കുറ്റിക്കോലില്‍ പോരിനൊരുങ്ങി സി.പി.എമ്മും സി.പി.ഐയും
കുറ്റിക്കോല്‍: പ്രദേശിക വിഷയത്തിന്റെ പേരില്‍ കുറ്റിക്കോല്‍ പഞ്ചായത്തില്‍ ഇടഞ്ഞു നില്‍ക്കുകയായിരുന്ന സി.പി.എം-സി.പി.ഐ പോര് വീണ്ടും ശക്തമാകുന്നു. സി.പി.എമ്മിന് ഏറെനിര്‍ണായകമായിരുന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂടെ നില്‍ക്കാതെ സി.പി.ഐ വിട്ടുനിന്നതോടെയാണ് ഇടതുമുന്നണിയിലെ രണ്ടുപ്രധാന കക്ഷികള്‍ തമ്മിലുള്ള പോര് രൂക്ഷമായത്.
നേരത്തെ പ്രസിഡന്റിനെതിരേ സി.പി.എം അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോള്‍ ബി.ജെ.പി ഒഴികെയുള്ള കക്ഷികളെ ഭരണത്തില്‍നിന്നു താഴെയിറക്കുന്നത് സി.പി.ഐ നയമല്ലെന്നു പ്രഖ്യാപിച്ച് വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നിരുന്നു.എന്നാല്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂടെ നില്‍ക്കുമെന്ന് സി.പി.എം കണക്കു കൂട്ടിയിരുന്നു.
നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സി.പി.എം വിജയിച്ചുവെങ്കിലും സി.പി.ഐ വിട്ടുനിന്നത് സി.പി.എമ്മിനകത്ത് കടുത്ത പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
എല്‍.ഡി.എഫ് യോഗത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനം സി.പി.ഐ ആവശ്യപ്പെട്ടപ്പോള്‍ വിട്ടുനല്‍കാന്‍ സി.പി.എം തയാറായില്ലെന്നും ആരോപണമുണ്ട്. അതിനു പുറമെ കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് അംഗത്വം സി.പി.ഐ ആവിശ്യപ്പെട്ടിരുന്നെങ്കിലും സി.പി.എം നല്‍കിയിരുന്നില്ലെന്നും പ്രസിഡന്റിനെതിരേ അവിശ്വാസത്തിനു നോട്ടിസ് നല്‍കുമ്പോള്‍ തങ്ങളോട് ആലോച്ചിച്ചിട്ടില്ലെന്നും സി.പി.ഐക്ക് പരാതിയുണ്ടായിരുന്നു.
സി.പി.എമ്മിന് ഏറെ സ്വാധീനമുള്ള കുറ്റിക്കോലില്‍ സി.പി.എമ്മും സി.പി.ഐയും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാതായിട്ട് വര്‍ഷങ്ങളായി. സി.പി.എം നേതാവായിരുന്ന ഗോപാലന്‍ മാസ്റ്റര്‍ പാര്‍ട്ടി വിട്ട് സി.പി.ഐയില്‍ ചേര്‍ന്നതോടെയാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കം മറനീക്കി പുറത്തേക്ക് വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."