രാക്കുരുക്ക്: ചാമരാജ് നഗര്‍ ജില്ലയെ കര്‍ണാടക കൊല്ലാക്കൊല ചെയ്യുന്നു
#നിസാം കെ. അബ്ദുല്ല
കല്‍പ്പറ്റ: രാക്കുരുക്ക് വിഷയത്തില്‍ കര്‍ണാടക അതിര്‍ത്തി ജില്ലയായ ചാമരാജ് നഗറിനെ കൊല്ലാക്കൊല ചെയ്യുന്നു. ദേശീയപാത 766ന് പൂട്ടുവീണാല്‍ അതിന്റെ രക്തസാക്ഷികളായി മാറുന്ന ജില്ലകളില്‍ പ്രധാനി ചാമരാജ് നഗര്‍ ആയിരിക്കുമെന്നത് പകല്‍ പോലെ വ്യക്തമാണ്. ഈ ജില്ലയിലും സമീപ ജില്ലകളിലുമുള്ള ആയിരക്കണക്കിന് കര്‍ഷകരുടെ പ്രധാനപ്പെട്ട ആശ്രയ കേന്ദ്രം കേരളത്തിലെ മാര്‍ക്കറ്റുകളാണ്.
പച്ചക്കറി മുതല്‍ ഇവരുല്‍പാദിപ്പിക്കുന്ന പലവ്യഞ്ജനങ്ങളടക്കം കയറിപ്പോരുന്നത് കേരളത്തിലെ എറണാകുളത്തുനിന്ന് തെക്കോട്ടുള്ള ആറ് ജില്ലകളിലേക്കാണ്. മലയാളികളെ ആശ്രയിച്ചാണ് ഇവരുടെ ജീവിതം. ഈ കര്‍ഷകര്‍ പട്ടിണിയായാല്‍ ഇവിടത്തെ വ്യാപാരികളും ഇവരെ ബന്ധപ്പെട്ട് ജീവിക്കുന്നവരുമെല്ലാം ദുരിതത്തിലേക്ക് തെന്നിനീങ്ങുമെന്നതില്‍ സംശയമില്ല.
ഈ പാത പകല്‍ കൂടി അടക്കുന്നതിന്റെ സാധ്യതകളെ കുറിച്ച് സുപ്രിംകോടതി ആരാഞ്ഞത് ഇവിടത്തെ കര്‍ഷകരിലും വ്യാപാരികളിലും ഭീതി വര്‍ധിപ്പിച്ചിട്ടുണ്ട്. ഗുണ്ടല്‍പ്പേട്ടിലെ പച്ചക്കറി മാര്‍ക്കറ്റില്‍ ഇക്കഴിഞ്ഞ 30ന് കര്‍ഷകരെയും വ്യാപാരികളെയും വിളിച്ചുകൂട്ടി മാര്‍ക്കറ്റ് പ്രസിഡന്റ് മഹാദേവ് നായക് ഇക്കാര്യത്തില്‍ ഒരു വിശദീകരണം നല്‍കിയിരുന്നു. കേരളത്തില്‍ നിന്നെത്തുന്ന നൂറുകണക്കിന് ചരക്കുവാഹനങ്ങളെയാണ് നമ്മള്‍ ആശ്രയിക്കുന്നതെന്നും അവ ദേശീയപാതയിലൂടെ വരുന്നതിന് തടയിടാന്‍ ചിലര്‍ ഗൂഢാലോചനകള്‍ നടത്തുന്നുണ്ടെന്നും ഇതിനെ പ്രതിരോധിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നുമായിരുന്നു അന്ന് മാര്‍ക്കറ്റിന്റെ പ്രസിഡന്റ് പറഞ്ഞത്.
ഇതിന് പിന്നാലെ സമരങ്ങളിലേക്ക് ഇറങ്ങാനുള്ള തയാറെടുപ്പുകളും അവര്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ രാക്കുരുക്ക് വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങളാണ് കര്‍ണാടകയിലെ ഭരണപക്ഷം ചെയ്യുന്നത്.
അവര്‍ കേരളത്തിലെ സമരത്തിന് രാഹുല്‍ഗാന്ധി പിന്തുണ പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ചും മറ്റും പ്രതിഷേധ കുറിപ്പുകള്‍ ഇറക്കുകയും ഇതു കേരളത്തെ മാത്രം ബാധിക്കുന്ന വിഷയമാണെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നല്‍കുകയും ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
ഇതിന് ഗുണ്ടല്‍പ്പേട്ടില്‍നിന്ന് തന്നെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകരെയും മറ്റും അവര്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. രാഹുല്‍ഗാന്ധി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് ഈമാസം 20ന് ചാമരാജ് നഗര്‍ ജില്ലയില്‍ ഹര്‍ത്താല്‍ നടത്താനുള്ള ആഹ്വാനം വരെ ഇന്നലെ വന്നുകഴിഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇത് രണ്ടുസംസ്ഥാനങ്ങള്‍ തമ്മിലുള്ള വിഷയമാക്കി ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് ചില രാഷ്ട്രീയ നേതാക്കളും പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെടുന്നവരും ചെയ്യുന്നത്. ഒരു ജില്ലയെ താങ്ങി നിര്‍ത്തുന്ന കര്‍ഷകര്‍ക്ക് ഒരു പരിഗണനയും നല്‍കാതെ ചില രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി മാത്രം അവരെ കരുവാക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരേ വരുംദിവസങ്ങളില്‍ ജില്ലയില്‍ പ്രതിഷേധം കനക്കുമെന്നാണ് സൂചന. വ്യാപാരികളും മറ്റും ഇത്തരത്തിലുള്ള മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ മുന്നിട്ടിറങ്ങുന്നുണ്ട്. ഈ മാസം എട്ടിന് ഇതുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷന്‍ ഗുണ്ടല്‍പേട്ടില്‍ യോഗം ചേരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."