പുരുഷന്‍മാരില്‍ അമേരിക്ക; വനിതകളില്‍ ജമൈക്ക
ദോഹ: 10 വര്‍ഷത്തിന് ശേഷം പുരുഷന്‍മാരുടെ 4-100 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടി അമേരിക്ക. 2017ലെ ചാംപ്യന്‍ഷിപ്പ് ജേതാക്കളായ ബ്രിട്ടനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അമേരിക്കയുടെ സുവര്‍ണനേട്ടം. ലോകോത്തര താരങ്ങളായ ക്രിസ്റ്റ്യന്‍ കോള്‍മാന്‍, ജസ്റ്റിന്‍ ഗാട്ട്‌ലിന്‍, റോജേഴ്‌സ്, നോഹ് ലൈലിസ് എന്നിവരടങ്ങിയ ടീം 37.10 സെക്കന്‍ഡോടെ മത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ ബ്രിട്ടന് പൂര്‍ത്തിയാക്കാന്‍ 37.36 സെക്കന്‍ഡ് വേണ്ടിവന്നു. 2017ലെ വെങ്കലനേട്ടം ജപ്പാന്‍ (37.43) ഇത്തവണയും ആവര്‍ത്തിച്ചു.
2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ ലോക റെക്കോര്‍ഡ് തീര്‍ത്ത ജമൈക്കയ്ക്ക് (36.84) പിന്നിലെ രണ്ടാമത്തെ അതിവേഗ സമയമാണ് അമേരിക്ക കുറിച്ചത്. 2015ലെ ലോക റിലേയില്‍ കുറിച്ച 37.38 സെക്കന്‍ഡ് എന്ന ദേശീയ റെക്കോര്‍ഡ് മറികടക്കാന്‍ ഇതോടെ അമേരിക്കയ്ക്കായി. 2015ലെ ചാംപ്യന്‍ഷിപ്പ് ഫൈനലിലും 2016ലെ ഒളിംപിക്‌സ് ഫൈനലിലും അമേരിക്കയ്ക്ക് യോഗ്യത നേടാനായിരുന്നില്ല. ആദം ജമിലി, ഷാര്‍നെല്‍ ഹ്യൂഗ്‌സ്, റിക്കാര്‍ട്ട് കില്‍റ്റി, മിച്ചല്‍ ബ്ലെയ്ക്ക് എന്നിവരാണ് ബ്രിട്ടനായിറങ്ങിയത്.
വനിതകളില്‍ ജമൈക്കന്‍ ആധിപത്യമാണ് ട്രാക്കില്‍ കണ്ടത്. 2017ലെ ചാംപ്യന്‍ഷിപ്പില്‍ കൈവിട്ട സ്വര്‍ണം ടീം ദോഹയില്‍ തിരിച്ചുപിടിക്കുകയായിരുന്നു. അന്നിറങ്ങിയ താരങ്ങളില്ലാതെ, 100 മീറ്ററില്‍ സ്വര്‍ണം നേടിയ ഷെല്ലി ആന്‍ ഫ്രേസര്‍, നടാലിയ വൈറ്റ്, ജോനിയല്‍ സ്മിത്ത്, ഷെറീക്ക ജാക്‌സന്‍ എന്നിവരടങ്ങുന്ന ടീം 41.44 സെക്കന്‍ഡ് കൊണ്ട് പൂര്‍ത്തിയാക്കിയാണ് സ്വര്‍ണം ഉയര്‍ത്തിയത്. 2017ല്‍ സ്വര്‍ണമുയര്‍ത്തിയ അമേരിക്ക വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടപ്പോള്‍ ബ്രിട്ടന്‍ വെള്ളിമെഡല്‍ നേട്ടം നിലനിര്‍ത്തി.
200ലെ ചാംപ്യന്‍ ദിന ആഷര്‍ സ്മിത്ത് ഉള്‍പ്പെടെ മത്സരിച്ച ബ്രിട്ടന്‍ സീസണിലെ മികച്ച സമയം കണ്ടെത്തിയാണ് (41.85 സെക്കന്‍ഡ്)രണ്ടാമതെത്തിയത്. സീസണ്‍ ബെസ്റ്റോടെയായിരുന്നു അമേരിക്കയുടെ (42.10) മൂന്നാം സ്ഥാനനേട്ടം.
ഗോപിക്ക് 21ാം സ്ഥാനം
പുരുഷ മാരത്തണില്‍ മത്സരിച്ച ഏഷ്യന്‍ ചാംപ്യനും മലയാളി താരവുമായ തോന്നയ്ക്കല്‍ ഗോപിക്ക് 21ാം സ്ഥാനം. 55 പേരടങ്ങിയ മാരത്തണില്‍ രണ്ട് മണിക്കൂര്‍ 15 മിനുട്ട് 57 സെക്കന്‍ഡ് കൊണ്ടാണ് താരം മത്സരം പൂര്‍ത്തിയാക്കിയത്.
ഇന്ത്യക്ക്
മെഡലില്ലാതെ മടക്കം
ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഇത്തവണയും മെഡലില്ല. 27 അംഗങ്ങളുമായി പുറപ്പെട്ട ഇന്ത്യന്‍ ടീം നിരാശപ്പെടുത്തി. എങ്കിലും മൂന്ന് ഫൈനലുകളില്‍ ഇടംപിടിച്ച് ഇന്ത്യ 2017ലെ പ്രകടനം മെച്ചപ്പെടുത്തി. പുരുഷന്‍മാരുടെ 3000 മീ. സ്റ്റീപ്പിള്‍ ചേസില്‍ അവിനാഷ് സാബ്ലെ, മലയാളികള്‍ മാത്രമിറങ്ങിയ 4-400 മീറ്റര്‍ മിക്‌സഡ് റിലേ, ജാവലിന്‍ ത്രോയില്‍ അന്നു റാണി എന്നിവരാണ് ഫൈനലില്‍ കടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."