'വിതുമ്പുന്ന നാവരിഞ്ഞേക്കിന്‍ ചിലയ്‌ക്കേണ്ട നാളെ...'
ഇതേവര്‍ഷം ജനുവരിയില്‍, മഹാത്മജിയുടെ 71 ാം ചരമദിനത്തിലാണ് ഹിന്ദുമഹാസഭ നേതാവായ പൂജാ ശകുന്‍ പാണ്ഡെ രാഷ്ട്രപിതാവിന്റെ ഛായാചിത്രത്തിനു നേരേ പ്രതീകാത്മകമായി വെടിയുതിര്‍ത്തത്. മാസം എട്ടു കഴിഞ്ഞു. പരസ്യമായി നടത്തിയ ആ ഹീനകൃത്യത്തില്‍ ഇതുവരെ ആ സ്ത്രീയെയോ അവരോടൊപ്പം അതില്‍ പങ്കെടുത്ത മറ്റു മതഭ്രാന്തന്മാരെയോ അറസ്റ്റ് ചെയ്തു കല്‍ത്തുറുങ്കിലടച്ചിട്ടില്ല. രാഷ്ട്രപിതാവിനെ ഇത്രയും പരസ്യമായി അവഹേളിക്കുന്നതു രാജ്യദ്രോഹമാണെന്ന് അധികാരസ്ഥാനത്തിരിക്കുന്നവര്‍ക്കോ അവരുടെ ആജ്ഞാനുവര്‍ത്തികള്‍ക്കോ ബോധ്യപ്പെട്ടിട്ടില്ല.
ഈ എട്ടു മാസത്തിനിടയില്‍ മറ്റൊരു സംഭവം നടന്നു. പ്രതീകാത്മകമായ ഗാന്ധിവധമെന്ന 'ധീരകൃത്യം' നടത്തിയ പൂജാ ശകുന്‍ പാണ്ഡെയ്ക്കും മറ്റും ഹിന്ദു മഹാസഭ ഉജ്വല സ്വീകരണം നല്‍കി. ഭഗവത് ഗീതയും വാളും നല്‍കിയായിരുന്നു ആദരം. പൂജ പാണ്ഡെയും മറ്റും നടത്തിയതു ധര്‍മയുദ്ധമാണെന്നും 'വെടി'യേല്‍ക്കപ്പെട്ട ഗാന്ധി അധര്‍മപ്രതീകമാണെന്നും അംഗീകരിക്കുകയായിരുന്നു ആ നടപടിയിലൂടെ എന്നാണല്ലോ മനസ്സിലാക്കേണ്ടത്. എന്നിട്ടും, ആര്‍ക്കെതിരേയും രാജ്യദ്രോഹക്കുറ്റം പോകട്ടെ, പെറ്റിക്കേസു പോലും എടുത്തില്ല.
ഹിന്ദു മഹാസഭ മറ്റൊരു കാര്യം കൂടി ചെയ്തു. ഇതേ പൂജാ ശകുന്‍ പാണ്ഡെയെ ആ സംഘടനയുടെ നേതൃത്വത്തില്‍ രൂപീകരിച്ചതായി പ്രഖ്യാപിക്കപ്പെട്ട ഹിന്ദു കോടതിയുടെ പ്രഥമ ന്യായാധിപയായി നിയമിച്ചു. ഹിന്ദുക്കളുമായി ബന്ധപ്പെട്ട എല്ലാ കേസുകളും, ക്രിമിനല്‍ സിവില്‍ വ്യത്യാസമില്ലാതെ, മതനിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വിചാരണ നടത്തുകയും കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്യുകയാണ് ഈ കോടതിയുടെ ലക്ഷ്യമെന്നാണു പ്രഖ്യാപനം. ഭരണഘടനയെയും സ്വതന്ത്ര ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയെയും പരസ്യമായി ചോദ്യം ചെയ്യുന്ന ഈ നടപടിക്കെതിരേയും എന്തെങ്കിലും നടപടിയെടുത്തതായി അറിയില്ല.
ഇപ്പോഴിതാ, മഹാത്മജിയുടെ 150ാം ജന്മദിനത്തില്‍, രാജ്യത്തെങ്ങുമുള്ള മതേതര മനസ്സുകള്‍ ആത്മാര്‍ഥമായി ഗാന്ധിജയന്തി ആഘോഷിച്ചുകൊണ്ടിരിക്കെ, മധ്യപ്രദേശിലെ ലക്ഷ്മണ്‍ ബാഗില്‍ അതിക്രൂരമായ ഗാന്ധിനിന്ദ നടന്നിരിക്കുന്നു. അവിടത്തെ ബാപ്പു മന്ദിരത്തില്‍ സൂക്ഷിച്ച മഹാത്മജിയുടെ ചിതാഭസ്മം മോഷ്ടിക്കപ്പെട്ടു. എന്നു മാത്രമല്ല, ആ ചിതാഭസ്മത്തില്‍ കുറച്ചെടുത്ത് ഗാന്ധി പ്രതിമയ്ക്കു താഴെ 'രാജ്യദ്രോഹി' എന്നു ഹിന്ദിയില്‍ എഴുതിവയ്ക്കുകയും ചെയ്തിരിക്കുന്നു.രാഷ്ട്രപിതാവിന്റെ യശസ്സിനു നേരെ ഈ കൊടുംക്രൂരത ചെയ്തവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നു മുറവിളിയുയര്‍ന്നില്ല. അറിയേണ്ടവരില്‍ പലരും ഈ സംഭവം അറിഞ്ഞ മട്ടില്ല. ഇത് അപലപിക്കേണ്ട നടപടിയായി അധികാരക്കസേരിയിലിരിക്കുന്നവര്‍ക്കു തോന്നിയില്ല.തോന്നില്ലല്ലോ, ഗാന്ധിയുടെ ചിത്രമുള്ളതിനാലാണ് ഇന്ത്യന്‍ രൂപയ്ക്കു മൂല്യം കുറഞ്ഞതെന്നും മൂല്യം കൂട്ടാന്‍, ഗാന്ധിയുടെ ചിത്രം മാറ്റി രാജ്യനായകനായ പ്രധാനമന്ത്രിയുടെ ആകര്‍ഷകമായ ചിത്രം വയ്ക്കണമെന്നും ഇന്ത്യയിലെ അത്യുന്നത ജനപ്രതിനിധി സഭയിലെ ഒരംഗം ഉദ്‌ഘോഷിച്ചപ്പോഴും ശബ്ദമുയര്‍ത്തേണ്ടവരെല്ലാം മൗനികളായിരുന്നല്ലോ.
ദിവസങ്ങള്‍ക്കു മുമ്പ്, അമേരിക്കയുടെ മണ്ണില്‍ വച്ച്, അനേകായിരം ഇന്ത്യക്കാരെ സാക്ഷി നിര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഒരു പ്രഖ്യാപനം നടത്തി. 'ഇതാ ഇന്ത്യയുടെ പിതാവ് ' എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. അതു പറയുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ നോട്ടവും വിരലുകളും നീണ്ടത് ഗാന്ധിജിയുടെ ഛായാചിത്രത്തിനോ പ്രതിമയ്‌ക്കോ ഗാന്ധിജിയെന്നെഴുതിയ അക്ഷരങ്ങള്‍ക്കോ നേരേയായിരുന്നില്ല.എന്നിട്ടും, അവിടെക്കൂടിയ ആയിരക്കണക്കിന് ഇന്ത്യക്കാരില്‍ ഒരാളുടെ തൊണ്ടയില്‍ നിന്നുപോലും പ്രതിഷേധ സ്വരമുയര്‍ന്നില്ല, കൈയടിച്ചു സ്വീകരിക്കുകയായിരുന്നു. അന്നു മാത്രമല്ല, ഇന്നുവരെ അപലപിക്കേണ്ടവരാരും ആ വിശേഷണത്തെ അപലപിച്ചില്ല. തീര്‍ച്ചയായും ഭയം കൊണ്ടായിരിക്കണം. ഭയം തീണ്ടിയിട്ടില്ലാത്ത ഒരുകൂട്ടമാളുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തങ്ങളാലാവുംവിധം പ്രതികരിച്ചു. അവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുമോയെന്നറിയില്ല.
ഈ പശ്ചാത്തലത്തില്‍ വേണം ഇന്ത്യയിലെ പ്രമുഖരായ 49 വ്യക്തികള്‍ 'രാജ്യദ്രോഹിക'ളായി മുദ്രകുത്തപ്പെട്ട സംഭവത്തെക്കുറിച്ചു ചിന്തിക്കാന്‍. വിഖ്യാതചരിത്രകാരന്‍ രാമചന്ദ്രഗുഹ, പ്രശസ്ത സിനിമാസംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്യാം ബെനഗല്‍, മണിരത്‌നം, അപര്‍ണ സെന്‍, അനുരാഗ് കശ്യപ്, സിനിമാ താരങ്ങളായ രേവതി, കൊങ്കണ സെന്‍ ശര്‍മ, കനി കുസൃതി തുടങ്ങിയവരാണവര്‍.അവര്‍ ചെയ്ത 'രാജ്യദ്രോഹക്കുറ്റം' ഇതാണ്, ഈ രാജ്യത്തു വ്യാപകമായിക്കൊണ്ടിരിക്കുന്ന ജാതി,മത വിദ്വേഷക്കൊലകള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് അഭ്യര്‍ഥിച്ചുപോയി. പാകിസ്താന്‍ ഭരണകൂടത്തോടോ ചൈനാ അധികാരികളോടോ അല്ല, ലഷ്‌കര്‍ ഇ ത്വയിബ പോലുള്ള ഭീകരസംഘടനകളോടുമല്ല അവര്‍ ഈ അഭ്യര്‍ത്ഥന നടത്തിയത്, സ്വന്തം രാജ്യത്തിന്റെ ഭരണാധികാരിയോടാണ്.
ആ കത്തില്‍ അവര്‍ രാജ്യം ഭരിക്കുന്നവരില്‍ ആരെയും പരിഹസിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന കീര്‍ത്തിയോടെ ഏഴു പതിറ്റാണ്ടിലേറെക്കാലമായി തലയുയര്‍ത്തി നില്‍ക്കുന്ന ഇന്ത്യയില്‍ സംഭവിക്കാന്‍ പാടില്ലാത്തതു സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് ഓര്‍മിപ്പിക്കുകയും അതു തടയണമെന്ന് അഭ്യര്‍ഥിക്കുകയുമാണവര്‍ ചെയ്തത്. അഹിംസയുടെ ശക്തി ലോകത്തെ പഠിപ്പിച്ച മഹാത്മാവിന്റെ പേരില്‍ ഊറ്റം കൊള്ളുന്ന ഭാരതത്തില്‍ മതവികാരം ഇളക്കിവിട്ടുകൊണ്ടു നടത്തുന്ന അക്രമപ്രവൃത്തികള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് അപേക്ഷിക്കുക മാത്രമാണവര്‍ ചെയ്തത്.
ആ തുറന്ന കത്തില്‍ എവിടെയും സഭ്യമല്ലാത്ത പരാമര്‍ശങ്ങള്‍ വായിക്കാന്‍ കഴിഞ്ഞിട്ടില്ല. രാജ്യത്തിനെതിരേയോ ഭരണകൂടത്തിനെതിരേയോ കലാപത്തിന് ആഹ്വാനം ചെയ്യുന്ന ഒരു പദപ്രയോഗം പോലും കാണാനായിട്ടില്ല. ഇന്ത്യയുടെ ശത്രുക്കളെ പ്രകീര്‍ത്തിക്കുന്ന ഒരു വരിപോലുമില്ല. ഈ കത്തില്‍ ഒപ്പുവച്ചവരാരെങ്കിലും ഇക്കാലത്തിനിടയില്‍ എപ്പോഴെങ്കിലും രാജ്യദ്രോഹപരമായ പ്രസ്താവനയിറക്കുകയോ രാജ്യദ്രോഹികളുമായി കൂട്ടുകൂടുകയോ ചെയ്തതായി അറിയില്ല.
അവര്‍ ആശങ്കപ്പെട്ടതു ശരിയല്ലേ. വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച മാംസം പശുവിന്റേതാണെന്ന് ആരോപിച്ചാണല്ലോ അഖ്‌ലാക്കിനെ ആള്‍ക്കൂട്ടം വേട്ടയാടിക്കൊന്നത്. ട്രെയിനിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റിലെ സീറ്റില്‍ ഇരുന്നുവെന്ന കാര്യത്തിലാണല്ലോ ജുനൈദിനെ ആള്‍ക്കൂട്ടം ആക്രമിച്ചുകൊന്നത്, സവര്‍ണക്ഷേത്രത്തില്‍ കയറിപ്പോയെന്ന കുറ്റമാരോപിച്ചാണല്ലോ ഉത്തരേന്ത്യയില്‍ ഒരു ദലിത് യുവാവിനെ ആള്‍ക്കൂട്ടം മണ്ണെണ്ണയൊഴിച്ചു ജീവനോടെ കത്തിച്ചത്.
സാമുദായികഭ്രാന്തിന്റെ പേരില്‍ ഇങ്ങനെ എത്രയെത്ര അക്രമസംഭവങ്ങള്‍. 'ജയ്ശ്രീരാം' പരാമര്‍ശത്തെക്കുറിച്ചു തെറ്റായി പറഞ്ഞു സാമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ക്കെതിരേയുള്ള മറ്റൊരു ആരോപണം. 'മര്യാദാപുരുഷനാ'യാണ് വല്മീകി മഹര്‍ഷി ശ്രീരാമനെ ചിത്രീകരിച്ചത്. ഇതിഹാസത്തിലും വിശ്വാസത്തിലും സകലഗുണങ്ങളുടെയും പ്രതീകമാണ് ശ്രീരാമന്‍. സാമുദായികവിരോധത്തിന്റെ പേരില്‍ അക്രമം നടത്തുന്നവര്‍, ആ ശ്രീരാമന്റെ അക്രമവേളയില്‍ ഉച്ചരിച്ചു കളങ്കപ്പെടുത്തുന്നുവെന്നു പറയുന്നതെങ്ങനെ രാജ്യദ്രോഹവും സാമുദായികവിരോധം സൃഷ്ടിക്കലുമാകും.ഈ കുറിപ്പിന് നല്‍കിയ തലക്കെട്ട് ഒരു വാക്കു മാത്രം മാറ്റിയ കവിവാക്യമാണ്.
രാജ്യദ്രോഹികളായി മുദ്രകുത്തപ്പെട്ട പ്രഗത്ഭവ്യക്തികള്‍ വിതുമ്പിയിട്ടേയുള്ളൂ, ചിലച്ചിട്ടില്ല. ആ വിതുമ്പല്‍ ഈ രാജ്യത്തെ മതേതരമനസ്സുകളുടെ വിതുമ്പലാണെന്നു കൂടി ഓര്‍ക്കണം.
വിതുമ്പുന്ന നാവുകള്‍ അരിയല്‍ ഫാസിസത്തിന്റെ രീതിയാണ്.
മഹാത്മജിയുടെ നാട്ടില്‍ അതു സംഭവിക്കാതിരിക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."