കെ.എസ്.ടി.പി പാത: നവീകരണം അവസാന ഘട്ടത്തിലെത്തിയപ്പോള്‍ മന്ദഗതിയില്‍
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ കെ.എസ്.ടി.പി പാത നവീകരണം പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് അധികൃതര്‍ നല്‍കിയ നാലാമത്തെ അവധിയും കഴിഞ്ഞു. രണ്ടുവര്‍ഷം മുമ്പ് നഗരത്തില്‍ പാത നവീകരണം തുടങ്ങുമ്പോള്‍ കെ.എസ്.ടി.പി അധികൃതര്‍ പറഞ്ഞ അവധി ആറു മാസമായിരുന്നു.
എന്നാല്‍ വര്‍ഷം രണ്ടു പിന്നിട്ടിട്ടും പണി പൂര്‍ത്തീകരിച്ചിട്ടില്ല. പലപ്പോഴും സ്ഥലം എം.എല്‍.എ കൂടിയായ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ സാന്നിധ്യത്തില്‍ കാഞ്ഞങ്ങാട് നഗരസഭാ പ്രതിനിധികളും കെ.എസ്.ടി.പി അധികൃതരുമായി പണി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കേണ്ടതിനെ കുറിച്ച് ചര്‍ച്ച നടത്തുകയും ധാരണയിലെത്തുകയും ചെയ്തിരുന്നു.
ഇങ്ങനെ കഴിഞ്ഞ ആറുമാസത്തിനിടയില്‍ നാലുതവണ പണി പൂര്‍ത്തീകരണ വാഗ്ദാനം ബന്ധപ്പെട്ടവര്‍ നല്‍കിയിരുന്നു. ഒക്ടോബര്‍ 30നകം പൂര്‍ത്തിയാക്കുമെന്നായിരുന്നു അവസാനത്തെ അറിയിപ്പ്. എന്നാല്‍, നവംബര്‍ മധ്യത്തോടുത്തിട്ടും ജോലി ഇപ്പോഴും ബാക്കിയാണ്.
സംസ്ഥാന പാതയുടെ മധ്യത്തില്‍ സ്ഥാപിച്ചു വരുന്ന ഡിവൈഡറുകള്‍ പല സ്ഥലത്തും സ്ഥാപിക്കാതെ ബാക്കി കിടക്കുന്നു. സ്ഥാപിച്ചവ തന്നെ പല സ്ഥലത്തും വീണു കിടക്കുന്നു. ശരിയായി ഉറപ്പിച്ചു നിര്‍ത്താനോ പെയിന്റടിക്കാനോ കഴിഞ്ഞിട്ടില്ല.
ഡിവൈഡറിലെ ഹാന്റ്‌ലിങ് ജോലികളും പകുതിയില്‍ കിടക്കുന്നു. കൊട്ടിഘോഷിച്ച മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന ജോലിയും എങ്ങുമെത്തിയിട്ടില്ല. ഏതാനും സ്ഥലത്ത് മാത്രമാണ് തണല്‍ മരത്തിന്റെ തൈകള്‍ നട്ടിട്ടുള്ളത്. സംസ്ഥാന പാതയുടെ മധ്യത്തിലായി ഡിവൈഡറുകള്‍ക്കിടയില്‍ പൂച്ചെടികളും പുല്‍ത്തകിടിയും നട്ടുവളര്‍ത്തേണ്ട ജോലിയും ബാക്കിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."