ആത്മഹത്യയുടെ മുന്നില്‍ നിന്നും പ്രവാസ ലോകത്തേക്ക് താജുദ്ധീന്‍...
ഓഗസ്റ്റ് മാസം മൂന്നാം തിയതി രാവിലെ 11 മണിക്ക് ഒരു ഫോണ്‍ 'ഷാഹുല്‍ക്കാ ഞാന്‍ കണ്ണൂരില്‍ നിന്നും വിളിക്കുന്നു. എന്റെ ബാപ്പാനെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചിരിക്കുന്നു. ഒരുപാട് ആളുകളുടെ മുന്നില്‍ പോയി ആരും സഹായിച്ചില്ല. കോടതി ജാമ്യാപേക്ഷകള്‍ നിരസിക്കുന്നു. ഞങ്ങളെ സഹായിക്കണം.' 19 വയസ്സായ താജുദ്ധീന്റെ മകന്‍ കരഞ്ഞു കൊണ്ടാണ് വിളിച്ചത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആര്‍മി റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് എന്റെ നമ്പര്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് കിട്ടിയിരുന്നു. എന്റെ ഇളയ ഫ്രണ്ട് കൂടിയാണ്...
എല്ലാ വിവരങ്ങളും വിശദമായി ചോദിച്ചറിഞ്ഞു. ഉടന്‍ ചക്കരക്കല്ല് എസ്.ഐ യുടെ നമ്പറിലേക്ക് വിളിച്ചു. ഞാന്‍ ടി.വി ഇബ്രാഹിം എം.എല്‍.എയുടെ അഡീഷണല്‍ പി.എ ആണെന്നും താജുദ്ധീന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ അറിയാനാണ് വിളിച്ചതും എന്നും പറഞ്ഞു. എസ്.ഐ ബിജു കാര്യങ്ങള്‍ വിശദീകരിച്ചു. 'താജുദ്ധീന്‍ എന്നയാള്‍ ചക്കരക്കല്ല് പ്രദേശത്തെ ഒരു സ്ത്രീയുടെ അഞ്ചര പവന്‍ തൂക്കം വരുന്ന ഒരു മാല സ്‌കൂട്ടറില്‍ വന്ന് പൊട്ടിച്ചുപോയെന്നും. സി.സി.ടി.വി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണന്നും സംഭവ സ്ഥലത്തു നിന്നും കിട്ടിയ അറുപതോളം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഇയാള്‍ തന്നെ പ്രതി എന്ന് പോലീസിന് മനസ്സിലായെന്നും, ഇയാളുടെ മക്കളും ഭാര്യയും ഫോട്ടോ തിരിച്ചറിഞ്ഞെന്നും പറഞ്ഞു ' വീണ്ടും താജുദ്ധീന്റെ മകനെ വിളിച്ചു സംസാരിച്ചു ഭാര്യയോടും മക്കളോടും കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി.. കരച്ചിലിനിടയില്‍ പലതും മനസ്സിലായില്ല.. താജുദ്ധീന് അബദ്ധം പറ്റിക്കാണുമോ..? സംശയം എന്നിലും ഉണ്ടായി...
സംശയം തീര്‍ക്കാന്‍ വീണ്ടും എസ്.ഐയെ വിളിച്ചു.' നിങ്ങള്‍ ഉത്തരവാദിത്ത സ്ഥാനത്ത് ഇരിക്കുന്ന ആളുകള്‍ ഇതുപോലുള്ള കേസുകളില്‍ ബന്ധപ്പെട്ടാല്‍ മോശമാണെന്നും ഇയാള്‍ തന്നെ പ്രതി. മറ്റു കേസുകളിലും ഇയാള്‍ പ്രതിയാണെന്നും പോലീസ്. 'തൊണ്ടി മുതല്‍ കിട്ടിയോ? കൃത്യം നടത്തിയ വാഹനം കിട്ടിയോ? ഫോണ്‍ ലൊക്കേഷനുകള്‍ നോക്കിയോ? എല്ലാം പരിശോധിച്ചു.. തൊണ്ടി മുതലും വാഹനവും ഉടന്‍ കണ്ടെടുക്കും... അപ്പോള്‍ ഞാനും തീരുമാനിച്ചു.. താജുദ്ധീന് തെറ്റുപറ്റി.. എന്നാല്‍ വീണ്ടും ആ മക്കളുടെ കണ്ണീരോടെയുള്ള വിളി.. അത് കേട്ടില്ലെന്നു നടിക്കാന്‍ കഴിഞ്ഞില്ല... നിക്കാഹ് കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ നടന്ന ഈ സംഭവം ആ കുടുംബത്തെ കണ്ണീരിലാഴ്ത്തി.
വെറും മൂന്നു ദിവസം മാത്രം പരിചയമുള്ള തന്റെ മകളുടെ ബന്ധു വീട്ടുകാര്‍ (ഭര്‍ത്താവിന്റെ കുടുംബം) ഒരു നിമിഷം സംശയിച്ചു. താന്‍ നിക്കാഹ് കഴിച്ച പെണ്ണിന്റെ ഉപ്പ ഒരു കള്ളന്‍ എന്ന് നാട്ടുകാരും പത്രങ്ങളിലും ചാനലുകളിലും വാര്‍ത്ത വന്നു. ആ കുടുംബത്തിന് ഒരുപാട് ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം കിട്ടാതെ നിസ്സഹായയായി നില്‍ക്കേണ്ടി വന്നു. ഏതൊരാളുടെയും സ്വപ്‌നമാണ് വിവാഹം.. ആ യുവാവിന് വീട്ടുകാരുടെയും ബന്ധുക്കളുടേയും കൂട്ടുകാരുടെയും നാട്ടുകാരുടേയും സംശയ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും ഉത്തരം കിട്ടിയില്ല.. ഞാന്‍ അയാളെ വിളിച്ചു.. സമാധാനപ്പെടുത്തി. കൂടെ ഉണ്ടാവുമെന്ന് വാക്ക് കൊടുത്തു. തന്റെ ഭാര്യയുടെ ഉപ്പയെ ആദ്യമായി ജയിലില്‍ വെച്ച് കാണേണ്ടി വന്ന കരളലിയിപ്പിക്കുന്ന കഥ ആ യുവാവ് പറഞ്ഞപ്പോള്‍ മനസ്സൊന്നു പിടഞ്ഞു.. സത്യം തേടി ഇറങ്ങാന്‍ തീരുമാനിച്ചു. എങ്കിലും താജുദ്ധീന് അബദ്ധം പറ്റിക്കാണുമോ എന്നൊരു ചോദ്യം മനസ്സില്‍ എപ്പോഴും ചോദിക്കുന്നുണ്ടായിരുന്നു.
വിഷയം എന്റെ എം.എല്‍.എ ടി.വി ഇബ്രാഹിം സാറിന്റെ മുന്നില്‍ അവതരിപ്പിച്ചു. എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്ക് ഒരു കത്തു കൊടുക്കാം എന്ന് പറഞ്ഞു. ഞാനും എം.എല്‍.എയും മുഖ്യമന്ത്രിയുടെ വീട്ടില്‍ പോയി വിശദമായി കാര്യങ്ങള്‍ പറഞ്ഞു. അന്വേഷിക്കാം എന്ന മറുപടിയും കിട്ടി..
താജുദ്ധീന്റെ മക്കളോടും ഭാര്യയോടും ഒരു പത്രസമ്മേളനം നടത്താന്‍ ആവശ്യപ്പെട്ടതിന്‍ പ്രകാരം വാര്‍ത്താ സമ്മേളനം നടത്തി.. എന്നാല്‍ പോലീസ് ഭാഷ്യം കേട്ട മാധ്യമ സുഹൃത്തുക്കള്‍ തെറ്റിദ്ധരിച്ചു. പലരും പോലീസിന്റെ വാക്കുകള്‍ക്ക് വില കൊടുത്തു. (പോലീസ് പറയുന്നത് കേട്ടാല്‍ വിശ്വസിച്ചു പോവും). കണ്ണൂരിലെ രാഷ്ട്രീയ നേതാക്കളുടെ വീട്ടില്‍ ഈ കുടുംബം കയറി ഇറങ്ങി, ആരും സഹായിച്ചില്ല. തന്റെ മകളുടെ ഭര്‍ത്താവും അവരുടെ വീട്ടുകാരും പൂര്‍ണപിന്തുണയോടെ ഈ കുടുംബത്തോടൊപ്പം നിന്നു. പിന്നെ ഒരു പരിചയവുമില്ലാത്ത രണ്ട് സുഹൃത്തുക്കളും (അസ്‌ലം, ഷമീം). അവസാനം 54 ദിവസത്തെ പീഡനത്തിന് ശേഷം ഹൈകോടതിയുടെ കര്‍ശന വ്യവസ്ഥയോടെ ജാമ്യം നേടി താജുദ്ധീന്‍ ജയിലില്‍ നിന്നും മോചിതനായി....
ജയില്‍ മോചിതനായ ശേഷം താജുദ്ധീന്‍ എന്നെ ഫോണില്‍ വിളിച്ചു... 'ഞങ്ങള്‍ക്ക് ഇനി ജീവിക്കേണ്ട.. ഒരു കള്ളനായി ജീവിക്കാന്‍ എനിക്ക് വയ്യ.. ഞാന്‍ തെറ്റ് ചെയ്തിട്ടില്ല.. എന്റെ വാക്കുകള്‍ ആരും വിശ്വസിക്കുന്നില്ല.. എന്റെ മക്കളുടെ ഭാവി.. എന്റെ നാട്ടുകാരും കൂട്ടുകാരും ആരും എന്നെ വിശ്വസിക്കുന്നില്ല... ഞാന്‍ കള്ളന്‍ അല്ല.. എന്റെ രണ്ടാം ക്ലാസില്‍ പഠിക്കുന്ന മകന്‍ കള്ളന്റെ മകന്‍ എന്ന് കൂട്ടുകാര്‍ വിളിച്ചതിന്റെ പേരില്‍ രണ്ടു മാസം സ്‌കൂളില്‍ പോയില്ല.. പ്ലസ് ടു കഴിഞ്ഞ മകന്‍ ഡിഗ്രിക്ക് ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ അഡ്മിഷന്‍ കിട്ടിയിട്ട് പോവാന്‍ കഴിഞ്ഞില്ല.. അവന്‍ ഇപ്പോള്‍ വീട്ടില്‍ നിന്നും പുറത്ത് ഇറങ്ങുന്നില്ല.. മകളുടെ ഭാവി.. എന്നും എന്നെ സംശയത്തോടെ ജനങ്ങള്‍ കാണും... ഞങ്ങള്‍ ഒരുപാട് രാഷ്ട്രീയ നേതാക്കളെയും ജനപ്രതിനിധികളേയും കണ്ടു ആരും എന്റെ വാക്കുകള്‍ കേള്‍ക്കുന്നില്ല. ഞങ്ങളെ രക്ഷിക്കണം.. ഇല്ലങ്കില്‍ ഞങ്ങള്‍ ആത്മഹത്യ ചെയ്യും... സഹായിക്കണം' കരഞ്ഞു കൊണ്ട് കേട്ടാല്‍ ആരും കരഞ്ഞു പോവുന്ന നെഞ്ചില്‍ തട്ടിയ വാക്കുകള്‍... എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം.. പിന്നെ ഒന്നും ചിന്തിച്ചില്ല 'നിങ്ങള്‍ ഇന്ന് തന്നെ ഇങ്ങോട്ട് വരുക.. എന്നെ കൊണ്ട് കഴിയുന്നത് ഞാന്‍ ചെയ്യാം 'അവരെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു...
സെപ്തംബര്‍ 18ന് രാവിലെ താജുദ്ധീനും കുടുംബവും തിരുവനന്തപുരത്ത് എം.എല്‍എ ഹോസ്റ്റലില്‍ എത്തി.. പിന്നീട് ആ ഞെട്ടിക്കുന്ന വേദനിക്കുന്ന സത്യം താജുദ്ധീന്‍ വിശദീകരിച്ചു. താജുദ്ധീന്റെ വാക്കുകളില്‍ നിന്നും.
'ഒരു പ്രവാസിയായ ഞാന്‍ ഇരുപത് വര്‍ഷമായി ഖത്തറില്‍ ബിസിനസ് നടത്തിവരുന്നു. മകളുടെ നിക്കാഹിനും മകന്റെ ഉന്നത വിദ്യാഭ്യാസത്തിനുമായി പതിനഞ്ചു ദിവസത്തെ ലീവിന് ജൂണ്‍ 25 നാണ് ഞാന്‍ നാട്ടില്‍ വരുന്നത്. ജൂലൈ എട്ടിനായിരുന്നു മകളുടെ നിക്കാഹ്. ജൂലൈ 10ന് രാത്രി 1.30 ന് ഒരു സല്‍ക്കാരം കഴിഞ്ഞ് ഞാനും കുടുംബവും കാറില്‍ വരുമ്പോള്‍ ചക്കരക്കല്ല് എസ്.ഐ പി ബിജുവും ഒരു സംഘം പോലീസുകാരും എന്നെ അറസ്റ്റ് ചെയ്തു. സമീപത്തു വെച്ചു നടന്ന ഒരു മാല പൊട്ടിച്ചത് ഞാനാണ് എന്ന് പറഞ്ഞായിരുന്നു എന്നെ പിടിച്ചു കൊണ്ടുപോയത്. പിന്നെ എസ്.ഐ എന്നെ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും അസഭ്യം പറഞ്ഞു അപമാനിക്കുകയും ചെയതു. എന്റെ കുടുംബത്തെയും മക്കളെയും ഭീഷണിപ്പെടുത്തി എന്നെ കള്ളനായി ചിത്രീകരിച്ചു. അവസാനം അഞ്ചര പവന്റെ പൈസ കൊടുത്ത് കേസ് ഒതുക്കി തരാം എന്ന് പറഞ്ഞു. നിരപരാധിയായ ഞാന്‍ അതിനു വഴങ്ങിയില്ല. ഇതേ സ്റ്റേഷനിലെ എ.എസ്.ഐ ഉണ്ണികൃഷ്ണന്‍ എന്ന ആളുടെ ബന്ധുവിന്റെ മാലയാണ് മോഷണം പോയത്. പിന്നീട് തെളിവെടുപ്പ് എന്ന് പറഞ്ഞു അഞ്ചു സ്ത്രീകളുടെ അടുത്ത് കൊണ്ടുപോവുകയും അവര്‍ എന്നെ തിരിച്ചറിഞ്ഞു എന്ന് പറഞ്ഞു കോടതിയില്‍ ഹാജരാക്കി. പിന്നീട് മറ്റൊരു പ്രദേശത്തെ മാല മോഷണ കേസിലും പ്രതിയാണെന്ന് പറഞ്ഞു ദൃശ്യപത്ര മീഡിയകളില്‍ വാര്‍ത്ത നല്‍കി. എന്നാല്‍ നാളിതുവരെയായി മോഷ്ടിച്ചു എന്ന് പറയുന്ന തൊണ്ടിമുതലോ കൃത്യം നടത്താന്‍ ഉപയോഗിച്ച വാഹനമോ മറ്റു യാതൊരു തെളിവോ ശേഖരിക്കാന്‍ പോലീസിന് നാളിതുവരെ കഴിഞ്ഞിട്ടില്ല. എന്റെ പാസ്‌പോര്‍ട്ട് കോടതിയിലാണ്. എന്റെ ബിസിനസ് തകര്‍ന്നു. എന്റെ മക്കളുടെ ഭാവി, രണ്ടാം ക്ലാസില്‍ പഠിക്കുന്ന മകന്‍ സ്‌കൂളില്‍ പോയിട്ട് രണ്ടു മാസമായി. മൂത്ത മകനെ ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ എടുക്കാന്‍ വെച്ച പണം പോലീസ് പിടിച്ചെടുത്ത് കോടതിയില്‍ നല്‍കി.. മകന്റെ ഉന്നത വിദ്യാഭ്യാസം മുടങ്ങി. നാട്ടുകാരുടെ ഇടയില്‍ കള്ളനെന്ന പേര്.. എന്റെ ഭാര്യ...കുടുംബം... മക്കള്‍... ഞങ്ങള്‍ ആത്മഹത്യയുടെ വക്കിലാണ്.. ഞങ്ങള്‍ക്ക് നീതി വേണം...' ഈ വാക്കുകള്‍ കേട്ട് അല്പനേരം സ്തംഭിച്ചു പോയി... ഈ സത്യം ജനങ്ങളെ അറിയിക്കാന്‍... താജുദ്ധീന്റെ നീതിക്ക് വേണ്ടി പോരാടാന്‍ തീരുമാനിച്ചു.
വൈകുന്നേരം താജുദ്ധീന്റെ ഈ കാര്യങ്ങള്‍ വെച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റ്. സി.സി.ടി.വി ഫോട്ടോയും താജുദ്ധീന്റെ ഫോട്ടോയും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു. വിഷയം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായി. ബഹു. ടി വി ഇബ്രാഹിം എംഎല്‍എ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി തിരുവനന്തപുരത്ത് എത്തി. അപ്പോഴേക്കും സി.സി.ടി.വി യിലെ രൂപ സാദൃശ്യമുള്ള ഒരാളുടെ ഫോട്ടോ കോഴിക്കോട് നിന്നും ഒരാള്‍ അയച്ചു തന്നു. ഇയാളെ കുറിച്ച് അന്വേഷണം നടത്തിയതില്‍ നിന്നും വടകര, മുക്കം, മങ്കട പോലീസ് സ്റ്റേഷനുകളില്‍ കേസുള്ള ഇയാള്‍ നിരവധി സമാന കേസുകളില്‍ പ്രതിയാണെന്ന് അറിഞ്ഞു. ഈ സ്റ്റേഷനുകളിലെ എസ്.ഐ മാരെ ബന്ധപ്പെട്ട് ഇയാളുടെ കേസുകളുടെ വിവരങ്ങള്‍ ശേഖരിച്ചു. പിന്നീട് ഇയാളുടെ പേര് ഫെയ്‌സ്ബുക്കില്‍ തിരഞ്ഞു. അതില്‍ നിന്നും കിട്ടിയ ഒരു ഫോട്ടോ യാണ് ഈ കേസിലെ നിര്‍ണായക തെളിവ് ആവുന്നത്. ഇയാളുടെ വലതു കൈയിലെ വളയും ഇടതു കൈയിലെ വാച്ചും തലയിലെ കഷണ്ടിയും സി.സി.ടി.വി ദൃശ്യത്തിലും വ്യക്തമായിരുന്നു.
അന്ന് രാത്രി സംഭവം നേരിട്ട് കണ്ട നിസാമുദ്ദീന്‍ എന്നയാള്‍ ഒമാനില്‍ നിന്നും എന്നെ വിളിച്ചു. 'സംഭവം നടക്കുന്ന സമയം ഞാന്‍ എന്റെ വീട് പണി ആവശ്യാര്‍ത്ഥം വീടിന് പുറത്തു ജോലിക്കാരുമായി നില്‍ക്കുമ്പോള്‍ ഒരു തടിച്ചു കഷണ്ടിയുള്ള ആള്‍ സ്‌കൂട്ടറില്‍ പോവുകയും അല്പനേരം കഴിഞ്ഞു തിരിച്ചു വരുകയും ചെയതു. കുറച്ചു കഴിഞ്ഞു കുറച്ചു ചെറുപ്പക്കാര്‍ ബൈക്കില്‍ വന്ന് പറഞ്ഞു ഒരാള്‍ മാല പൊട്ടിച്ച് കടന്നു കളഞ്ഞെന്ന് പറഞ്ഞു. ഞാനും അവരോടൊപ്പം ഒരുപാട് ദൂരം പോയി. മാല പോയ സ്ത്രീ എന്റെ ഭാര്യ വീടിന്റെ തൊട്ടടുത്ത വീടാണ്. പിന്നീട് താജുദ്ധീനെ തെളിവെടുപ്പിന് കൊണ്ടു വന്നപ്പോള്‍ ഈ വിവരം ഞാന്‍ എസ്.ഐ യോട് പറഞ്ഞു. ഇയാള്‍ അല്ല പ്രതി എന്ന് ഞാന്‍ ഉറപ്പിച്ചു പറഞ്ഞിട്ടും എസ്.ഐ ചെവി കൊണ്ടില്ല.' താജുദ്ധീന്‍ നിരപരാധിയാണന്ന് ബോധ്യപ്പെടാന്‍ ഈ തെളിവ് തന്നെ ധാരാളമായിരുന്നു.
19 ന് രാവിലെ ടി വി ഇബ്രാഹിം എംഎല്‍എ യോടെപ്പം താജുദ്ധീനെയും കൂട്ടി ഡി ജി പി യെ കണ്ടു. തെളിവുകള്‍ ഓരോന്നായി ഡി ജി പിക്ക് മുന്നില്‍ വിശദീകരിച്ചു. സംഭവ സമയം താജുദ്ധീന്‍ മകളെയും കൂട്ടി ബ്യുട്ടീഷനെ കാണാന്‍ പോയതും അതിനു ശേഷം നിക്കാഹിനു പന്തല്‍ ബുക്ക് ചെയ്യാന്‍ പോയതും ഈ സമയം തന്റെ മൊബൈലിലേക്ക് ഫോണ്‍ വന്നതും എല്ലാം.... ഉടന്‍ ഡി ജി പി ക്രൈം ബ്രാഞ്ച് ഐ ജി ശ്രീജിത് ഐ പി എസ് നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയമിച്ചു. പതിനഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി ജി പി ഉത്തരവിട്ടു. വിഷയം മാധ്യമങ്ങള്‍ ഏറ്റെടുത്തു. എംഎല്‍എ പത്ര സമ്മേളനം നടത്തി.
അടുത്ത ദിവസം ചക്കരക്കല്ല് എസ് ഐ യുടെ പത്രസമ്മേളനം. പോലീസിനെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടു എന്ന് പറഞ്ഞു ഒരുപാട് പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നു. എന്റെ പേരിലും കേസ്. താജുദ്ധീന്‍ തന്നെയാണ് പ്രതി.. പോലീസിന് തെറ്റുപറ്റിയിട്ടില്ല. കൂടുതല്‍ ദൃക്‌സാക്ഷികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍.. താജുദ്ധീന് അനുകൂലമായി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക് സംശയം വീണ്ടും. താജുദ്ധീന്‍ തന്നെയാണോ പ്രതി? സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ട ആളുകള്‍ പോസ്റ്റ് പിന്‍വലിച്ചു. എന്ത് പ്രതിസന്ധി വന്നാലും തരണം ചെയ്യാന്‍ തീരുമാനിച്ചു. എംഎല്‍എ യുടെ പൂര്‍ണ പിന്തുണ. താജുദ്ധീന്റെയും യാഥാര്‍ത്ഥ പ്രതിയുടെടെയും മൊബൈല്‍ ഫോണ്‍ ലോക്കേഷന്‍ മറ്റു സാക്ഷികള്‍ എല്ലാം സങ്കടിപ്പിച്ച് ക്രൈം ബ്രാഞ്ച് ഐ ജി ശ്രീജിത് സാര്‍ മുമ്പാകെ ടി വി ഇബ്രാഹിം എംഎല്‍എ താജുദ്ധീനെയും കുടുംബത്തേയും ഹാജരാക്കി മൊഴി എടുത്തു. 6 മണിക്കൂര്‍ നേരം മൊഴി രേഖപ്പെടുത്തി...
ഇരുപത്തിഅഞ്ചു ദിവസം കഴിഞ്ഞിട്ടും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് വന്നില്ല. ഒടുവില്‍ എംഎല്‍എ പ്രതിപക്ഷ നേതാവുമായി ബന്ധപ്പെട്ടു. ഡി ജി പി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 17 ന് എംഎല്‍എ ഡി ജി പി യെ കാണുന്നു. പോലീസിന് വീഴ്ച്ച പറ്റി. താജുദ്ധീന്‍ നിരപരാധി... ചക്കരക്കല്ല് എസ് ഐ ക്കെതിരെ നടപടി എടുക്കാന്‍ കണ്ണൂര്‍ എസ് പി ക്ക് ഡി ജി പി നിര്‍ദേശം നല്‍കി. ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത 56000 രൂപയും പാസ്‌പോര്‍ട്ടും തിരിച്ചു കൊടുക്കാന്‍ നിര്‍ദേശം. മാധ്യമങ്ങളിലൂടെ ഈ സന്തോഷം ഞങ്ങള്‍ ലോകത്തെ അറിയിച്ചു.
ഒരു രണ്ടാം ജന്മം ആയിരുന്നു താജുദ്ധീന്‍ എന്ന മനുഷ്യന്. അത് വരെ കള്ളന്‍ എന്ന് മുദ്ര കുത്തിയ... നാട്ടുകാരെല്ലാം സംശയത്തോടെ കണ്ട ആ കുടുംബം സന്തോഷം കൊണ്ട് പൊട്ടി കരഞ്ഞു. സുഹൃത്തുക്കളും നാട്ടുകാരും ഖേദപ്രകടനവുമായി വന്നു. സര്‍വ്വ ശക്തനായ സര്‍വ്വേശ്വരനോട് നന്ദി പറഞ്ഞ് ഞാനും ഒരുപാട് സന്തോഷിച്ചു. എന്നാല്‍ എസ് ഐ ക്ക് നടപടി ഉണ്ടായില്ല. വീണ്ടും ഇടപെടലുകള്‍ നടന്നു. പിന്നീട് മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ല കമ്മറ്റി പ്രതിഷേധ ധര്‍ണ്ണ സങ്കടിപ്പിച്ചു. പിന്നീട് എസ് ഐ ക്ക് പേരിനൊരു സ്ഥലം മാറ്റം. താജുദ്ധീന്റെ പണവും പാസ്‌പോര്‍ട്ടും കോടതിയില്‍ നിന്നും തിരിച്ചു കിട്ടി. ഇനി നീതിക്കായി ഉളള പോരാട്ടമാണ്.......
ഈ കേസില്‍ ഇടപെടുമ്പോള്‍ ഒരു ലക്ഷ്യമേ മനസ്സില്‍ ഉണ്ടായിരുന്നത്. താജുദ്ധീന്റെ അഭിമാനം സംരക്ഷിക്കുക... ഇദ്ദേഹത്തെ സമൂഹത്തിന് മുന്നില്‍ അപമാനിച്ച...കള്ളന്‍ എന്ന് മുദ്രകുത്തി പീഡിപ്പിച്ച പോലീസുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുക.. ഇയാള്‍ക്ക് നഷ്ടപ്പെട്ട അഭിമാനത്തിന് അര്‍ഹമായ നഷ്ടപരിഹാരം വാങ്ങി കൊടുക്കുക. ഈ കേസില്‍ ഇടപെട്ടത് മുതല്‍ ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വന്നു. പലരും പേടിപ്പിച്ചു. താജുദ്ധീന്‍ ഒരുപക്ഷേ കള്ളന്‍ ആണെങ്കില്‍ എംഎല്‍എ അപമാനിതനാവും എന്ന ഭീഷണി ചെറിയ ഒരു ഭയം ഉളവാക്കി. എങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ഈ വിഷയം മാത്രമായിരുന്നു. പ്രിയപ്പെട്ട എന്റെ എംഎല്‍എ ടി വി ഇബ്രാഹിം സാറിന്റെ ഇടപെടലുകള്‍ ഒന്ന്‌കൊണ്ട് മാത്രമാണ് ഈ സത്യം.. പുറംലോകം അറിഞ്ഞത്... ഒരു നിരപരാധിയായ മനുഷ്യന്‍.... ഇനി ആര്‍ക്കും ഈ അവസ്ഥ ഉണ്ടാവാതിരിക്കട്ടെ.... ഇത് കൊണ്ട് അവസാനിക്കുന്നില്ല... താജുദ്ധീനെ കള്ള കേസില്‍ കുടുക്കിയ എസ് ഐ യെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടണം...... അര്‍ഹമായ നഷ്ടപരിഹാരം വാങ്ങി കൊടുക്കണം....... എന്ത് പ്രതിസന്ധി ഉണ്ടായാലും കൂടെ ഉണ്ടാവും...........
ഷാഹുല്‍ മണ്ണാര്‍ക്കാട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."