ഹരിയാന കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാജിവച്ചു
ചണ്ഡീഗഡ്: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഹരിയാന കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പാര്‍ട്ടി നേതൃത്വവുമായുണ്ടായ കലഹത്തെ തുടര്‍ന്ന് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയ അശോക് തന്‍വാര്‍ ഇന്നലെ അപ്രതീക്ഷിതമായി രാജിവച്ചത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. മുന്‍ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നയങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ നടക്കുന്നതെന്ന് അശോക് തന്‍വാര്‍ ആരോപിച്ചു.
ട്വിറ്ററിലൂടെയാണ് താന്‍ പാര്‍ട്ടി വിട്ടതായി അദ്ദേഹം അറിയിച്ചത്. നാല് പേജിലുള്ള രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിക്ക് അയച്ചുകൊടുത്തതായി അദ്ദേഹം ട്വിറ്ററില്‍ പറയുന്നു. കോണ്‍ഗ്രസ് കടുത്ത നിലനില്‍പ് പ്രതിസന്ധിയിലാണ് ഇപ്പോഴുള്ളത്. രാഷ്ട്രീയ എതിരാളികളില്‍ നിന്നല്ല മറിച്ച് പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നം തന്നെയാണ് കോണ്‍ഗ്രസിനെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നതെന്നും അശോക് തന്‍വാര്‍ കൂട്ടിച്ചേര്‍ത്തു.
എന്റെ വിയര്‍പ്പില്‍ നിന്നും രക്തത്തില്‍ നിന്നും പരിപോഷിപ്പിച്ചെടുത്ത പാര്‍ട്ടിയെ മാസങ്ങള്‍ നീണ്ട ആലോചനകള്‍ക്കുശേഷമാണ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം സോണിയാഗാന്ധിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലുള്‍പ്പെടെയുള്ള ക്രമക്കേടുകളും അഴിമതിയും ആരോപിച്ച് പരസ്യമായി കലാപത്തിന് മുതിര്‍ന്ന അദ്ദേഹം തന്റെ രാജിക്ക് പിന്നിലുള്ള കാരണങ്ങള്‍ എല്ലാ കോണ്‍ഗ്രസുകാര്‍ക്കും പൊതുജനങ്ങള്‍ക്കും നന്നായി അറിയാവുന്നതാണെന്നും അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവയ്ക്കുകയാണെന്നും വ്യക്തമാക്കി.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വലിയതോതിലുള്ള ക്രമക്കേടുകളാണ് ഉണ്ടായിട്ടുള്ളത്. താഴെത്തട്ടില്‍ നിന്ന് ഉയര്‍ന്നുവരുന്നവരെയും എളിയ കുടുംബ പശ്ചാത്തലത്തില്‍പെട്ട കഠിനാധ്വാനികളായ കോണ്‍ഗ്രസുകാരെയും ഇപ്പോള്‍ പാര്‍ട്ടിയില്‍ ഒരുതരത്തിലും വിലമതിക്കുന്നില്ല. പണം, ബ്ലാക്ക് മെയില്‍, സമ്മര്‍ദ തന്ത്രങ്ങള്‍ എന്നിവയാണ് ഇപ്പോള്‍ സ്ഥാനാര്‍ഥിത്വത്തിനായി പരിഗണിക്കപ്പെടുന്നത്. 'ഏതാനും ലോബികളുടെ സ്വാര്‍ഥ താല്പര്യങ്ങളാല്‍ ആഭ്യന്തര ജനാധിപത്യം കൊല്ലപ്പെടുകയാണ് ' എന്നാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തന്റെ അനുഭവം എന്നും തന്‍വാര്‍ ആരോപിക്കുന്നു.
അതേസമയം കോണ്‍ഗ്രസില്‍ രൂപംകൊണ്ട പ്രതിസന്ധി തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിക്ക് ഇടയാക്കിയേക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.
കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ 10 സീറ്റുകളില്‍ ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. ഏഴ് സീറ്റുകള്‍ നേടി ബി.ജെ.പിയാണ് ഇവിടെ മുന്നിട്ടുനിന്നത്.
2014ലെ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമായിരുന്നു. നിലവില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് ഇപ്പോഴത്തെ സാഹചര്യത്തില്‍ തിരിച്ചുവരാനുള്ള ശ്രമം കോണ്‍ഗ്രസിന് വലിയപ്രയാസമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."