പ്രമുഖര്‍ക്കെതിരായ രാജ്യദ്രോഹ കുറ്റം: സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്ക് കത്തയച്ച സാഹിത്യ- സാംസ്കാരിക രംഗത്തെ പ്രമുഖര്‍ക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത നടപടിക്കെതിരേ പ്രതിഷേധം ശക്തമായിരിക്കെ ന്യായീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരില്‍ 49 പ്രമുഖര്‍ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. ഒരു വ്യക്തി കോടതിയെ സമീപിക്കുകയും കോടതി ഇതുസംബന്ധിച്ച് ഉത്തരവിടുകയും ചെയ്തതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും വ്യാപക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ന്യായീകരണവുമായി ജാവ്ദേക്കര്‍ പറഞ്ഞു.
രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ടകൊലകളും മതാടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങളും ജയ് ശ്രീറാം എന്നത് പോര്‍വിളിയായി അധഃപതിച്ചുവെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചുവെന്നതിന്റെ പേരിലാണ് ബിഹാറിലെ മുസാഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കാന്‍ ഉത്തരവിട്ടത്. ഇതേ തുടര്‍ന്ന് സാദര്‍ പൊലിസാണ് പ്രമുഖര്‍ക്കെതിരേ കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."