയുടെ പ്രശ്‌നം. അത് വളരെ പരിമിതമാണ്.
ഒരു വ്യക്തിയുടെയും അയാള്‍ ഉള്‍പ്പെടുന്ന പ്രദേശം അഥവാ സമൂഹത്തിന്റെയും, സ്വത്വ നിര്‍ണയത്തില്‍, അവരുപയോഗിച്ച് ശീലിച്ച ഭാഷ വലിയൊരു ഘടകമാണ്. പി.എസ്.സി പരീക്ഷകള്‍ മലയാളത്തില്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന ചര്‍ച്ചകളും ആവശ്യങ്ങളും ഒരു സ്വത്വപ്രതിസന്ധി ഘട്ടത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. മലയാള ഭാഷയെ, അതിന്റെ തനിമയോടെ നിലനിര്‍ത്താന്‍ പര്യാപ്തമായ റിസോര്‍സുകളെപ്പറ്റി നാം കൂടുതലായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട ഒരവസ്ഥ ഉണ്ടോ?
ഒരു സംഗതി അതിനെ നമ്മള്‍ ബലം പ്രയോഗിച്ച് നിലനിര്‍ത്തേണ്ടി വരികയാണെങ്കില്‍ അതിലെന്തോ അസ്വാഭാവികതയുണ്ട്. നിലനില്‍ക്കുന്നത് ആണെങ്കില്‍ നിലനില്‍ക്കും ഇല്ലെങ്കില്‍ കമ്മ്യൂണിക്കേഷനായി വേറെ എന്തെങ്കിലും വികസിച്ചുവരും. ഞാനിപ്പോള്‍ അറിവിനും എന്റര്‍ടെയ്ന്‍മെന്റിനും ഒന്നും മലയാളത്തിനെ കാര്യമായി ആശ്രയിക്കുന്നില്ല. മാത്രമല്ല, എനിക്കിപ്പോള്‍ മലയാളം ഇതുപോലെ തന്നെ നിലനില്‍ക്കണം എന്ന് ഒരു നിര്‍ബന്ധവുമില്ല. പ്രത്യേകിച്ച് സ്‌നേഹമൊന്നും എനിക്കില്ല എന്നതുതന്നെ. എല്ലാ ഭാഷയും നല്ലതുതന്നെ. എനിക്ക് നോര്‍ത്ത് ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ തനി ലോക്കല്‍ രീതിയില്‍ ഹിന്ദിയൊക്കെ വര്‍ത്തമാനം പറഞ്ഞ് നടക്കാന്‍ വലിയ ഇഷ്ടമാണ്. പക്ഷേ ഹിന്ദി പഠിക്കണം എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഓടാന്‍ പറയും. അത് നമ്മുടെ പൊളിറ്റിക്‌സിന്റെ പ്രശ്‌നം.
ഹാസ്യസാഹിത്യം പൊതുവെ പുരുഷന്മാരുടെ മേഖലയാണ് എന്ന് പരക്കെ അഭിപ്രായമുണ്ട്. പ്രത്യേകിച്ച് മലയാളത്തിലെ അത്തരം സ്ത്രീ രചനകളുടെ അഭാവം തന്നെ അതിന് തെളിവാണ്. പുതിയ തലമുറയിലെ ആണ്‍ എഴുത്തുകാരെ, നിരീക്ഷിച്ചാലും, അത്തരം കൃതികള്‍ ഇല്ല എന്നോ വിരളം എന്നോ പറയേണ്ടിവരും. ആക്ഷേപഹാസ്യം എന്നതിന്റെ മൂര്‍ച്ച എത്രയേറെ ഉണ്ടെന്ന് കാണിച്ച് തന്ന വെറ്ററന്‍സ് നമുക്കുണ്ടായിരുന്നു എന്ന് മറക്കാന്‍ പറ്റില്ല. സ്ത്രീപുരുഷ ഭേദമന്യേ ചിന്തിച്ചാലും നര്‍മം കൈകാര്യം ചെയ്യുന്നവര്‍ മലയാളത്തില്‍ ഇപ്പോള്‍ കുറവാണെന്ന് നിരീക്ഷിച്ചിട്ടുണ്ടോ?
ആദ്യമേ പറയട്ടെ, മരിയ വെറും ഹാസ്യസാഹിത്യമല്ല. അത് വളരെ സീരിയസ് ആയി ഡെപ്തുള്ള, മൃദുവായ രീതിയില്‍ വളരെയധികം പൊളിറ്റിക്‌സ് പറയുന്ന ഒരു പുസ്തകമാണ്. മനുഷ്യപക്ഷത്തു നിന്നു ചിന്തിക്കുന്ന, മനുഷ്യന്റെ പ്രശ്‌നങ്ങള്‍ അറിയുന്ന, അതില്‍ വിഷമിക്കുന്ന ദൈവങ്ങള്‍ അവിടെയുണ്ട്. നിങ്ങളുടെ ഈ മേധാവിത്വം ശരിയല്ല എന്ന് മനുഷ്യനോട് പറയുന്ന മൃഗങ്ങള്‍ ഉണ്ട്. ഈ പുഴ ഞങ്ങളുടെ ആണെന്ന് പറഞ്ഞ് ആരെങ്കിലും വന്നാല്‍ മുട്ടുകാല്‍ കേറ്റും എന്ന ഗീവര്‍ഗീസിന്റെ പറച്ചില്‍ നമ്മളോരോരുത്തരും പറയാന്‍ പഠിക്കേണ്ടതാണ്.
ഉട്ടോപ്യന്‍ എന്ന് പറയാമെങ്കിലും, ഐഡിയല്‍ ആയ ഒരു സമൂഹം എങ്ങനെ ആയിരിക്കണം എന്നാണ് മരിയ പറയുന്നത്. അങ്ങനെയല്ലാത്ത സമൂഹത്തില്‍ ജീവിക്കുന്നതു കൊണ്ടാണ്, മറ്റൊന്നും ആകാതെ, വെറും മരിയ ആയിരിക്കുന്നത് കൊണ്ടാണ് മരിയ ഭ്രാന്താശുപത്രിയില്‍ അവസാനിക്കുന്നത്. പക്ഷേ കഥ പറയുന്നത് സറ്റയറിക്കല്‍ ഹ്യൂമറസ് രീതിയിലാണെന്നു മാത്രം. ഈ ഒരു ജനറേഷനില്‍ വന്ന ഒരു മാറ്റം എന്താണെന്നു വച്ചാല്‍, ആണുങ്ങളെക്കാള്‍ നന്നായിട്ട് അന്തംവിട്ട്, വിറ്റടിക്കുന്ന പെണ്ണുങ്ങളുണ്ട്. പക്ഷേ അവര്‍ക്കൊക്കെ കഥ എഴുതാന്‍ പോകാന്‍ പറ്റില്ലല്ലോ. വേറെ പണിയില്ലേ? കടുകു പൊട്ടിക്കുന്നതിനെപ്പറ്റിയും മീന്‍ കൂട്ടാന്‍ ഉണ്ടാക്കുന്നതിനെപ്പറ്റിയും എന്താ തമാശ പറയുക?
സോഷ്യല്‍ മീഡിയയില്‍ സന്ധ്യ ഒരു സജീവ സാന്നിധ്യമല്ല. അത് തീര്‍ത്തും വ്യക്തിപരമായി കാണുന്നു. വായനക്കാരില്‍ നിന്നും മറ്റും ഇന്‍സ്റ്റന്റ് ആയി പ്രതികരണങ്ങള്‍ അറിയാനുള്ള ഒരു മാര്‍ഗ്ഗമായിട്ടും സോഷ്യല്‍ മീഡിയ വര്‍ത്തിക്കുന്നുണ്ട്. എങ്ങനെയാണ് തന്റെ പുസ്തകങ്ങള്‍ വായനക്കാരിലുണ്ടാക്കുന്ന ചിന്തകളെ, അഭിപ്രായങ്ങളെയൊക്കെ അറിയുന്നത്? എഴുതിക്കഴിഞ്ഞാല്‍ പിന്നെ അതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട എന്ന സിദ്ധാന്തമാണോ അതിനു പുറകില്‍?
നമുക്കിപ്പൊ അതറിയണമെന്ന് നിര്‍ബന്ധം ഒന്നുമില്ലല്ലോ. ആള്‍ക്കാര് വായിച്ചാല്‍ കൊള്ളാം, ഇല്ലേലും ഇപ്പോള്‍ വല്യ കുഴപ്പമൊന്നുമില്ല. അത് നമ്മളെ അങ്ങനെ ബാധിക്കുന്ന കാര്യമല്ല. ആദ്യമേ പറഞ്ഞല്ലോ ഞാനങ്ങനെയുള്ള ഒരാളല്ല. അങ്ങനെയായിരുന്നെങ്കില്‍ കൂടുതല്‍ എഴുതുമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതിന് കാരണം ഞാന്‍ ആള്‍ക്കൂട്ടവും ബഹളവും ഇഷ്ടപ്പെടാത്ത ഒരാളാണ്. അല്ലെങ്കില്‍ തന്നെ ആയിരക്കണക്കിന് ആള്‍ക്കാര് 'എന്നെ വായിക്കൂ എന്നെ വായിക്കൂ' എന്ന് പറഞ്ഞു കരയുന്നുണ്ട്. ഇനിയിപ്പം നമ്മളും കൂടി ബഹളമുണ്ടാക്കണോ?
ഇതൊക്കെയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ എനിക്കറിയാത്ത ഏതൊക്കെയോ ആളുകള്‍ നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ ആണ് മരിയയെ വായനക്കാരിലേക്ക് എത്തിച്ചത്. അതിന് ഞാനോ പബ്ലിഷറോ ഈ പുസ്തകത്തിനു വേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ അംഗമാകുന്നതിനെക്കുറിച്ച് ഞാനിപ്പോള്‍ ആലോചിക്കുന്നുണ്ട്. അത് തികച്ചും രാഷ്ട്രീയപരമായ കാരണങ്ങളാല്‍ ആണ്. വളരെ പൊളിറ്റിക്കല്‍ ആയിട്ടുള്ള ഒരാളാണ് ഞാന്‍. കഴിഞ്ഞ കുറേ നാളുകളായി ഈ രാജ്യത്ത് നടക്കുന്ന പലതും കാണുമ്പോള്‍ ഭയങ്കര ദേഷ്യം തോന്നുന്നു.
പുതിയ എഴുത്തുകള്‍?
ഓ ഒന്നുമില്ല. അല്ല വേറൊന്നും ചെയ്യാനില്ലാതിരിക്കുമ്പോള്‍ മാത്രം ഉള്ള പരിപാടിയാണ് എനിക്ക് എഴുത്ത്. അതിനേക്കാള്‍ താല്‍പര്യമുള്ള ഒത്തിരി കാര്യങ്ങളുണ്ട്. കളി കാണാന്‍, യാത്ര, ചരിത്രം, ഭക്ഷണം ഉണ്ടാക്കല്‍, കഴിക്കല്‍, പിന്നെ ഇങ്ങനെ ചുമ്മാ തെണ്ടിത്തിരിഞ്ഞുനടക്കല്‍. അതിനിടയില്‍ എഴുത്ത് ഒത്തിരി താഴെയാണ്.
ദാരാ ഷിക്കോവിനെപ്പറ്റി ഒരു നോവല്‍ എഴുതണം എന്ന് ആഗ്രഹമുണ്ട്. അത് എഴുത്തിനോടുള്ള ആഗ്രഹത്തെക്കാള്‍, ദാര എന്ന് പറയുന്ന വ്യക്തിത്വത്തോടുള്ള അതിഭീകരമായ ഫാസിനേഷന്‍ കൊണ്ടാണ്. മധ്യകാല ഭാരതം കണ്ട ഏറ്റവും വലിയ സെക്യുലറിസ്റ്റ് ആണ് ദാര. ഒരുപക്ഷേ അക്ബറേക്കാള്‍ മേലെ. ഇന്ന് ആ മനുഷ്യനെ സെക്യുലറിസത്തിന് നേരെ എതിരെ നില്‍ക്കുന്നവര്‍ ഹൈജാക്ക് ചെയ്തിരിക്കുന്നതാണ് അവിശ്വാസി എന്ന ആരോപണ വിധേയനായി ഗളച്ഛേദം ചെയ്യപ്പെട്ട ദാര ഷിക്കോവിന്റെ ഏറ്റവും വലിയ ദുര്യോഗം. വലിയ ഇന്റലക്ച്വല്‍ ആയിരുന്നുവെങ്കിലും, പലപ്പോഴും ബാലിശമായി പെരുമാറിയിരുന്ന, ഒത്തിരി ദൗര്‍ബല്യങ്ങളുണ്ടായിരുന്ന ആളായിരുന്നു ദാര. ചിലപ്പോ എഴുതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."