അറബ് വസന്തം ഇന്നുവരെ
ദോഹ: പുതിയ ഉയരവും ദൂരവും വേഗവും താണ്ടാനായി ഖത്തര്‍ ഖലീഫാ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ 10 ദിവസങ്ങളിലായി അരങ്ങേറിയ 2019ലെ കായിക മാമാങ്കത്തിന് ഇന്ന് തിരശ്ശീല വീഴും. 2021ലെ അടുത്ത ലോക ചാംപ്യന്‍ഷിപ്പിനായി അമേരിക്കയിലെ ഒറിഗോണ്‍ വിരുന്നൊരുക്കാനിരിക്കേ, കൂടുതല്‍ തയാറെടുപ്പോടെ കൊമ്പുകോര്‍ക്കാമെന്ന പ്രതീക്ഷയോടെ താരങ്ങള്‍ ഇന്ന് അറബ് വസന്തത്തില്‍നിന്ന് കൂടുമാറും. ഏഴ് ഫൈനലുകള്‍ അരങ്ങേറുന്ന ഇന്ന്, രാത്രി 12.00ന് നടക്കുന്ന പുരുഷന്‍മാരുടെ 4-400 മീറ്റര്‍ റിലേ ഫൈനലോടെ ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് വിരാമമാകും.
അവിനാഷ് സാബ്ലെയ്ക്ക് ഒളിംപിക്‌സ് യോഗ്യത
പുരുഷന്‍മാരുടെ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ അവിനാഷ് സാബ്ലെയ്ക്ക് 13ാം സ്ഥാനം. എങ്കിലും എട്ട് മിനുട്ട് 21.37 സെക്കന്‍ഡ് കൊണ്ട് മത്സരം പൂര്‍ത്തിയാക്കി തന്റെ തന്നെ ദേശീയ റെക്കോര്‍ഡ് തിരുത്തിയതോടെ ഒളിംപിക്‌സ് യോഗ്യതയും നേടി. എട്ട് മിനുട്ട് 22.00 സമയമായിരുന്നു ഈ ഇനത്തിലെ ഒളിംപിക്‌സിനുള്ള യോഗ്യതാ മാര്‍ക്ക്. നിലവിലെ ഒളിംപിക് ചാംപ്യന്‍ കെനിയയുടെ കോണ്‍സെസ്ലുസ് കിപ്രുതോ(8.01.35) സ്വര്‍ണം നേടിയപ്പോള്‍ എത്യോപ്യയുടെ ലാമെച്ച ഗിര്‍മ (8.01.36) വെള്ളിയും മൊറോക്കോയുടെ സൂഫിയാന ബെക്കാലി (0.03.76) വെങ്കലവും നേടി.
കെ.ടി ഇര്‍ഫാന് 27ാം സ്ഥാനം
20 കിലോ മീറ്റര്‍ നടത്തത്തില്‍ മലയാളി താരം കെ.ടി ഇര്‍ഫാന് 27ാം സ്ഥാനം. ഒരു മണിക്കൂര്‍ 35.21 സെക്കന്‍ഡ് കൊണ്ടാണ് താരം മത്സരം പൂര്‍ത്തിയാക്കിയത്. ഈ ഇനത്തില്‍ മത്സരിച്ച മറ്റൊരു താരം ദേവേന്ദര്‍ സിങ് (1.41.48) 36ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.
ജപ്പാന്റെ തോഷിക്കാസു യമാനിഷി (1.26.34) സ്വര്‍ണവും ന്യൂട്രല്‍ അത്‌ലിറ്റിന് കീഴില്‍ മത്സരിച്ച വാസിലി മിസിനോവ് (1.26.49) വെള്ളിയും സ്വീഡന്റെ പെര്‍സുസ് കാല്‍സ്‌ട്രോം (1.27.00) വെങ്കലവും സ്വന്തമാക്കി.
റിലേയില്‍ ജമൈക്ക പുറത്ത്
പുരുഷന്‍മാരുടെ റിലേ ചാംപ്യന്‍പട്ടം കൈയടക്കിവയ്ക്കാറുള്ള ജമൈക്കയ്ക്ക് ദോഹയില്‍ തിരിച്ചടി. ആദ്യ ഹീറ്റ്‌സില്‍ അമേരിക്കയ്ക്കും ബ്രിട്ടനുമൊപ്പം ഓടിയ യോഹാന്‍ ബ്ലേക് ഉള്‍പ്പെട്ട ടീം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഈ ഹീറ്റ്‌സില്‍ കഴിഞ്ഞ വര്‍ഷത്തെ വെള്ളിമെഡല്‍ നേടിയ അമേരിക്കയെ പിന്തള്ളി ബ്രസീല്‍ രണ്ടാമതെത്തിയതും ശ്രദ്ധേയമായി. നിലവിലെ ലോക, ചാംപ്യന്‍ഷിപ്പ് റെക്കോര്‍ഡുള്ള ടീമാണ് ജമൈക്ക. ബ്രസീലും ഇറ്റലിയുമാണ് ടീമിനെ പിന്നിലാക്കിയത്. ബ്രിട്ടന്‍, ബ്രസീല്‍, അമേരിക്ക എന്നീ ടീം ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു.
വനിതാ റിലേയില്‍ കഴിഞ്ഞ വര്‍ഷത്തെ മെഡലിസ്റ്റുകളായ ജമൈക്കയും അമേരിക്കയും ബ്രിട്ടനും ഫൈനലിലേക്ക് കുതിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."