പരീക്ഷണങ്ങളേ... നിങ്ങള്‍ക്കു സ്വാഗതം
''അച്ഛാ, എന്തുകൊണ്ടാണ് കൂട്ടുകാര്‍ക്ക് എന്നോട് ഇത്ര വലിയ ആസൂയ. ഞാനെന്തു ചെയ്യുകയും പറയുകയും ചെയ്താല്‍ അവര്‍ എന്നെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നല്ലോ.'' മകന്റെ പരിഭവം.
അച്ഛന്‍ സമാധാനിപ്പിച്ചുകൊണ്ടു പറഞ്ഞു: ''മോനെ, കൂട്ടുകാര്‍ നിന്നെ വിമര്‍ശിക്കുന്നുണ്ടോ..? എങ്കില്‍ നീ രക്ഷപ്പെട്ടു..!''
''അതെന്താ അച്ഛാ, അങ്ങനെ..?''
''മാങ്ങയുള്ള മാവിനല്ലേ ഏറു കിട്ടുകയുള്ളൂ. കൂട്ടുകാര്‍ നിന്നോട് അസൂയ വയ്ക്കുന്നുവെങ്കില്‍ അസൂയാര്‍ഹനാകാന്‍ മാത്രം നീ വളര്‍ന്നിരിക്കുന്നുവെന്നല്ലേ അതിനര്‍ഥം.. ഒന്നുമല്ലാത്തവനോട് ആര്‍ക്കെങ്കിലും അസൂയ തോന്നുമോ..?''
ഒരിക്കല്‍ പുണ്യപ്രവാചകന്റെ അടുക്കല്‍ ഒരാള്‍ വന്നു പറഞ്ഞു: ''ദൈവദൂതരേ, ഞാന്‍ അങ്ങയേ സ്‌നേഹിക്കുന്നു..''
അപ്പോള്‍ അവിടുന്ന് പറഞ്ഞു: ''ദാരിദ്ര്യത്തിനുവേണ്ടി നീ തയാറെടുത്തോളൂ..''
''ഞാന്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നു...'' അയാള്‍ വീണ്ടും പറഞ്ഞു.
''നീ പരീക്ഷണങ്ങള്‍ നേരിടാന്‍ തയാറെടുത്തോളൂ...'' തിരുദൂതരുടെ മറുപടി.
ജീവിതവഴിയില്‍ പ്രശ്‌നങ്ങളും പ്രയാസങ്ങളും പരിഹാസങ്ങളും അപഹാസങ്ങളും അടിക്കടിയുണ്ടാകുന്നുവെങ്കില്‍ ഒരു സന്തോഷവാര്‍ത്ത..! നിങ്ങള്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നു...!!
മൂല്യമുള്ള വസ്തുക്കളാണ് മോഷ്ടിക്കപ്പെടുന്നത്. കാമ്പുള്ളവര്‍ക്കാണ് അസൂയാലുക്കളുണ്ടാകുന്നത്. പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് വിമര്‍ശകരുണ്ടാകുന്നത്. ഒരു സ്ത്രീക്ക് മാതാവ് എന്ന സ്ഥാനത്തേക്ക് ഉയരണമെങ്കില്‍ വേദന സഹിച്ചേ തീരൂ. വേദന സഹിക്കാന്‍ എന്നെക്കൊണ്ടാവില്ലെന്നു പറഞ്ഞാല്‍ കേവലമൊരു പെണ്ണായി തന്നെ നിലനില്‍ക്കാം. വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ എനിക്കാവില്ലെന്നു പറഞ്ഞാല്‍ നിഷ്‌ക്രിയത്വത്തിലേക്കു മടങ്ങുകയാണെന്നു പറയാതെ പറയലാണത്.
പീടികത്തിണ്ണകളില്‍ അന്തിയുറങ്ങുന്ന നാടോടികള്‍ക്ക് അസൂയക്കാരില്ല. മാളികകളിലെ പട്ടുമെത്തകളില്‍ വിശ്രമിക്കുന്ന പണാധികാരികള്‍ക്കാണ് അസൂയക്കാരുള്ളത്. കാക്കയുടെ തൂവല്‍ ആരും മോഷ്ടിക്കാറില്ല. അതാര്‍ക്കും വേണ്ടാ. എന്നാല്‍ മൈയിലിന്റെ തൂവലിനു വല്ലാത്ത മാര്‍ക്കറ്റാണ്. അതു കിട്ടാന്‍ വില കൊടുക്കണം. കല്ലുകളനേകമുണ്ട്. എന്നാല്‍ കല്ലുകള്‍ക്കിടയിലെ മാണിക്യക്കല്ലിന് താങ്ങാനാവാത്ത വിലയാണ്. സസ്യങ്ങള്‍ അനേകമുണ്ടെങ്കിലും ഔഷധസസ്യങ്ങള്‍ക്കാണ് അനുയായികളേറെയുള്ളത്.
കഴിവുണ്ടെങ്കില്‍ അതിനു മാര്‍ക്കറ്റുണ്ടാകും. മാര്‍ക്കറ്റുണ്ടെങ്കില്‍ വിമര്‍ശകരും അസൂയക്കാരുമുണ്ടാകും.
നിങ്ങളെ ആരും വിമര്‍ശിക്കുന്നില്ലെന്നു പറഞ്ഞാല്‍ അതിനര്‍ഥം സമൂഹത്തില്‍ നിങ്ങള്‍ ആരുമല്ലെന്നാണ്. ആര്‍ക്കും നിങ്ങളോട് അസൂയയില്ലെങ്കില്‍ നിങ്ങള്‍ കഴിവുകളൊന്നും പ്രകടിപ്പിക്കാത്ത ആളാണെന്നര്‍ഥം. നിങ്ങള്‍ക്ക് ജനങ്ങളില്‍നിന്നാരും ശത്രുവായി ഇല്ലെങ്കില്‍ അവര്‍ക്കിടയിലെ പരമസാധുവാണു നിങ്ങള്‍. ഒരു പരീക്ഷണവും നിങ്ങള്‍ക്കുണ്ടായിട്ടില്ലെങ്കില്‍ ഭയക്കണം. നിങ്ങളെ ദൈവം മറ്റൊരു ദിവസത്തേക്കു വേണ്ടി തല്‍ക്കാലം ഒഴിവാക്കിവിട്ടതായിരിക്കാം. ലോകത്ത് ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ക്കു വിധേയരായത് പ്രവാചകന്മാരാണ്. കാരണം, കൂടുതല്‍ സന്മാര്‍ഗികളായി ജീവിക്കുന്നവര്‍ക്കാണ് കൂടുതല്‍ പരീക്ഷണങ്ങളുണ്ടാവുക. ലോകത്ത് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ക്കു വിധേയരായവരും അവര്‍ തന്നെയാണ്. കാരണം, സമൂഹത്തില്‍ ഇടപെടലുകള്‍ നടത്തുകയും പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുകയും ചെയ്യുന്നവര്‍ക്കാണ് വിമര്‍ശകരും ശത്രുക്കളുമുണ്ടാവുക.
നിങ്ങള്‍ക്ക് ഒരു ശത്രു മാത്രമേയുള്ളൂവെങ്കില്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വളരെ കുറച്ചേയുള്ളൂ. കൂടുതല്‍ ശത്രുക്കളുണ്ടെങ്കില്‍ നിങ്ങള്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ദേശീയ തലത്തിലാണ് ശത്രുക്കളുള്ളതെങ്കില്‍ നിങ്ങളുടെ പ്രവര്‍ത്തനം ദേശീയതലത്തിലേക്ക് വ്യാപിച്ചിരിക്കുന്നുവെന്നര്‍ഥം. ആഗോളതലത്തില്‍ വരെ നിങ്ങള്‍ക്കു ശത്രുക്കളുണ്ടെങ്കില്‍ നന്നായി അഭിമാനിക്കാം. നിങ്ങളുടെ കീര്‍ത്തിയും പ്രവര്‍ത്തിയും ആഗോളതലത്തിലേക്കു വ്യാപിച്ചിരിക്കുന്നു...!
ശത്രുക്കളും വിമര്‍ശകരും ഇല്ലാത്ത അവസ്ഥയല്ല; അവയെല്ലാം യഥേഷ്ടം ഉള്ള അവസ്ഥയാണു മോഹിക്കേണ്ടത്. കാരണം, അതെല്ലാം നിങ്ങളുടെ ഉയര്‍ച്ചയ്ക്കുള്ള തെളിവുകളാണ്. നിങ്ങള്‍ വളരുന്നുണ്ടെന്നാണ് ശത്രുക്കളുടെ ആധിക്യവും വിമര്‍ശകരുടെ പെരുപ്പവും പറഞ്ഞുകൊണ്ടിരിക്കുന്നത്. അതിനാല്‍ വിമര്‍ശകര്‍ക്കും ശത്രുക്കള്‍ക്കും നന്ദി പറയുക.
വിമര്‍ശിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടാകും. അതൊരുപക്ഷേ, നന്മയായിരിക്കാം. നന്മയാണെങ്കില്‍ സുധീരം മുന്നോട്ടു പോവുക. ചിലപ്പോള്‍ അത് തിന്മയായിരിക്കാം. വിനയപുരസരം അതു തിരുത്താന്‍ ശ്രമിക്കുക. ഏതവസ്ഥയിലും വിമര്‍ശനം നിങ്ങള്‍ക്കു ഗുണം തന്നെ.
നിങ്ങള്‍ നന്മ ചെയ്തതുകൊണ്ട് ഉണ്ടായതായിരിക്കാം നിങ്ങള്‍ക്ക് ശത്രുക്കള്‍. എങ്കില്‍ അവരെ വകവയ്ക്കാതെ ധീരതയോടെ മുന്നോട്ടു പോവുക. തിന്മ ചെയ്തതുകൊണ്ടാണ് ശത്രുക്കളുണ്ടായതെങ്കില്‍ തിന്മ തിരുത്താന്‍ ശ്രമിക്കുക. ഏതവസ്ഥയിലും ശത്രുക്കളും നിങ്ങള്‍ക്കു ഗുണകരം.
പരീക്ഷണങ്ങള്‍ നിങ്ങളെ ശുദ്ധിയാക്കാനായിരിക്കാം. ആര്‍ജ്ജവത്തോടെ അതു നേരിടാന്‍ തയാറാവുക. ചിലപ്പോള്‍ നിങ്ങള്‍ ചെയ്ത അനര്‍ത്ഥങ്ങളുടെ ഫലമായിരിക്കാമത്. അഭിമാനത്തോടെ തിരുത്താന്‍ ശ്രമിക്കുക. ഏതവസ്ഥയിലും പരീക്ഷങ്ങളും നിങ്ങള്‍ക്കു ലാഭം തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."