പാകിസ്താന് കന്നിക്കിരീടം
ലണ്ടന്‍: ഓവലിലെ ബാറ്റിങ് പിച്ചില്‍ ടോസ് നേടിയിട്ടും ബാറ്റ് ചെയ്യാന്‍ നില്‍ക്കാതെ എതിരാളികളെ അതിന് നിയോഗിച്ച നായകന്‍ വിരാട് കോഹ്‌ലിയുടെ പിഴച്ച തീരുമാനത്തില്‍ തുടങ്ങുന്നു ഇന്ത്യയുടെ തകര്‍ച്ച. നഷ്ടപ്പെടാനൊന്നുമില്ലെന്ന തിരിച്ചറിവില്‍ ഓവല്‍ മൈതാനത്തിറങ്ങിയ പാകിസ്താന്‍ അക്ഷരാര്‍ദ്ധത്തില്‍ ഇന്ത്യയെ നിലംപരിശാക്കുകയായിരുന്നു. കിരീടം നിലനിര്‍ത്താനിറങ്ങിയ ഇന്ത്യ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയാണ് മൈതാനം വിട്ടത്. ബാറ്റിങിലും ബൗളിങിലും ഇന്ത്യന്‍ നിര നിലവാരത്തിലേക്കുയര്‍ന്നതേയില്ല. ആദ്യം പാക് ബാറ്റ്‌സ്മാന്‍മാരും പിന്നീട് ബൗളര്‍മാരും തങ്ങളുടെ ഭാഗം കൃത്യമായി നടപ്പാക്കിയപ്പോള്‍ ഇന്ത്യക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല.
ഐ.സി.സി ചാംപ്യന്‍സ് ട്രോഫി കിരീടം നടാടെ അവര്‍ നെഞ്ചോട് ചേര്‍ക്കുമ്പോള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള പാക് ക്രിക്കറ്റിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് കൂടിയാണിത്. 1992ലെ ഏകദിന ലോകകപ്പ് കിരീട നേട്ടത്തിന് ശേഷം 2009ലെ ടി20 ലോക കിരീടമാണ് അവരുടെ മറ്റൊരു അന്താരാഷ്ട്ര കിരീടം. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു അന്താരാഷ്ട്ര കിരീടം അവരുടെ കൈകളില്‍ അമരുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യയോടേറ്റ പരാജയത്തില്‍ പാഠം പഠിച്ച് മുന്നേറിയ അവരുടെ ഫൈനലിലേക്കുള്ള വരവും അതേ ഇന്ത്യക്കെതിരേ പകരം ചോദിച്ചുള്ള വിജയവും അവിസ്മരണീയം എന്നു പറയാം.
ബാറ്റ് ചെയ്യാനുള്ള ക്ഷണം ഇരു കൈയും നീട്ടി സ്വീകരിച്ച പാകിസ്താന്‍ 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടി പറയാനിറങ്ങിയ ഇന്ത്യയെ പാക് ബൗളര്‍മാര്‍ നിലക്ക് നിര്‍ത്തിയപ്പോള്‍ പോരാട്ടം വെറും 30.3 ഓവറില്‍ 158 റണ്‍സില്‍ അവസാനിച്ചു. പാക് വിജയം 180 റണ്‍സിന്. കന്നി സെഞ്ച്വറിയുമായി പാക് ഇന്നിങ്‌സിന് അടിത്തറയിട്ട ഓപണര്‍ ഫഖര്‍ സമാന്‍ മാന്‍ ഓഫ് ദി മാച്ചും ടൂര്‍ണമെന്റിലുടനീളം മികച്ച രീതിയില്‍ പന്തെറിഞ്ഞ ഹസന്‍ അലി മാന്‍ ഓഫ് ദി സീരീസുമായി.
ഫൈനല്‍ വരെ മികച്ച ഫോമില്‍ കളിച്ച ഇന്ത്യയുടെ ബാറ്റിങ് നിര പാക് ബൗളര്‍മാര്‍ക്ക് മുന്‍പില്‍ ചൂളിപ്പോകുന്ന കാഴ്ചയായിരുന്നു ഓവലില്‍. ഒന്നാം ഓവറിന്റെ മൂന്നാം പന്തില്‍ രോഹിത് ശര്‍മ റണ്ണൊന്നുമെടുക്കാതെ കൂടാരം കയറിയപ്പോള്‍ തന്നെ ഇന്ത്യയുടെ വിധി നിര്‍ണയിക്കപ്പെട്ടിരുന്നു. പിന്നീട് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ഘോഷയാത്രയായിരുന്നു. ധവാന്‍ 21 റണ്‍സിലും കോഹ്‌ലി അഞ്ച് റണ്‍സിലും പുറത്തായി. തുടക്കത്തില്‍ തന്നെ രോഹിത്, ധവാന്‍, കോഹ്‌ലി ത്രയത്തെ പറഞ്ഞയച്ച് പാകിസ്താന് ആത്മവിശ്വാസം ആവോളം സമ്മാനിച്ചത് മുഹമ്മദ് ആമിറായിരുന്നു.
പിന്നാലെയെത്തിയ യുവരാജ് സിങ് 22 റണ്‍സെടുത്ത് ചെറുത്ത് നില്‍പ്പിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ സ്പിന്നര്‍ ഷദാബ് ഹസന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. മുന്‍ നായകന്‍ ധോണിയിലായി പിന്നീടുള്ള ഇന്ത്യന്‍ പ്രതീക്ഷ. പക്ഷേ ധോണിയെ നാല് റണ്‍സില്‍ കൂടാരം കയറ്റി ഹസന്‍ അലി തന്റെ വിക്കറ്റ് വേട്ടയ്ക്കുള്ള തുടക്കമിട്ടു. കേദാര്‍ ജാദവും പൊരുതാന്‍ നില്‍ക്കാതെ മടങ്ങി. ഷദാബ് ഖാന്‍ തന്റെ രണ്ടാം വിക്കറ്റായി ജാദവിനെ കൂടാരം കയറ്റി. ഏഴാം വിക്കറ്റില്‍ ഹര്‍ദിക് പാണ്ഡ്യ- ജഡേജ സഖ്യം അല്‍പ്പ നേരം പിടിച്ചു നിന്നത് മാത്രമാണ് ഇന്ത്യക്ക് ആശ്വാസം നല്‍കിയ ഒരേയൊരു ഘടകം. പ്രത്യേകിച്ച് ഹര്‍ദിക്. കൂറ്റന്‍ അടികളുമായി ഹര്‍ദിക് കളം നിറഞ്ഞു.
43 പന്തുകള്‍ നേരിട്ട് താരം ആറ് സിക്‌സുകളും നാല് ഫോറുകളും തൂക്കി ക്ഷണത്തില്‍ 76 റണ്‍സ് വാരി ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തി. പക്ഷേ നിര്‍ഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തില്‍ ആ ഇന്നിങ്‌സിനും തിരശ്ശീലയിട്ടു. പിന്നെ ചടങ്ങ് മാത്രമായിരുന്നു ബാക്കി. ജഡേജ 15 റണ്‍സുമായും അശ്വിന്‍, ബുമ്‌റ എന്നിവര്‍ ഒരു റണ്‍സെടുത്തും മടങ്ങി. ഭുവനേശ്വര്‍ കുമാര്‍ പുറത്താകാതെ നിന്നു.
പന്തെടുത്ത പാക് പേസര്‍മാരും സ്പിന്നര്‍മാരും കൃത്യത വിടാതെ ഇന്ത്യന്‍ ബാറ്റിങിനെ വരിഞ്ഞുമുറുക്കി. മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി മുഹമ്മദ് ആമിറും ഹസന്‍ അലിയും രണ്ട് വിക്കറ്റെടുത്ത് ഷദാബ് ഖാനും ഒരു വിക്കറ്റ് പിഴുത് ജുനൈദ് ഖാനും തങ്ങളുടെ റോള്‍ ഭംഗിയാക്കി. ടൂര്‍ണമെന്റിലുടനീളം പാകിസ്താന്‍ മുന്നേറ്റങ്ങള്‍ക്ക് വജ്രായുധമായി നിന്ന ഹസന്‍ അലി ഫൈനലിലും മികവ് ആവര്‍ത്തിച്ചു.
ടോസ് നേടി ഇന്ത്യ പാകിസ്താനെ ബാറ്റിങിന് വിടുകയായിരുന്നു. പാക് ഓപണര്‍മാരായ അസ്ഹര്‍ അലിയും ഫഖര്‍ സമാനും ചേര്‍ന്ന് അവര്‍ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. വളരെ കരുതലോടെ ബാറ്റ് ചെയ്ത അവര്‍ പതുക്കെ പതുക്കെ കളിയില്‍ പിടിമുറുക്കുകയായിരുന്നു. ബൗളര്‍മാര്‍ മാറി മാറി പന്തെറിഞ്ഞിട്ടും കൂട്ടുകെട്ട് പൊളിയാന്‍ 128 റണ്‍സ് വരെ ഇന്ത്യക്ക് കാക്കേണ്ടി വന്നു. റണ്ണൗട്ടിന്റെ രൂപത്തില്‍ അസ്ഹര്‍ അലി പുറത്താകുമ്പോള്‍ ഇരുവരും ചേര്‍ന്ന് ഓപണിങില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. അസ്ഹര്‍ 59 റണ്‍സിലാണ് പുറത്തായത്. പിന്നീടെത്തിയ ബാബര്‍ അസമിനെ കൂട്ടുപിടിച്ച് ഫഖര്‍ സ്‌കോര്‍ ബോര്‍ഡ് മുന്നോട്ട് കൊണ്ടുപോയി.
200 റണ്‍സെത്തിയപ്പോഴാണ് പാകിസ്താന് രണ്ടാം വിക്കറ്റ് നഷ്ടമായത്. 106 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സുമായി 114 റണ്‍സെടുത്ത് ഏകദിനത്തിലെ തന്റെ കന്നി സെഞ്ച്വറി കുറിച്ചാണ് ഫഖര്‍ മടങ്ങിയത്. അസം 46 റണ്‍സെടുത്ത് സ്‌കോര്‍ ബോര്‍ഡിലേക്ക് മികച്ച സംഭാവന നല്‍കി. ഷൊയ്ബ് മാലിക്ക് 12 റണ്‍സില്‍ പുറത്തായെങ്കിലും അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മുഹമ്മദ് ഹഫീസ്- ഇമദ് വാസിം സഖ്യം കൂറ്റനടികളിലൂടെ പാക് സ്‌കോര്‍ 300 കടത്തി. ഹഫീസ് 37 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും പറത്തി 57 റണ്‍സെടുത്തപ്പോള്‍ ഇമദ് 25 റണ്‍സെടുത്തു. ഇരുവരും പുറത്താകാതെ നിന്ന് പാകിസ്താന് മികച്ച സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍, കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."