HOME
DETAILS

സ്വര്‍ഗത്തെ ചുംബിക്കുന്ന ഗ്യാങ്‌ടോക്ക്

  
backup
October 05 2019 | 18:10 PM

swargathe-chumbikunna-635642341545451


#യു.കെ അജ്മല്‍

'ഒരു യാത്രയ്ക്കു ശേഷം നാം പോയ സ്ഥലത്തെപ്പറ്റി ഓര്‍ക്കുകയോ എഴുതുകയോ ചെയ്യുമ്പോഴാണ് ആ സന്ദര്‍ശനം പൂര്‍ണമാകുന്നത്, നമ്മുടെ ഓര്‍മയില്‍ അതിന് കൃത്യമായ ഇടമുണ്ടാകുന്നു' -സൂസന്നയുടെ ഗ്രന്ഥപ്പുര

കുളു, മണാലി, ലഡാക്കുള്‍പ്പെടുന്ന സ്വര്‍ഗ്ഗ പാതകളെക്കുറിച്ചുള്ള ഓരോ വാക്കിലും കുറിപ്പിലും ഒരായിരം പ്രതീക്ഷകളുടെ പ്രക്ഷുബ്ധമായ ആരവങ്ങളുണ്ടാകാറുണ്ട്, ആഗ്രഹങ്ങളെ ഒരല്‍പം തീവ്രമായി നിങ്ങള്‍ പ്രണയിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് സ്വര്‍ഗങ്ങളുടെ ദേവലോകത്തേക്കെത്താം, ആത്മീയത കുടികൊള്ളുന്ന ബുദ്ധവിഹാരങ്ങള്‍ക്കൊപ്പം സദാ ഇരമ്പി കിലോമീറ്ററുകളോളം കുത്തിഴൊയുകുന്ന ടീസ്റ്റ നദിയും, ഹിമവര്‍ഷങ്ങളെ പുല്‍കുന്ന ഹിമവാന്റെ മടിത്തട്ടും, അവിടങ്ങളില്‍ മത്സരിച്ചു പൂക്കുന്ന ഓര്‍ക്കിഡും പനിനീര്‍പ്പുവുമൊക്കെ ഹൃദയഭേരി മുഴക്കുന്ന ഗ്യാങ്‌ടോക്കിലെ നിത്യഹരിത കാഴ്ചകളില്‍ ചിലതാണ്.
ഡാര്‍ജിലിങ് കുന്നുകളിലെ ഗൂര്‍ഖകളുടെ സ്‌നേഹവായ്പുകളില്‍ നിന്നു സിക്കീമിന്റെ ഹൃദയത്തിലേക്ക് അലിഞ്ഞിറങ്ങുമ്പോള്‍ ആഗ്രഹങ്ങളുടെ ആരവം ഉള്ളില്‍ അലതല്ലുന്നതു കേള്‍ക്കാനാവുന്നുണ്ട്, രാത്രി വെസ്റ്റ്ബംഗാളിലെ പ്രധാന പട്ടണമായ സിലിഗുരിയില്‍ നിന്നു സിക്കീമിലെ റാങ്‌പോ നഗരത്തിന്റെ വഴിമധ്യേയുളള സിങ്ട്ടാമിലെ ഹോട്ടലിലായിരുന്നു തങ്ങിയത്. രാത്രി തന്നെ ഗ്യാങ്‌ടോക്കിലെത്തിപ്പെടേണ്ടതായിരുന്നു. ടാക്‌സി ഡ്രൈവര്‍മാര്‍ ചെയ്തു കൂട്ടിയ കുടുക്കില്‍ പെട്ട് അന്നവിടെ തങ്ങേണ്ടി വന്നു.

മുന്നൊരുക്കം

രാവിലെ സിങ്ട്ടാമില്‍ നിന്ന് ഒരാള്‍ക്ക് 70 രൂപ നിരക്കില്‍ ഗ്യാങ്‌ടോക്കിലേക്ക് ഷെയര്‍ ടാക്‌സി പിടിച്ച് പോവാമെന്നായി, ഇതേക്കുറിച്ച് തലേന്ന് റൂമൊപ്പിച്ചു തന്ന പൊലിസുകാരന്‍ വ്യക്തതയോടെ വിവരിച്ചു തന്നിരുന്നു. ഏതാണ്ട് മൂന്നു മണിക്കൂര്‍ യാത്ര വേണം തൊണ്ണൂറു കിലോമീറ്റര്‍ ദൂരം താണ്ടാനായിട്ട്. പാറയും മലകളുമൊക്കെ തുരന്നുണ്ടാക്കിയ ഇടുങ്ങിയ വഴികളിലൂടെ സുരക്ഷയോടെ സഞ്ചരിക്കാനാവുന്നത് തന്നെ വലിയ ഭാഗ്യമാണ്. രാവിലെ പത്തിന് അവിടെയെത്തി. വണ്ടിയില്‍ നിന്ന് പരിചയപ്പെട്ടവരെല്ലാം ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്നവരാണെന്നത് അവിടുത്തെ കാര്യങ്ങളെപ്പറ്റി ചോദിച്ചറിയാനെളുപ്പമായി. ഏറ്റവും കുറഞ്ഞത് ടൂറിസം മേഖലയിലെ ഇടനിലക്കാരനെങ്കിലുമായിരിക്കും അവിടുത്തെ ഓരോ വ്യക്തികളും. അവിടെ ചെന്നുടനേ പാക്കേജ് അന്വേഷിക്കുകയാണ് അടുത്ത യത്‌നം. യാത്രാനുമതിക്കുള്ള പാസുകളും രേഖ ശരിയാക്കലും മറ്റും പിന്നെയുള്ള കീറാമുട്ടികളാണ്. കൂടെക്കൂടെയുള്ള ഹിമപാതങ്ങളാല്‍ സഞ്ചാര പാതകളടക്കുന്ന വാര്‍ത്തകള്‍ അവിടുത്തെ നിത്യസംഭവങ്ങളാണെന്നത് യാത്രയിലെ വലിയൊരു തടസം തന്നെയായിരുന്നു.


ഒരു ദിവസം മുന്‍പേ ഐ.ഡി പ്രൂഫ് അടക്കമുള്ള കാര്യങ്ങളൊക്കെ ശരിപ്പെടുത്തേണ്ടതായിട്ടുണ്ടായിരുന്നു, എന്നാലേ പ്രവേശനാനുമതി ലഭിക്കുകയുള്ളൂ. ഞങ്ങളുടെ അശ്രദ്ധ കാരണം ഇന്നിനി പോകാനാവില്ലെന്നുറപ്പായി, പല പാക്കേജുകളിലും കയറിയിറങ്ങിയെങ്കിലും ആരും പ്രതീക്ഷകള്‍ക്ക് വകനല്‍കിയതേയില്ല. അങ്ങനെ അടുത്തദിവസത്തെ അനുമതിക്കുള്ള രേഖകളൊക്കെ ഒരു പാക്കേജിനേല്‍പ്പിച്ചു മടങ്ങി. പുറത്തേക്ക് പോകുമ്പോള്‍ എപ്പോഴും നമ്മുടെ അഞ്ചാറ് ഫോട്ടോകള്‍ കരുതുന്നത് നന്നായിരിക്കും.


ചെങ്കുത്തായ വഴികളില്‍ റ്റാറ്റാ സുമോയുടെ വലിയ നിര തന്നെയുണ്ട്. അനിയന്ത്രിതമായ തിരക്കുകള്‍ക്കിടയിലും വാഹനങ്ങളൊന്നും ഹോണടിച്ചു ശല്യപ്പെടുത്തുന്നേയില്ല. എല്ലാവരും അച്ചടക്കത്തോടെയാണ് നിരത്തുകളില്‍ സഞ്ചരിക്കുന്നത്. തിരക്കുകള്‍ക്കിടയിലും സുരക്ഷിതമായ ഊടുവഴികളിലൂടെ നിശബ്ദം നടക്കുന്ന സുന്ദരികളും സുന്ദരന്മാരും. പരസ്പരം നോക്കാതെ തിരക്കിട്ടോടുകയാണ്.

നിറച്ചാര്‍ത്തേകിയ വഴിയിലൂടെ

മുകളിലോട്ട് നടക്കുമ്പോഴുളള ഭൂഗര്‍ഭ അറകളെ പോല്‍ ഉള്‍വലിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ അവിടുത്തെ തച്ചുശാസ്ത്രത്തിലെ അത്ഭുതാധ്യായങ്ങളാണ്. എവിടെയും കാണാനാവുന്ന സുന്ദരമായ പുഷ്പങ്ങള്‍ അധിക നടപ്പാതകളിലും മനോഹരമായി തൂക്കിയിട്ടിട്ടുമുണ്ട്. അനേകം നിലകളുളള കെട്ടിടങ്ങള്‍ പക്ഷേ, ഒന്നും ചവറുകള്‍ പുറന്തള്ളുന്നില്ലെന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ മാലിന്യമുക്തിയുടെ പേരില്‍ പല തവണ അവാര്‍ഡുകള്‍ വാരികൂട്ടിയ സംസ്ഥാനമാവാന്‍ സിക്കീമിനായിട്ടുണ്ട്. മരങ്ങളുമായി സാഹോദര്യ ബന്ധമുണ്ടാക്കാനും അവകളെ ദത്തെടുത്ത് പരിപാലിക്കാനുമുള്ള പ്രത്യേക നിയമം കൊണ്ടുവന്നതും സിക്കിം സര്‍ക്കാരാണ്. വെടിപ്പും വൃത്തിയുമുള്ള വഴിയോരങ്ങളിലെ നിഴലുപോല്‍ നമ്മെ പിന്തുടരുന്ന ടിബറ്റന്‍ ഫ്‌ളാഗുകള്‍ ഊഷ്മളമായ ചേര്‍ത്തുവയ്പ്പുകളുടെ കൂടി വര്‍ണങ്ങളാണ്. 'ഓം മണി പദ്‌മേ ഹും' എന്ന വിശ്വാസ വചനങ്ങള്‍ പ്രതീക്ഷയുടെ അഭിലാഷങ്ങളായി വായുവില്‍ പാറിക്കളിക്കുമ്പോള്‍ അവര്‍ക്കു കിട്ടുന്ന സുരക്ഷിതത്വത്തിന്റെ അനിര്‍വ്വചനീയമായ കരുതലുകളുണ്ട്. അതുതന്നെയാണ് അവരുടെ മുന്‍പോട്ടുള്ള ജീവിതത്തില്‍ വെളിച്ചമേകുന്നതും. വിശ്വാസങ്ങളെ നിറങ്ങളില്‍ സന്നിവേശിപ്പിച്ചുള്ള ആധ്യാത്മിക ജീവിതംതന്നെയാണ് സിക്കീമിലും ഡാര്‍ജിലിങ്ങിലുമൊക്കെ ദര്‍ശിക്കാനാവുന്നത്. കണ്ടുമുട്ടുമ്പോഴൊക്കെ പുഞ്ചിരിക്കുന്ന അവരുടെ കവിള്‍ത്തടങ്ങള്‍ക്കു പോലും ആ പതാകകളുടെ തുടുത്ത നിറങ്ങളാണ്.


കാഞ്ചന്‍ജംഗയുടെ തൊട്ടരികെ

പിറ്റേന്ന് രാവിലെ പത്തിനാണ് വണ്ടി ഗ്യാങ്‌ടോക്കില്‍ നിന്നെടുക്കുന്നത്. അതിനാല്‍ തലേന്ന് ബുക്ക് ചെയ്ത ട്രാവല്‍സിലേക്കായിരുന്നു നേരെ പോയത്. അവിടുന്ന് നിര്‍ദേശിച്ചതിനനുസരിച്ച് ഗ്യാങ്‌ടോക്കില്‍ തന്നെയുള്ള ഡിയോറാലി ടാക്‌സി സ്റ്റാന്റിലേക്ക് ഞങ്ങള്‍ തിരിച്ചു. പോകുന്ന വണ്ടി ഷയര്‍ ടാക്‌സി ആയതിനാല്‍ കൂടെ നാലാള്‍ക്കാര്‍ പിന്നെയുമുണ്ടാവും. ഇങ്ങനെ പോവുന്നതാണ് നല്ലത്. ലഗേജുകളും മറ്റും വണ്ടിയുടെ മുകളില്‍ ഡ്രൈവര്‍ ഭദ്രമായി കെട്ടിവച്ച് പതിയെ യാത്ര ആരംഭിച്ചു. ഇടുങ്ങിയ വഴികളിലൂടെ പാറകള്‍ തുരന്നുണ്ടാക്കിയ വീതി തീരെയില്ലാത്ത പാതകള്‍, ഹിമാലയന്‍ സാനുക്കളുടെ നെറുകില്‍ കോട ചുംബിക്കുന്ന ദൃശ്യവും പതിയെ അവ ഹിമാലയസാനുക്കളെ വാരിപ്പുണരുന്ന കാഴ്ചകളും ആ വഴികളിലുടെ സ്വച്ഛന്ദം വിഹരിക്കുന്നതിനിടെ കാണുന്ന കാഴ്ചകളാണ്. അടുത്തായ് വെള്ളാരങ്കല്ലിനു മുകളിലൂടെ എല്ലാംകണ്ട് കൂടെ ഒഴുകുന്ന സുന്ദരിയായ ടീസ്റ്റ.. അങ്ങനെ അങ്ങനെ... എല്ലാംകൊണ്ടും സിക്കിം സഞ്ചാരികളുടെ പറുദീസ തന്നെ.

 

 

മരണം പതിയിരിക്കുന്ന പാതയിലൂടെ

ഏതു നേരത്തും മുകളില്‍ നിന്നുരുണ്ടു വരുന്ന വലിയ പാറക്കൂട്ടങ്ങളെ പ്രതീക്ഷിച്ചായിരിക്കണം യാത്ര ചെയ്യേണ്ടത്. ഈ വഴികളിലൂടെയുള്ള യാത്ര ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് മരണ തുല്യമായ പരീക്ഷണം തന്നെയാണ്. അടുത്തിടെയുണ്ടായ ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്ന് വിണ്ടുകീറിയ റോഡുകളും അതിന് സമാനമായി താത്കാലികമായി പണിത പാതകളും മുന്നില്‍ കാണാനാവുന്നുണ്ട്. മനോഹരവും കെട്ടുറപ്പുള്ളതുമായ എത്രയോ പാലങ്ങള്‍ നിന്നനില്‍പ്പില്‍ തകര്‍ന്നതിന്റെ ഭീകരദൃശ്യം തുടര്‍ സഞ്ചാരത്തിലെ ഭീതിതമായ ചിന്തകളായ് ഉടലെടുത്തു. ചിലയിടങ്ങളില്‍ അപായപ്പെടുത്തുന്ന വഴികളുണ്ട്. അവ പൊട്ടി തകര്‍ന്നതറിയണമെങ്കില്‍ അരികിലെത്തുക തന്നെ വേണം. അതുകൊണ്ടുതന്നെയാകണം സ്വകാര്യ വണ്ടികളെ അതിലൂടെ സഞ്ചരിക്കാന്‍ അനുവദിക്കാത്തതും.


ശേഷം പാക്കേജിലെ ആദ്യ സ്‌പോട്ടായ ഹിമാലയന്‍ വ്യൂപോയിന്റിലിറങ്ങി. ഒരു ചെറിയ കെട്ടിടത്തിനുമുകളില്‍ കേറിവേണം ഹിമാലയത്തെ ദര്‍ശിക്കാന്‍. എത്രയോ കാതങ്ങള്‍ക്കപ്പുറം വിരിമാറുകാട്ടി ശുഭ്രവസ്ത്രങ്ങളണിഞ്ഞ് കാഞ്ചന്‍ജംഗ ഉയരങ്ങളില്‍ ശോഭിക്കുന്നുണ്ട്. ലോകത്തിലെ തന്നെ മൂന്നാമത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണിത്. അവിടുന്ന് പിന്നെ വണ്ടി പോയത് ഈസ്റ്റ് സിക്കീമിലെ ബട്ടര്‍ഫ്‌ളൈ വെള്ളച്ചാട്ടത്തിലേക്കായിരുന്നു. വഴിമധ്യേ ചെറുതും വലുതുമായ അനേകം വെള്ളച്ചാട്ടങ്ങളുണ്ടെങ്കിലും എവിടെയും പാര്‍ക്കിങ് സൗകര്യങ്ങളില്ലാതാണ് വലിയ പ്രയാസങ്ങളാണ്ടാക്കുന്നത്. കാണാനായി അനേകം വ്യൂപോയിന്റുകളുണ്ട്. അവിടങ്ങളില്‍ മുഴുവനും വ്യൂപോയിന്റാണെന്ന് പറഞ്ഞാലും അതിശയോക്തി ആവാനിടയില്ല.
അല്‍പ്പം സഞ്ചരിച്ച് ഡിക്ചു ഡാമിന്റെയരികില്‍ വണ്ടി നിര്‍ത്തി. അതിന് താഴെയായി മഞ്ഞയും പച്ചയും നിറങ്ങളിലായി ഡിക്ചു പുഴ ടീസ്റ്റ നദിയോട് സംഗമിക്കുന്ന അപൂര്‍വ്വ ദൃശ്യം കാണാം. എണ്ണയും വെള്ളവും വേര്‍തിരിച്ചു നില്‍ക്കുന്നതുപോലെ എത്ര സുന്ദരമായാണ് അവ തമ്മില്‍ ഒഴുകുന്നതും സംഗമിക്കുന്നതും.


ബേമാഫാള്‍ അഥവാ
അമിതാഭ് ബച്ചന്‍ ഫാള്‍


ഇനി പോകാനുള്ളത് നോര്‍ത്ത് സിക്കീമിലെ തന്നെ ഏറ്റവും മനോഹരമായ ഭാഗങ്ങളിലേക്കാണ്. സഞ്ചാരികളുടെ പറുദീസയായ ലാച്ചൂങും സീറോ പോയിന്റും നദുല പാസും യുംതാങ് വാലിയുമൊക്കെ അടങ്ങുന്ന മേഖലയിലേക്കാണ്. അതിനായ് മുന്‍പു സൂചിപ്പിച്ചതു പോലെ ഐഡന്റി കാര്‍ഡും ഫോട്ടോയടങ്ങുന്ന രേഖകളൊക്കെ സമര്‍പ്പിച്ചുവേണം അവിടങ്ങളിലേക്ക് പ്രവേശിക്കാന്‍. ഇടയ്ക്ക് ഒരു ചെക്ക്‌പോസ്റ്റില്‍ അത് കൈമാറാനായി ഡ്രൈവര്‍ രേഖകളുമായി ഓഫിസിനു മുന്നിലുള്ള നിരയില്‍ നിന്നു. ഏകദേശം അരമണിക്കൂറിനോടടുത്തിരിക്കും അയാള്‍ തിരിച്ചുവരുമ്പോള്‍. കുന്നിന്‍മുകളില്‍ നിന്നുള്ള കാഴ്ചയില്‍ കടന്നുവന്ന പാലവും നീലച്ഛായം പൂണ്ട ടീസ്റ്റയും ടിബറ്റന്‍ പതാകകളുടെ നിറപ്പകര്‍ച്ചയില്‍ ആനന്ദ നൃത്തമാടുന്നതായി തോന്നി. വണ്ടിയില്‍ നിന്നിറങ്ങി മുന്‍പിലുള്ള ഇടവഴിയിലൂടെ ഞങ്ങള്‍ പതിയെ നടന്ന് സിക്കീമിന്റെ വശ്യത തൊട്ടറിഞ്ഞു.

 

സിക്കീമില്‍ അനേകം വെള്ളച്ചാട്ടങ്ങളുണ്ടെങ്കിലും പ്രധാനപ്പെട്ടവയില്‍ മാത്രമാണ് ഞങ്ങളിറിങ്ങിയിരുന്നത്. ഈ വെള്ളച്ചാട്ടത്തിന് ഹിന്ദി സിനിമ നാടന്‍ അമിതാഭ് ബച്ചന്റെ പേരുകൂടിയുണ്ട്. അദ്ദേഹത്തിന്റെ ഒരു വിഖ്യാതമായ സിനിമ ചിത്രീകരിച്ചത് ഇവിടെയായിരുന്നു എന്നതാണ് കാരണം. മുന്‍കൂട്ടി ബുക്ക് ചെയ്തതിനുസരിച്ച് ലാച്ചൂങിലെ സണ്‍ഫ്‌ളവറില്‍ രാത്രി ഒന്‍പതിന് പ്രവേശിച്ച് അവിടെ തങ്ങി. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം ഒന്‍പതിനായിരം അടി ഉയരത്തിലാണ് ഇപ്പോഴുള്ളത്. തണുപ്പിന്റെ കനം കൂടിവരികയാണ്. ഹോട്ടലിനു മുകളില്‍ തന്നെയാണ് ഭക്ഷണം. വെള്ളരി ചോറും മാഗിയുമൊക്കെയാണ് അവിടുത്തെ പ്രധാന ഭക്ഷണം. പിന്നെ സ്‌പെഷ്യല്‍ മാമോസും. അതുംകഴിച്ച് പുതപ്പിനടിയില്‍ പൂഴ്ന്നു കിടന്നുറങ്ങി. എത്ര പുതച്ചാലും അകന്നുപോകാത്ത തണുപ്പിന്റെ കരങ്ങള്‍ വല്ലാതെ ചേര്‍ത്തുപിടിക്കുന്നുണ്ട്. പുലര്‍ച്ചെ നാലിനെണിക്കാനുള്ളതിനാല്‍ പെട്ടെന്നുറങ്ങിയേ തീരൂ. ഡ്രൈവര്‍ ഇടക്കിടെ അതോര്‍മ്മപ്പെടുത്തിക്കൊണ്ടേയിരുന്നു.

ലാച്ചൂങ്, യുംതാങ് വാലി;
കാഴ്ചകളുട കലവറ

പുലര്‍ച്ചെ നാലിനു തന്നെ എണീറ്റു. അന്നേരത്തെ വെളിച്ചത്തിന് ഏകദേശം ഒരാറു മണിയുടെ ശോഭയുണ്ടാവും പുറത്ത്. മുറിയുടെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ കണ്‍മുന്നില്‍ ഹിമാലയ സാനുക്കള്‍ പുഞ്ചിരിച്ചുനില്‍ക്കുന്നു. പാല്‍ തൂകുന്ന മലയിടുക്കിലൂടെ സൂര്യന്റെ കിരണങ്ങള്‍ എത്തിനോക്കുന്നു. സ്വര്‍ഗീയമായ ദൃഷ്ടിയാല്‍ നയനങ്ങള്‍ ഉന്മാദിച്ചിരിക്കണം. ഏറെ പ്രതീക്ഷിച്ചിരുന്ന സമ്മാനവുമായി സിക്കീം ഞങ്ങളെ പുണരാന്‍ തുടങ്ങിയിരിക്കുന്നു. ചുറ്റിലുമുള്ള ആര്‍മി ക്യാംപുകള്‍ ആ പ്രദേശത്തെ സംഘര്‍ഷങ്ങളൊന്നുമില്ലാതെ കാത്തുപോരുന്നുണ്ട്. ആ ഭാഗങ്ങളിലധികവും ആര്‍മി ക്യാംപുകളാണ്. വണ്ടികള്‍ സദാ നിരീക്ഷണത്തിലായിരിക്കും. ഫോട്ടോയും മറ്റും നിരോധിത മേഖലകളാണധികവും. ആ ക്യാംപിനടുത്തായി സിഖുകാരുടെ പ്രാര്‍ഥനാലയം ശാന്തമായ് നില്‍ക്കുന്നുണ്ട്.

 

ഓര്‍ക്കിഡ് വിതറിയ വഴികളിലൂടെ

സമയം ഏഴിനോടടുത്തപ്പോള്‍ ഞങ്ങള്‍ വണ്ടിയില്‍ കയറി ചുംതാങ് വാലി ലക്ഷ്യമാക്കി കുതിച്ചു. പൈന്‍ പന്തലിച്ച വഴികളിലെല്ലാം ഓര്‍ക്കിഡിന്റെ ഗന്ധമാണ്. പിന്നെ കുറേ പേരറിയാത്ത പുഷ്പങ്ങളും വഴിയരികില്‍ അറ്റുവീണിരിക്കുന്നു. സമുദ്ര നിരപ്പില്‍ നിന്നു പന്ത്രണ്ടായിരമടി ഉയരത്തിലുള്ള ഈ താഴ്‌വാര വ്യത്യസ്തമായ പൂക്കളുടേയും പുഷ്പവര്‍ഗ്ഗങ്ങളുടേയും സങ്കേതമാണ്. അരുവിയും ചോലയുമൊക്കെ ഈ താഴ്‌വരയുടെ സൗന്ദര്യത്തിന് ആക്കംകൂട്ടുന്ന മറ്റു ഘടകങ്ങളാണ്. സിക്കീമിന്റെ തലസ്ഥാനമായ ഗ്യാങ്‌ടോക്കില്‍ നിന്ന് 150 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. പോകുന്ന വഴികളിലൊക്കെ വയലറ്റ് നിറത്തിലുള്ള ഓര്‍ക്കിഡുകള്‍ വീണുകിടക്കുന്നുണ്ട്. ചുംതാങ് വാലി കഴിഞ്ഞാല്‍ പിന്നെയെത്തിപ്പെടുന്നത് ലാച്ചുങിലേക്കാണ്. ടിബറ്റിന്റെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം സമുദ്ര നിരപ്പില്‍ നിന്ന് ഏതാണ്ട് 9600 അടി ഉയരത്തിലാണുള്ളത്. ടീസ്റ്റയുടെ പോഷക നദികളായ ലാച്ചന്‍ നദിയുടേയും ലാച്ചുങ് നദിയുടേയും സംഗമസ്ഥാനം കൂടിയാണ് ലാച്ചുങ് വാലി. ഓര്‍ക്കിഡുകള്‍ പൂക്കുന്ന വഴിയോരങ്ങളില്‍ യാക്കുകളും മറ്റും വണ്ടികളെ കണ്ട് കുതറിയോടുന്നുണ്ട്. ചെറിയ മലയിടുക്ക് 'സ്‌മോള്‍ പാസെന്ന'ര്‍ഥം വരുന്ന ലാച്ചുങിന് പറയാനാണെങ്കില്‍ അനേകം ചരിത്രങ്ങളുണ്ട്. അവിടെ അധികവും പാസ് എന്ന വിശേഷണം അധികസ്ഥലങ്ങളുടേയും പേരിന്റെ അറ്റത്തുണ്ടാവും. അനേകം കച്ചവടങ്ങളും ഇടപാടുകളും ചരിത്രപരമായ കൈമാറ്റങ്ങള്‍ക്ക് സാക്ഷിയായ ഇടങ്ങള്‍ കൂടിയാണവ.

 

അതിര്‍ത്തി കാണ്‍കെ

1950 കള്‍ക്കു മുന്‍പ് ടിബറ്റിനെ ചൈന പിടിച്ചടക്കുന്നതിനു മുന്‍പുള്ള സിക്കിം- ടിബറ്റ് വാണിജ്യപരമായ ക്രയവിക്രയങ്ങള്‍ നടന്നിരുന്ന ഇടംകൂടിയാണ് ലാച്ചുങ്. അതോടൊപ്പം യുംതാങ് വാലിയിലേക്കുള്ള സ്വര്‍ഗീയ പാതകൂടിയാണിത്. ബ്രിട്ടീഷ് പര്യവേഷകനായ ജോസഫ് ഡാല്‍ട്ടണ്‍ ഹൂക്കര്‍ 1855ല്‍ പ്രസിദ്ധീകരിച്ച 'ദി ഹിമാലയന്‍ ജേണലി'ല്‍ സിക്കീമിലെ ഏറ്റവും മനോഹരമായ സ്ഥലമായിട്ട് അടയാളപ്പെടുത്തിയത് ലാച്ചുങിനെയായിരുന്നു. യാക്കുകളും ഓര്‍ക്കിഡുകളൊക്കെ സുലഭമായ താഴ്‌വരയില്‍ ലാച്ചുങ് നദി കുത്തിഴൊയുകുന്നുണ്ട്.
വണ്ടി മഞ്ഞിനെ ചുംബിച്ചു തുടങ്ങി. നീല നിറത്താലൊഴുകുന്ന നദിക്കരികെ സുന്ദരിയായ് യുംതാങ് വാലി പരന്നുകിടക്കുന്നുണ്ട്. കാഴ്ചകളെ ഒരൊറ്റ ഫ്രെയിമലുള്‍ക്കൊള്ളിക്കാനാവുക അസാധ്യം തന്നെ. പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നു വണ്ടി ഹിമവാനെ കെട്ടിപുണര്‍ന്നു കഴിഞ്ഞിരുന്നു. ഗ്യാങ്‌ടോക്കില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള സീറോപോയിന്റിലേക്ക് എത്തിയിരിക്കുന്നു. ചുറ്റിലും മഞ്ഞുമലകള്‍ മാത്രം. ഹിമവര്‍ഷം നനവുപകര്‍ന്ന പുല്‍മേടുകള്‍ സര്‍വ്വവും നയനാനന്ദകരമാണ്. തണുപ്പിനെ വകഞ്ഞുമാറ്റി മഞ്ഞിലിറങ്ങിയിട്ടും വിട്ടുമാറാത്ത കൗതുകമായ് ഹിമാലയത്തെ തൊട്ടറിഞ്ഞ നിമിഷങ്ങള്‍ മനസിനെ കുളിരണിയിക്കാന്‍ തുടങ്ങി. മഞ്ഞിലലിഞ്ഞ് ഹിമകണമായ് മാറിയ മണിക്കൂറുകള്‍ വര്‍ണനകള്‍ക്കപ്പുറമാണ്. പിന്നെയും പിന്നെയും ഉയരങ്ങളിലേക്ക് ആഗ്രഹങ്ങളെക്കൂട്ടുപിടിച്ചു വലിഞ്ഞുകയറി.

ഇനി മടക്കം

'നിങ്ങള്‍ കുന്നും മലകളും കയറുമ്പോള്‍ നിങ്ങള്‍ക്കവിടെനിന്നും ലോകത്തെ മൊത്തം ദര്‍ശിക്കാനാവും, നിങ്ങള്‍ ഒതുങ്ങിയിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളെ തന്നെ നഷ്ടമായേക്കുമെന്ന' ചൊല്ല് എത്ര സത്യമാണ്. ഒടുക്കം ഡ്രൈവറിന്റെ ശകാരം കേട്ട് മടുത്താണ് വണ്ടിയിലേക്ക് മടങ്ങിയത്. മനസിപ്പോഴും മഞ്ഞില്‍ പുതച്ചുറങ്ങുന്നുണ്ടാവും. ഇതിനപ്പുറത്തേക്കൊരു വഴിയില്ലാത്തതുകൊണ്ടാണ് ഇതിന് സീറോപോയിന്റെന്ന പേര് കിട്ടിയത്, ഇതിനപ്പുറം ചൈനയും ഷി ജിന്‍പിങുമൊക്കെയുള്ള മണ്ണാണ്. മൂന്നു ഡിഗ്രിയായിരുന്നു ഞങ്ങളെത്തിയപ്പോഴുള്ള താപനില. മണ്‍സൂണില്‍ ഇത് മൈനസിലേക്ക് ചുരുങ്ങും. പതിയെ ചുരമിറങ്ങാന്‍ തുടങ്ങി. ഇരുട്ടിയാല്‍ യാത്ര അപകടകരമാണെന്നുള്ളതിനാല്‍ ഡ്രൈവര്‍ ആക്‌സിലറേറ്റര്‍ ആഞ്ഞുചവിട്ടി. സിലിഗുരിയിലേക്ക് മടങ്ങാന്‍ മാര്‍ഗമില്ലാത്തത് കാരണം ആ രാത്രിയും ഞങ്ങള്‍ ഗാങ്‌ടോക്കിന്റെ കുളിരില്‍ നിദ്രയിലാണ്ടു. പുലര്‍ച്ചെയുള്ള മണിക്കൂറുകള്‍ ഇടവിട്ടുള്ള സിക്കിം ട്രാന്‍സ്‌പോട്ട് ബസ് സര്‍വ്വിസായിരുന്നു മടക്കയാത്രയിലെ ഞങ്ങളുടെ ആശ്രയം. മണിക്കൂറുകളുടെ യാത്രക്കൊടുവില്‍ പതിയെ സിക്കീമിന്റെ കാഴ്ചകളും അന്യമാകാന്‍ തുടങ്ങി. കാഞ്ചന്‍ജംഗയും ടീസ്റ്റനദിയും കാഴ്ചയില്‍ നിന്നു മഞ്ഞുപോലുരുകാന്‍ തുടങ്ങിയപ്പോയേക്കും കണ്ണുകള്‍ പതിയെ ഗാഢനിദ്രയിലാണ്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago
No Image

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി; ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി, പകരം ചുമതല മനോജ് എബ്രഹാമിന്

Kerala
  •  2 months ago
No Image

ഡോക്ടറേറ്റ് നേടിയ അബ്ദുല്ലക്കുട്ടിയാണ് കെ.ടി ജലീല്‍; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

മികച്ച സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് ദുബൈയുടെ ഗോൾഡൻ വിസ

uae
  •  2 months ago
No Image

തന്നെ തള്ളിപ്പറയാന്‍ ഡിഎംകെയോട് ആവശ്യപ്പെട്ടു; ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി -സിപിഎം കൂട്ടുകെട്ട്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-06-10-2024

PSC/UPSC
  •  2 months ago
No Image

കാസര്‍കോട് ബേഡഡുക്കയില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

വാറ്റ് നിയമ ഭേദഗതി,ഫണ്ട് മാനേജ്മെന്റ്, വെർച്വൽ ആസ്തി എന്നിവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ

uae
  •  2 months ago