പൊതുമേഖലാ സ്ഥാപനങ്ങളിലെ ചട്ടവിരുദ്ധ ഡെപ്യൂട്ടേഷന്‍; സര്‍ക്കാരിന് ഹൈക്കോടതി നോട്ടിസ്
തൊടുപുഴ: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ചട്ടവിരുദ്ധ ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിന് ഹൈക്കോടതി നോട്ടിസ്.
ഇതുസംബന്ധിച്ച അടിയന്തര റിട്ട് ഹരജി ഫയലില്‍ സ്വീകരിച്ച് ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടിസ് അയക്കാന്‍ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടു. പെതുമേഖലാ സ്ഥാപനങ്ങളിലെ ചട്ടവിരുദ്ധ ഡെപ്യൂട്ടേഷനും അധിക ചുമതലകളും തുടരുന്നത് സംബന്ധിച്ച് കഴിഞ്ഞ 30ന് സുപ്രഭാതം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ആലപ്പി കോ-ഓപറേറ്റിവ് സ്പിന്നിങ് മില്ലില്‍ ജനറല്‍ മാനേജര്‍ കം സി.ഇ.ഒ ആയി പി.എസ് ശ്രീകുമാര്‍ തുടര്‍ച്ചയായി ആറു വര്‍ഷം ഡെപ്യൂട്ടേഷന്‍ സെപ്റ്റംബര്‍ 30നു പൂര്‍ത്തിയായിരുന്നു. കൂടാതെ തൃശൂര്‍ സഹകരണ സ്പിന്നിങ് മില്ലിന്റെ എം.ഡിയുടെ അധിക ചുമതലയിലും തുടര്‍ന്നു വരികയാണ്.
ഡെപ്യൂട്ടേഷന്‍ ഏഴാം വര്‍ഷത്തിലേക്ക് നീട്ടണമെന്ന അപേക്ഷ വ്യവസായ വകുപ്പിന്റെ പരിഗണനയിലാണ്. ഡെപ്യൂട്ടേഷന്‍ കാലയളവ് പൂര്‍ത്തീകരിച്ചിട്ടും മാതൃസ്ഥാപനമായ മലപ്പുറം മില്ലില്‍ ഇതുവരെ ജോലിയില്‍ പ്രവേശിച്ചിട്ടില്ല. മലപ്പുറം മില്ലില്‍ തിരികെ ജോയിന്‍ ചെയ്യാത്ത വിഷയത്തില്‍ നോട്ടിസ് അയക്കാനുള്ള നീക്കം ഉന്നത ഇടപെടല്‍ മൂലം തടയുകയായിരുന്നു.
ഡെപ്യൂട്ടേഷന്‍ കാലയളവ് വരെ സ്ഥാപനത്തില്‍ അഞ്ചു വര്‍ഷം കവിയരുതെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് ഉന്നത രാഷ്ട്രീയ സ്വാധീനം മറയാക്കി ആലപ്പി, തൃശൂര്‍ മില്ലുകളില്‍ നിന്ന് വിടുതല്‍ ചെയ്യാതെ തുടര്‍ച്ചയായി ഏഴാം വര്‍ഷവും ചട്ടവിരുദ്ധമായി തുടരുന്നത്.
ട്രിവാന്‍ഡ്രം സ്പിന്നിങ് മില്ലില്‍ നിന്ന് സ്വയം വിരമിക്കല്‍ ആനുകൂല്യം കൈപറ്റിയതിനു ശേഷം വിവരം മറച്ചുവച്ച് മലപ്പുറം മില്ലില്‍ ആദ്യം സ്പിന്നിങ് മാസ്റ്റര്‍ തസ്തികയിലും പിന്നീട് മില്‍ മാനേജര്‍ തസ്തികയിലും പിന്‍വാതില്‍ നിയമനം നേടിയതായുള്ള പരാതിയില്‍ ലോകായുക്തയില്‍ അന്വേഷണം നടക്കുന്നുണ്ട്. വിവിധ ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സില്‍ പരാതിയുമുണ്ട്.
സര്‍ക്കാര്‍ ചട്ടം മറികടന്ന് ഒരു വര്‍ഷത്തില്‍ കൂടുതലായി തൃശൂര്‍, കുറ്റിപ്പുറം മാല്‍കോടെസ് സ്പിന്നിങ് മില്‍ എം.ഡിമാരും അധിക ചുമതലയില്‍ തുടരുകയാണ്.
ഇവരെ 2018 ഏപ്രില്‍ മൂന്നിന് വ്യവസായ വകുപ്പ് സ്‌പെഷല്‍ ഉത്തരവിലൂടെ എം.ഡിയുടെ അധിക ചുമതലയില്‍ നിയമിച്ചതാണ്. ഇരുവരും താഴ്ന്ന തസ്തികയില്‍ നിന്നാണ് ഡെപ്യൂട്ടേഷന്‍, അധിക ചുമതല മാര്‍ഗങ്ങള്‍ മറയാക്കി ഇരട്ട പദവിയോടെ ഉയര്‍ന്ന തസ്തികയില്‍ വര്‍ഷങ്ങളായി തുടരുന്നത്. ഇത് നിയമ വിരുദ്ധമാണെന്ന് ഹരജിയില്‍ തെളിവ് സഹിതം ചൂണ്ടിക്കാട്ടുന്നുണ്ട്.
ഹാന്റ്‌ലൂം ആന്റ് ടെക്‌സ്റ്റയില്‍ ഡയരക്ടര്‍ കെ. സുധീറിന് 10 സ്ഥാപനങ്ങളുടെ എം.ഡി ചുമതലയുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇരട്ട എം.ഡി പദവിയില്‍ തുടരുന്നവരും നിരവധി പേരുണ്ട്. നിയമനത്തിനുള്ള പ്രൊഫഷനല്‍ സെലക്ഷന്‍ ബോര്‍ഡിനെ നോക്കുകുത്തിയാക്കി കോഴ, ഉന്നത രാഷ്ട്രിയ സ്വാധീനം എന്നിവ ഉപയോഗിച്ച് എം.ഡി തസ്തികയില്‍ സ്‌പെഷല്‍ ഉത്തരവിലൂടെ നിരവധി താല്‍കാലികക്കാര്‍ തുടരുകയാണ്. വിജിലന്‍സ് ക്ലിയറന്‍സ് ഇല്ലാതെയാണ് പല എം.ഡി മാരും തുടരുന്നത്.
ഡെപ്യൂട്ടേഷന്‍ നീട്ടിനല്‍കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. കേസ് ഈ മാസം 30നു പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ നിലപാട് രേഖാമൂലം അറിയിക്കണമെന്നും കോടതി പറഞ്ഞു. ഹരജിക്കാരനു വേണ്ടി അഡ്വ. അനില്‍കുമാര്‍.സി ആണ് ഹാജരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."