എം.എച്ച്.ഇ.എസ് റാഗിങ്: എസ്.പിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു
വടകര: ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് റാഗിങ് വിഷയത്തില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കോളജ് തുറന്നുപ്രവര്‍ത്തിക്കാനുമായി റൂറല്‍ എസ്.പി എന്‍. വിജയകുമാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. എട്ടു മുതല്‍ സര്‍വകലാശാലാ പരീക്ഷകള്‍ ആരംഭിക്കുന്നതിനാല്‍ വിദ്യാര്‍ഥികളുടെ ഭാവി കരുതി കോളജ് തുറന്നുപ്രവര്‍ത്തിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു കാര്യങ്ങള്‍ പരിശോധിക്കാനും നാട്ടുകാരും കോളജ് ഭാരവാഹികളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാനും തോടന്നൂരിലും ചെരണ്ടത്തൂരിലും രണ്ടു ജനകീയ കമ്മിറ്റികള്‍ രൂപീകരിച്ചു.
സര്‍വകക്ഷിയോഗ തീരുമാനങ്ങള്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി വിശദീകരിച്ചു. യുവജനങ്ങളെയും വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ച് ഇന്നു വൈകിട്ട് അഞ്ചിന് തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ യോഗം ചേരും. യോഗത്തിനു ശേഷം കോളജ് തുറക്കുന്ന തിയതി തീരുമാനിക്കും. സംഭവത്തില്‍ കോളജ് അധ്യാപകരെയും പ്രതിചേര്‍ക്കണമെന്ന് ആക്ഷന്‍ കമ്മിറ്റിയംഗങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. അതേസമയം, സംഭവം കൈകാര്യംചെയ്തതിലുള്ള അശ്രദ്ധമൂലമാണു ദുരന്തമുണ്ടായതെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.
സംഭവത്തില്‍ നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം നടത്തുമെന്ന് എസ്.പി അറിയിച്ചു. ആറു വിദ്യാര്‍ഥികളെ പിടികൂടിയിട്ടുണ്ട്. എന്നാല്‍ ഒന്നാംപ്രതി ഇപ്പോഴും ഒളിവിലാണ്. മൂന്ന് അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ടെന്നും എസ്.പി പറഞ്ഞു. യോഗത്തില്‍ എ. മോഹനന്‍, എം. ജയപ്രഭ, ആര്‍. ബാലറാം, ടി.കെ അഷ്‌റഫ്, അച്ചുതന്‍ പുതിയെടുത്ത്, എഫ്.എം മുനീര്‍, ടി.കെ ഇസ്ഹാഖ്, സി.വി ഹമീദ്, സഹദ്, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി സുരേന്ദ്രന്‍, പയ്യോളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആധേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."