വികസനം പറഞ്ഞ് യു.ഡി.എഫ്
#ടി.കെ ജോഷി
മഞ്ചേശ്വരം: ശബരിമലയും പാലാരിവട്ടം പാലവുമൊന്നും മഞ്ചേശ്വരത്തെ വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് വിഷയമല്ല. കേരളം ചര്‍ച്ച ചെയ്യുന്ന പല വിഷയവും അവര്‍ ഇതുവരെ കേട്ടിട്ടുപോലുമില്ല.
മലയാള പത്രങ്ങളുടെ സ്വാധീനവും മലയാള ഭാഷ അറിയുന്നവരും മണ്ഡലത്തില്‍ നാമമാത്രമാണ്. അതിനാല്‍ തന്നെ കേരളത്തിലെ വിഷയങ്ങളില്‍ തല്‍പരരല്ല വോട്ടര്‍മാരില്‍ ഭൂരിപക്ഷവും. ന്യൂനപക്ഷ ഭാഷാ വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് മണ്ഡലത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. മലയാളം പഠിക്കാത്തതിനാല്‍ കേരളത്തിലെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് ഇവിടുത്തുകാര്‍ പുറത്താകുകയാണ്. തൊഴിലില്ലായ്മ വലിയ പ്രശ്‌നമായി മണ്ഡലത്തിലുണ്ട്. ഇത് ചെറുപ്പക്കാരെ എത്തിച്ചിരിക്കുന്നത് നിയമവിരുദ്ധ കാര്യങ്ങളിലേക്കാണ്. അതിന് ഈ ഒറ്റ കണക്ക് മതി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മഞ്ചേശ്വരം മണ്ഡലത്തിലെ മഞ്ചേശ്വരം, കുമ്പള പൊലിസ് സ്റ്റേഷനുകളിലാണ്.
നിരവധി തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച യു.ഡി.എഫ് വികസനം പറഞ്ഞാണ് വോട്ട് തേടുന്നത്. സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന് തന്റെ മുന്‍ഗാമികളായിരുന്ന ചെര്‍ക്കളം അബ്ദുല്ലയും പി.ബി അബ്ദുല്‍ റസാഖുമൊക്കെ കൊണ്ടുവന്ന വികസനങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ മണ്ഡലത്തില്‍ ഏറെയുണ്ട്. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ഈ മണ്ഡലത്തില്‍ ദേശീയപാതയൊഴികെയുള്ള റോഡുകള്‍ വികസനത്തിന്റെ നേര്‍ക്കാഴ്ചകളാണ്.
കേരളാ മുഖ്യമന്ത്രി ഉള്‍പ്പെടെ അരഡസന്‍ മന്ത്രിമാരുടെ പ്രചാരണ പരിപാടികളാണ് സി.പി.എം അടുത്തയാഴ്ച മുതല്‍ മണ്ഡലത്തില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. സ്ഥാനാര്‍ഥിയുടെ 'ശബരിമല കയറ്റം' മണ്ഡലത്തില്‍ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലില്‍ മന്ത്രി സംഘത്തില്‍ പ്രചാരണത്തിന് ആദ്യമെത്തുന്നത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്.
ശബരിമല വിശ്വാസ വിഷയത്തില്‍ വിരുദ്ധ നിലപാട് സ്വീകരിച്ച മന്ത്രിമാരെ വിശ്വാസികള്‍ ഏറെയുള്ള ഈ മണ്ഡലത്തില്‍ നിന്ന് സി.പി.എം മാറ്റിനിര്‍ത്തിയിട്ടുണ്ട്. ഇന്ന് പ്രചാരണത്തിനെത്തുന്ന ദേവസ്വം മന്ത്രി മണ്ഡലത്തിലെ ക്ഷേത്രം കമ്മിറ്റി ഭാരവാഹികളുടെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. ഇതെല്ലാം സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. എം. ശങ്കര്‍ റൈയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ സി.പി.എം ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളുടെയും മറ്റും പിന്തുണയാണ് ലക്ഷ്യമിടുന്നത്.
എന്‍.ഡി.എ ഇതിന് ഇതേ ഭാഷയില്‍ തന്നെ തിരിച്ചടിക്കുമ്പോള്‍ ഇരു മുന്നണികളും ഊന്നുന്നത് വോട്ടര്‍മാരുടെ 'വിശ്വാസം' തന്നെയാണ്. എന്‍.ഡി.എ സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്തത് കര്‍ണാടക ബി.ജെ.പി അധ്യക്ഷനും എം.പിയുമായ നളീന്‍ കുമാര്‍ കട്ടീല്‍ ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."