ഇറച്ചി, മീന്‍, അരി, ഉള്ളി എന്നിവയ്‌ക്കൊക്കെ വന്‍ വിലക്കയറ്റം തൊട്ടാല്‍ പൊള്ളും! ഫാരിസ് പാവിട്ടപ്പുറം
ചങ്ങരംകുളം: ജില്ലയിലെ വിവിധ മേഖലകളില്‍ ഉപഭോക്താക്കുടെ ഉള്ളെരിച്ച് ഉള്ളിക്കടക്കം നിത്യോപയോഗ സാധനങ്ങള്‍ക്കു വില കൂടുന്നു. ചെറിയ ഉള്ളിക്കു ചില്ലറ വില്‍പനശാലകളില്‍ 100 രൂപയ്ക്കു മുകളില്‍വരെ എത്തിയതോടെ മാര്‍ക്കറ്റില്‍ ഇതിന്റെ വരവും കുറഞ്ഞിരിക്കുകയാണ്.
സവാളയുടെ വില മൊത്തവ്യാപാര വിപണിയില്‍ പത്തില്‍നിന്ന് 15 രൂപയായും വര്‍ധിച്ചു. ഉള്ളി കൂടാതെ ജയ അരിക്ക് 35 മുതല്‍ 38 വരെയും സുരേഖ അരിക്ക് 35 മുതല്‍ 37 രൂപ വരെയുമാണ് മൊത്തവ്യാപാര വില. ചില്ലറ വില്‍പനയിലെത്തുമ്പോള്‍ മിക്ക അരികളുടെയും വില അന്‍പതിനും അതിനു മുകളിലുമെത്തും. ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തുന്ന നെല്ലിന്റെ അളവ് കുറഞ്ഞതും വില ഉയര്‍ന്നതുമാണ് അരിവില കൂടാന്‍ കാരണം. നെല്ലിനു കിലോഗ്രാമിനു മൂന്നു രൂപയാണ് ഈയിടെ കൂടിയത്.
കാലി വില്‍പന നിയന്ത്രണവുമായി ബന്ധപ്പെട്ടുണ്ടായ ഇറച്ചി വിലവര്‍ധന തുടരുകയാണ്. പോത്തിറച്ചിക്കു രണ്ടാഴ്ചകൊണ്ട് 40 രൂപയാണ് കൂടിയത്. കോഴിയിറച്ചിക്കു കിലോയ്ക്ക് 25 രൂപവരെ കൂടി. വേനലിലുണ്ടായ ഉല്‍പാദനക്കുറവും നോമ്പുകാലം തുടങ്ങിയതും വിലക്കയറ്റത്തിനു കാരണമായി. ആട്ടിറച്ചി കിലോയ്ക്ക് 100 രൂപവരെ കൂടിയിട്ടുണ്ട്. അയലയ്ക്കും മത്തിക്കും കഴിഞ്ഞ മാസത്തേതിന്റെ ഇരട്ടി വിലയാണിപ്പോള്‍. നെയ്മീന്‍, കരിമീന്‍ എന്നിവയ്ക്കും വില കയറിയിട്ടുണ്ട്. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ യന്ത്രവല്‍കൃത ബോട്ടുകള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തം നിരോധിച്ചതോടെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന മീന്‍ 30 ശതമാനം കുറഞ്ഞു. കേരളത്തിലെ ട്രോളിങ് നിരോധനത്തോടെ വില ഇനിയും ഉയര്‍ന്നേക്കും. പച്ചക്കറി വിളവിറക്കുന്ന കാലത്തു കൊടും വേനലും വിളവെടുപ്പ് സമയത്ത് മഴയുമായതോടെ ഉല്‍പാദനം കുറഞ്ഞതും വിലക്കയറ്റത്തിനു കാരണമായി. മെയ് മാസത്തെ അപേക്ഷിച്ച് എല്ലാ പച്ചക്കറിക്കും 30 ശതമാനത്തിലേറെ വില ഉയര്‍ന്നു. തക്കാളിയും ബീറ്റ്‌റൂട്ടുമാണ് വില കാര്യമായി കൂടാത്ത ഇനങ്ങള്‍. തേങ്ങ വില ഉയര്‍ന്നതോടെ വെളിച്ചെണ്ണയ്ക്കും വില കൂടിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."