നഷ്ടപരിഹാരം നേടിയെടുക്കല്‍ അടുത്ത വെല്ലുവിളി
#ജലീല്‍ അരൂക്കുറ്റി
കൊച്ചി: സുപ്രിംകോടതി വിധിയെ തുടര്‍ന്ന് പൊളിച്ചുമാറ്റുന്ന മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് മുന്നിലെ അടുത്ത വെല്ലുവിളി നഷ്ടപരിഹാരം നേടിയെടുക്കല്‍.
നഷ്ടപരിഹാരം നല്‍കുന്നതിനായി സുപ്രിംകോടതി നിയോഗിച്ച കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്ത ആഴ്ച തുടങ്ങിയാലും നഷ്ടപരിഹാരം ലഭിക്കുന്നതിന് ഒരു വര്‍ഷത്തിലധികം കാലതാമസം നേരിടും. വ്യക്തമായ രേഖകളില്ലാത്തവര്‍ക്ക് കോടതി നിശ്ചയിച്ച നഷ്ടപരിഹാര തുക ലഭിക്കുകയില്ല.
നിലവില്‍ പൊളിക്കാന്‍ ഉത്തരവിട്ടിരിക്കുന്ന അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങളിലായി 140 ഫ്‌ളാറ്റുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖ കണ്ടെത്തായിട്ടില്ല. ഫ്‌ളാറ്റ് ഉടമകളുടെ പട്ടിക രണ്ടുദിവസത്തിനകം സര്‍ക്കാരിന് കൈമാറാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഉടമസ്ഥാവകാശം സ്വന്തം പേരിലുള്ളവരെ മാത്രമേ പട്ടികയില്‍ ഉള്‍പ്പെടുത്തുകയുള്ളു.
ഫ്‌ളാറ്റുകളുടെ ഉടമസ്ഥാവകാശം മാറ്റാത്തവരുടെ നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ സുപ്രിംകോടതി നിയോഗിച്ച കമ്മിറ്റി തീരുമാനമെടുക്കട്ടെയെന്ന നിലപാടാണ് ജില്ലാ ഭരണകൂടത്തിന്റേത്.
എല്ലാ ഉടമകള്‍ക്കും 25 ലക്ഷം വീതം കിട്ടണമെന്നില്ല. രേഖകളും വിശദമായ പരിശോധനയും നടത്തിയ ശേഷമായിരിക്കും തുക നിശ്ചയിക്കുക. കൂടുതല്‍ തുക അവകാശപ്പെടുകയാണെങ്കില്‍ സമിതി വിശദമായ പരിശോധന നടത്തി സുപ്രിംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കും.
അതിനുശേഷമായിരിക്കും 25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകയുടെ കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് സമിതി ചെയര്‍മാന്‍ ജസ്റ്റിസ് കെ.ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. പല ഫ്‌ളാറ്റ് ഉടമകളും യഥാര്‍ഥ തുകയേക്കാള്‍ വില കുറച്ചാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് തര്‍ക്കവിഷയമായി മാറും. അത്തരം സാഹചര്യത്തില്‍ സര്‍ക്കാര്‍, ഫ്‌ളാറ്റ് ഉടമ, ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ എന്നിവരുടെ വിശദമായ വാദം കേട്ടശേഷമായിരിക്കും നഷ്ടപരിഹാരതുകയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുകയെന്നും ചെയര്‍മാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു വര്‍ഷത്തിനുള്ളില്‍ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായുള്ള പ്രക്രിയ പൂര്‍ത്തീകരിക്കാനാണ് സമിതി ഉദ്ദേശിക്കുന്നതെങ്കിലും വാദങ്ങളും തര്‍ക്കങ്ങളും വന്നാല്‍ കാലാവധി നീണ്ടുപോകും. ചെയര്‍മാന്റെ വീട്ടില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടെറ്റസും ജില്ലാ കലക്ടര്‍ എസ്.സുഹാസും അടങ്ങിയ ഉദ്യോഗസ്ഥരുടെ ആദ്യയോഗം നടത്തിയിരുന്നു. സമിതിക്കായി ഓഫിസും ജിവനക്കാരും ലഭ്യമാക്കിയാല്‍ ഒരാഴ്ചയ്ക്കകം പ്രവര്‍ത്തനം ആരംഭിക്കും.
ജസ്റ്റിസ് കെ.ബാലകൃഷ്ണന്‍ നായരെ കൂടാതെ റിട്ട.ഐ.എ.എസ് ഉദ്യോഗസ്ഥനും റിട്ട. സിവില്‍ എന്‍ജിനിയറും അടങ്ങുന്നതായിരിക്കും സമിതി. ഇവരെ രണ്ട് ദിവസത്തിനകം സര്‍ക്കാര്‍ നിയോഗിക്കും.
ചില ഫ്‌ളാറ്റ് ഉടമകളെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് നഗരസഭാ അധികൃതര്‍ പറയുന്നത്. ഇവരുടെ സാധനങ്ങള്‍ റവന്യൂ വകുപ്പ് നീക്കംചെയ്യും. പല ഫ്‌ളാറ്റുകളും നിലവില്‍ നിര്‍മാതാക്കളുടെ പേരില്‍ തന്നെയാണ്. വാങ്ങിയവര്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. ഇവരുടെ കാര്യത്തില്‍ നഷ്ടപരിഹാരത്തിനുള്ള സാധ്യത ഇല്ലാതാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."