മേപ്പയ്യൂര്‍-കൊല്ലം റോഡ് തകര്‍ന്ന് യാത്ര ദുസഹമായി
മേപ്പയ്യൂര്‍: ടൗണില്‍ നെച്ച്യാടികടവ്-കൊല്ലം റോഡ് പൊട്ടിപ്പൊളിഞ്ഞു താറുമാറായിട്ട് ഏറെ നാളായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നു പരാതി. മഴ തുടങ്ങുന്നതിനു മുന്‍പ് കനാല്‍ തുറന്നതോടെയാണ് റോഡ് ടാറിങ് പൊളിഞ്ഞത്.
ഇരുഭാഗങ്ങളിലും വെള്ളം ഒഴുകിപ്പോകാനുള്ള ഡ്രെയിനേജ് സംവിധാനമില്ലാത്തതിനാല്‍ വെള്ളം റോഡില്‍ കെട്ടിനില്‍ക്കുകയാണ്. മഴ പെയ്തതോടെ വെള്ളം കെട്ടിനിന്ന് റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.
ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്ന സ്ത്രീകളടക്കമുള്ള നിരവധി യാത്രക്കാര്‍ കുഴിയില്‍വീണ് അപകടത്തില്‍പെടുന്നതു പതിവായിരിക്കുകയാണ്. നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന തിരക്കേറിയ റോഡായതിനാല്‍ ഇതുവഴിയുള്ള യാത്ര നാട്ടുകാരുടെ ജീവനു ഭീഷണിയുയര്‍ത്തുകയാണ്. കാല്‍നട യാത്രപോലും ദുസഹമായ സാഹചര്യത്തില്‍ പി.ഡബ്ല്യു.ഡി-പഞ്ചായത്ത് അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."