മലയാളികള്‍ക്ക് സഊദിയില്‍ വീണ്ടും തിരിച്ചടി; ബഖാലകലകളും കൈവിടുന്നു
#അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: മലയാളികളടക്കം ചെറുകിട, ഇടത്തരം പ്രവാസികളെ ഏറെ ബാധിക്കുന്ന ബഖാല (സൂപ്പര്‍മാര്‍ക്കറ്റ്) സ്വദേശി വല്‍ക്കരണം നടപ്പിലാക്കുന്നു. വിവിധ മേഖലകളില്‍ സ്വദേശി വല്‍ക്കരണം നടപ്പാക്കിയപ്പോഴും ഒഴിച്ചിട്ട ബഖാല സ്വദേശി വല്‍ക്കരണം മലയാളികള്‍ക്ക് ഏറെ തിരിച്ചടിയാണ്.
വിവിധ രാജ്യങ്ങളിലെ വിദേശികളെ കൂടാതെ ആയിരക്കണക്കിന് മലയാളായി കുടുംബങ്ങളുടെ നില നില്‍പ്പായി കരുതിയിരുന്ന ബഖാലകളില്‍ സഊദിവല്‍ക്കരണം നടപ്പാകുന്നതോടെ പ്രവാസികള്‍ക്ക് അവസാന മേഖലയും കൈവിട്ടു പോകുകയാണ്. മുന്‍ഷആത്' എന്ന പേരിലുള്ള ജനറല്‍ അതോറിറ്റി ഫോര്‍ സ്മാള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ് ആണ് ചില്ലറ വില്‍പന കടകളും (ബഖാല) സ്വദേശിവത്ക്കരണം നടപ്പാക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യ ഘട്ടത്തില്‍ അഞ്ഞൂറ് ബഖാലകളിലാണ് സ്വദേശി വല്‍ക്കരണം നടപ്പിലാക്കുന്നതെന്നു'മുന്‍ഷആത്' മേധാവി അഫ്‌നാന്‍ അല്‍ ബാബതീന്‍ പറഞ്ഞു. സ്വദേശികളായ പുരുഷ, വനിത തൊഴിലന്വേഷകര്‍ക്ക് ഈ രംഗത്തു കൂടുതല്‍ വസരങ്ങള്‍ നല്‍കുന്നതാണ് പുതിയ പദ്ധതി.
സ്വദേശികള്‍ ഏറ്റെടുത്തു നടത്താന്‍ തയാറുള്ള ബഖാലകള്‍ അവര്‍ക്ക് ഏല്‍പിച്ച് കൊടുക്കുകയാണ് ചെയുക. ഇതോടൊപ്പം സ്വദേശിവത്കരണം ആരംഭിച്ച ശേഷം അടഞ്ഞു കിടക്കുന്ന കടകള്‍ ചെറുകിട സംരംഭങ്ങളില്‍ മുതല്‍ മുടക്കാന്‍ സന്നദ്ധതയുള്ള സ്വദേശികള്‍ക്ക് ഏല്‍പിച്ചു കൊടുക്കുമെന്നും അല്‍ ബാബതീന്‍ പറഞ്ഞു.
ഇതോടൊപ്പം, രാജ്യത്തെ വിമാനത്താവളങ്ങളിലെ വിവിധ ജോലികളും സ്വദേശിവത്ക്കരിക്കാനുള്ള പദ്ധതികള്‍ക്കും തുടക്കമായിട്ടുണ്ട്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലെ ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമാക്കാനാണ് പദ്ധതി. ആദ്യ ഘട്ടമായി ജിദ്ദ വിമാനത്താവളത്തിലെ ജോലികള്‍ സ്വദേശിവത്കരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
മെച്ചപ്പെട്ട അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി സ്വദേശികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ജിദ്ദ വിമാനത്താവള സ്വദേശിവത്കരണത്തിന്റെ ഭാഗമായി തൊഴില്‍ മന്ത്രാലയവും വിമാനത്താവള മേധാവികളും വിമാന കമ്പനി മാനേജര്‍മാരും യോഗം ചേര്‍ന്നു സ്ഥിതികള്‍ വിലയിരുത്തി.
വിവിധ കമ്പനികളുമായും യോഗത്തില്‍ ധാരണയിലെത്തിയിട്ടുണ്ട്. എന്നാല്‍, ഏതൊക്കെ തസ്തികകള്‍ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടും എന്നത് സംബന്ധിച്ച് മന്ത്രാലയം ഉത്തരവ് പ്രകാരമാകും തീരുമാനം എടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."