പൊറ്റിലത്തറയിലെ തീപിടിത്തത്തിന് പിന്നില്‍ കവര്‍ച്ചാ സംഘം വാഹനങ്ങള്‍ക്ക് തീയിട്ടത് ചെമ്പുകമ്പി മോഷ്ടിക്കാന്‍
തിരൂര്‍: പൊലിസ് ലൈനിന് സമീപം പൊറ്റിലത്തറയിലെ ട്രെഞ്ചിങ് ഗ്രൗണ്ടില്‍ കൂട്ടിയിട്ട തൊണ്ടിവാഹനങ്ങള്‍ തീപിടിച്ച് നശിച്ചതിന് പിന്നില്‍ കവര്‍ച്ചാസംഘം. വാഹനങ്ങളിലെ വിലപിടിപ്പുള്ള ബാറ്ററികള്‍ എടുത്തുമാറ്റിയതിന് ശേഷം തീയിട്ട് ചെമ്പുകമ്പികള്‍ മോഷ്ടിക്കുകയായിരുന്നു മോഷ്ടാക്കള്‍.
കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ടംഗ സംഘത്തെ പൊലിസ് ചോദ്യം ചെയ്തപ്പോഴാണ് ചെമ്പു കമ്പികളും ബാറ്ററികളും മോഷ്ടിക്കാന്‍ തൊണ്ടി വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ചതാണെന്ന് വ്യക്തമായത്. തിരൂര്‍ പൊലിസ് സ്‌റ്റേഷന്‍ പരിസരത്ത് മണക്കടത്ത് കേസില്‍ അടക്കം പിടിച്ചിട്ട ലോറികള്‍ അടക്കമുള്ള തൊണ്ടി വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സ്ഥലമില്ലാത്തതിനാലാണ് പൊറ്റിലത്തറ ട്രെഞ്ചിങ് ഗ്രൗണ്ടിലേക്ക് മാറ്റിയത്.
ഇവിടെ വര്‍ഷങ്ങളായി തൊണ്ടി വാഹനങ്ങള്‍ ആരുടെയും ശ്രദ്ധയില്ലാതെ കുന്നുകൂടി കിടക്കുകയാണ്. ആള്‍പെരുമാറ്റം കുറഞ്ഞ മേഖലയായതിനാല്‍ പ്രദേശം നേരത്തെ തന്നെ സാമൂഹിക വിരുദ്ധരുടെ താവളമായിരുന്നു. ഇതിനിടയിലാണ് തൊണ്ടി വാഹനങ്ങളുടെ ടയറുകളും ബാറ്ററികളും ചെമ്പുകമ്പികളും വ്യാപകമായി മോഷണം പോയത്. എന്നാല്‍ ഇക്കാര്യം പൊലിസ് അടക്കം ആരും അറിഞ്ഞിരുന്നില്ല.
വാഹനമോഷണക്കേസില്‍ രണ്ടംഗ മോഷണ സംഘത്തെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് തൊണ്ടിവാഹനങ്ങളില്‍ നിന്നുള്ള മോഷണം പുറംലോകമറിഞ്ഞത്. ചെമ്പുകമ്പികള്‍ക്ക് നല്ല വിലയുള്ളതിനാല്‍ പ്രതികള്‍ വാഹനങ്ങള്‍ തന്നെ തീയിടുകയായിരുന്നു. തീപിടുത്തത്തില്‍ അന്ന് 29 ഓളം വാഹനങ്ങള്‍ കത്തിനശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."