നാദാപുരത്തെ മാവേലി മെഡിക്കല്‍ ഷോപ്പ് അടച്ചുപൂട്ടല്‍ ഭീഷണിയില്‍
നാദാപുരം: താലൂക്ക് ആശുപത്രിയിലെ സിവില്‍ സപ്ലൈസിനു കീഴിലുള്ള മാവേലി മെഡിക്കല്‍ ഷോപ്പ് അടച്ചുപൂട്ടല്‍ ഭീഷണിയില്‍. മരുന്നുകള്‍ ആവശ്യത്തിന് സ്റ്റോക്കില്ലാത്തതാണ് മെഡിക്കല്‍ ഷോപ്പിനെ പ്രതിസന്ധിയിലാക്കുന്നത്. അത്യാവശ്യത്തിനുള്ള മരുന്നുപോലും ഇവിലെ ലഭ്യമല്ലാത്തതിനാല്‍ സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് അധികവില നല്കി വാങ്ങേണ്ട അവസ്ഥയിലാണു രോഗികള്‍.
സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നു ലഭിക്കുന്നതിനേക്കാള്‍ പത്തുമുതല്‍ 40 ശതമാനം വരെ വിലക്കുറവിലാണ് ഇവിടെ നിന്നു രോഗികള്‍ക്കു മരുന്നുകള്‍ ലഭിച്ചിരുന്നത്. ആശുപത്രി ഫാര്മസിയിലില്ലാത്ത മരുന്നുകള്‍ ഇവിടെ നിന്നു വിലക്കുറവില്‍ ലഭിക്കുന്നതു സാധാരണക്കാര്‍ക്കു വലി ആശ്വാസമായിരുന്നു. ആവശ്യത്തിനുള്ള മരുന്ന് സ്റ്റോക്ക് ചെയ്യാതെ സിവില്‍ സപ്ലൈസ് വകുപ്പ് നടത്തുന്ന ഒളിച്ചുകളിയാണ് മെഡിക്കല്‍ ഷോപ്പിനെ പ്രതിസന്ധിയിലാക്കുന്നതെന്നാണു നാട്ടുകാര്‍ ആക്ഷേപിക്കുന്നത്.
പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ള സാംക്രമികരോഗങ്ങളുമായി ദിവസവും നൂറുകണക്കിനു രോഗികളാണ് നാദാപുരം താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ക്ലിനിക്കുകളിലും എത്തുന്നത്. എന്നാല്‍, സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നു രോഗികള്‍ അധികവിലക്കു മരുന്നുകള്‍ വാങ്ങേണ്ടി വരുമ്പോഴും നീതി മെഡിക്കല്‍ ഷോപ്പിന്റെ ദുരവസ്ഥയ്ക്കു പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ കാണിക്കുന്ന അനാസ്ഥയില്‍ നാട്ടുകാര്‍ വന്‍ പ്രതിഷേധത്തിലാണ്.
നീണ്ടകാലത്തെ മുറവിളിക്കും സമരങ്ങള്‍ക്കുമൊടുവില്‍ 2009ല്‍ ബിനോയ് വിശ്വം മന്ത്രിയായിരുന്ന സമയത്താണ് ആശുപത്രിയില്‍ മെഡിക്കല്‍ ഷോപ്പിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. മരുന്നുകള്‍ സൂക്ഷിക്കാനുള്ള ആധുനിക സംവിധാനങ്ങള്‍ ഇവിടെയുണ്ടെങ്കിലും ഉപയോഗം നിലച്ചതിനാല്‍ ലക്ഷങ്ങള്‍ വിലയുള്ള ഉപകരണങ്ങള്‍ തുരുമ്പെടുത്തു നശിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."