സൂപ്പര്‍ ശ്രീകാന്ത്
ജകാര്‍ത്ത: ഇന്തോനേഷ്യ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന്. ഫൈനലില്‍ ജപ്പാന്‍ താരം കസുമസ സാകായിയെ അനായാസം കീഴടക്കിയാണ് ശ്രീകാന്ത് കിരീടം സ്വന്തമാക്കിയത്. കരിയറിലെ രണ്ടാം സൂപ്പര്‍ സീരീസ് കിരീടമാണ് ശ്രീകാന്ത് നേടിയത്. ഇന്തോനേഷ്യ സൂപ്പര്‍ സീരീസില്‍ ചാംപ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരമായും ശ്രീകാന്ത് മാറി. നേരത്തെ ഇന്ത്യന്‍ താരം 2014ല്‍ ചൈന സൂപ്പര്‍ സീരീസ് പ്രീമിയര്‍ കിരീടം സ്വന്തമാക്കിയിരുന്നു.
അന്നത്തെ ലോക ചാംപ്യന്‍ ലിന്‍ ഡാനെ അട്ടിമറിച്ചാണ് കരിയറിലെ ആദ്യ സൂപ്പര്‍ സീരീസ് കിരീടത്തില്‍ ഇന്ത്യന്‍ താരം മുത്തമിട്ടത്. ഇത് മൂന്നാം തവണയാണ് ശ്രീകാന്ത് സൂപ്പര്‍ സീരീസ് പോരാട്ടത്തിന്റെ ഫൈനല്‍ കളിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ സിംഗപ്പൂര്‍ ഓപണ്‍ ഫൈനലിലെത്തിയ ശ്രീകാന്ത് അന്ന് ഇന്ത്യന്‍ താരം തന്നെയായ സായ് പ്രണീതിനോട് തോല്‍വി വഴങ്ങുകയായിരുന്നു.
ലോക രണ്ടാം നമ്പര്‍ താരത്തെ അട്ടിമറിച്ച് ഫൈനലിലെത്തിയ ശ്രീകാന്തിന് ജപ്പാന്‍ താരം ഒരു വെല്ലുവിളിയും ആയില്ല. കേവലം 37 മിനുട്ടില്‍ മത്സരം വിജയിക്കാന്‍ ഇന്ത്യന്‍ താരത്തിന് കഴിഞ്ഞു.
സ്‌കോര്‍: 21-11, 21-19. ആദ്യ സെറ്റ് അനായാസം വിജയിച്ച ശ്രീകാന്തിനെതിരേ രണ്ടാം സെറ്റില്‍ മാത്രമാണ് ജപ്പാന്‍ താരം മികവ് പുലര്‍ത്തിയത്. രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ 6-11 എന്ന നിലയില്‍ ശ്രീകാന്ത് പിന്നിലായിരുന്നു. പിന്നീട് മത്സരം 13-13 എന്ന നിലയില്‍ തുല്ല്യതയിലെത്തിച്ച ഇന്ത്യന്‍ താരം 21-19ല്‍ സെറ്റും മത്സരവും പിടിച്ചെടുത്താണ് കിരീടത്തിലേക്ക് കുതിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."